ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റാണെന്ന ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു. ഭഗവന്ത് മൻ രാജ്യത്തെ അപകടത്തിലാക്കാനും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനും ശ്രമിക്കുകയാണെന്ന് ആരോപിച്ച ബിട്ടു, മുഖ്യമന്ത്രിയുടെ നീക്കങ്ങളെ ജനങ്ങൾ 'നിരീക്ഷിക്കണം' എന്നും ആവശ്യപ്പെട്ടു. ഇതോടെ പഞ്ചാബ് രാഷ്ട്രീയം വീണ്ടും കടുത്ത വാക്പോരിലേക്ക് നീങ്ങിയിരിക്കുകയാണ്.
പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനം നടത്തുന്നതിനെ ഭഗവന്ത് മൻ വിമർശിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ഈ വിവാദ പരാമർശം. കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷമായ മറുപടിയുമായി ആം ആദ്മി പാർട്ടി നേതാവ് ബൽതേജ് സിംഗ് പന്നുവും രംഗത്തെത്തി.
"ഭഗവന്ത് മന്നിനെ ഐഎസ്ഐ ഏജന്റ് എന്ന് വിളിക്കുന്ന രവ്നീത് ബിട്ടു, ആദ്യം പുൽവാമ, പഠാൻകോട്ട്, പഹൽഗാം, ഡൽഹി ബോംബ് സ്ഫോടനങ്ങൾക്ക് പിന്നിൽ ആരായിരുന്നുവെന്നും ആ അന്വേഷണങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമാക്കണം. ഭഗവന്ത് മന്നിന് രാജ്യസ്നേഹം തെളിയിക്കാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല," ബൽതേജ് സിംഗ് പറഞ്ഞു.
ഈ ആരോപണത്തിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ഭഗവന്ത് മൻ ഇപ്പോഴും കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തുന്നതും കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുന്നതും എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നും അന്വേഷണം ആരംഭിക്കാത്തതെന്നും ചോദിച്ച രാജ വാറിംഗ്, ഇത് കേവലം വാർത്താ പ്രാധാന്യത്തിനും ടിആർപിക്കും വേണ്ടിയുള്ള രാഷ്ട്രീയ പ്രസ്താവന മാത്രമാണോ എന്നും ചോദ്യമുയർത്തി.
കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ ആറ് എ.എ.പി രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ഭഗവന്ത് മൻ പ്രധാനമന്ത്രിക്കെതിരെയുള്ള ആക്രമണം ശക്തമാക്കിയിരുന്നു. ഇന്ധനം ലാഭിക്കാനും സ്വർണ്ണ വിനിയോഗം കുറയ്ക്കാനും വിദേശയാത്രകൾ ഒഴിവാക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി, സ്വന്തം കാര്യം വരുമ്പോൾ നിരന്തരം വിദേശ പര്യടനങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ധനവില വർദ്ധിപ്പിച്ചതിനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച 'അപ്രഖ്യാപിത ലോക്ക്ഡൗൺ' എന്നാണ് മൻ വിശേഷിപ്പിച്ചത്.
Tags : Bhagwant Mann "ISI Agent" Union Minister Latest News