ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മൗനം വെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷാ നടത്തിപ്പിലെ പൊരുത്തക്കേടുകളുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും ഈ വിഷയത്തിൽ കുറ്റക്കാരായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും അദ്ദേഹം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉറപ്പുനൽകി.
സിബിഎസ്ഇ പരീക്ഷയിലെ ഡിജിറ്റൽ മൂല്യനിർണയ പ്രക്രിയയായ 'ഓൺ സ്ക്രീൻ മാർക്കിംഗ്' സംവിധാനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ക്രമക്കേടുകളും പരാതികളും ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. മങ്ങിയ രീതിയിൽ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ, ചില ഉത്തരങ്ങൾ വിലയിരുത്താതിരിക്കുക, പോർട്ടലുകൾ തകരാറിലാകുക, പണമിടപാട് പ്രശ്നങ്ങൾ, പുനർമൂല്യനിർണയ പ്രക്രിയയിലെ ആശയക്കുഴപ്പങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ ദിവസങ്ങളോളം വ്യാപകമായി പരാതിപ്പെട്ടിരുന്നു.
വിഷയത്തിൽ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ഒഎസ്എം പൊരുത്തക്കേടുകൾ മൂലം വിദ്യാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ മന്ത്രി, നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ സമ്മർദം വർധിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം, ലോകമെമ്പാടും ഉപയോഗിക്കുന്ന ഒന്നാണ് ഡിജിറ്റൽ മൂല്യനിർണയ സംവിധാനമെന്ന് പറഞ്ഞ് അദ്ദേഹം ഈ പ്രക്രിയയെ ന്യായീകരിക്കുകയും ചെയ്തു.
Tags : CBSE Dharmendra Pradhan Latest News