ന്യൂഡൽഹി: തീർപ്പു കൽപ്പിക്കാൻ സാധിക്കുന്ന വിഷയങ്ങൾ അധികാരികളുടെ പുനഃപരിശോധനയ്ക്കു കൈമാറുന്ന കോടതികളുടെ പ്രവണതയ്ക്കെതിരേ സുപ്രീംകോടതി.
ഒരു കേസിൽ കോടതിക്ക് തീർപ്പു കൽപ്പിക്കാൻ കഴിയുമെങ്കിൽ നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം അതു നടപ്പാക്കണമെന്ന് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വിഷയം തീർപ്പാക്കാൻ കഴിയാതെ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾക്കോ അധികാരികൾക്കോ കൈമാറുന്പോൾ കേസിന്റെ യഥാർഥ വശം, വീഴ്ച, അധികാരികൾ എന്താണു ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണമെന്നും ബെഞ്ച് നിർദേശിച്ചു. പരാതിക്കാരന്റെ ആവശ്യം നിയമപരവും ന്യായയുക്തവുമാകുന്പോൾ ആശ്വാസം ലഭിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജോലിയിൽ പ്രവേശിക്കുന്പോൾ അണ്‍എയ്ഡഡ് കോളജുകൾക്കുണ്ടായിരുന്ന സർക്കാർ ധനസഹായം പിൻവലിച്ചതിനെത്തുടർന്ന് സംസ്ഥാന ഖജനാവിൽനിന്ന് ശന്പളം നൽകണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം അധ്യാപകർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
2000 മുതൽ വിഷയം അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും തീർപ്പാക്കാതിരുന്നത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഏപ്രിൽ 30ന് മുന്‍പായി കേസിൽ തീർപ്പു കൽപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു നിർദേശിച്ചു.