ന്യൂഡൽഹി: ചൈനയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊരൈസ്വാമി നിലവിൽ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് പുതിയ നിയമനം.
ഡൽഹി സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ദൊരൈസ്വാമി ഒരു വർഷം പത്രപ്രവർത്തകനായി സേവനമനുഷ്ഠിച്ചശേഷമാണ് സിവിൽ സർവീസിലേക്കു തിരിയുന്നത്. സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയശേഷം അദ്ദേഹത്തെ ഹോങ്കോംഗ് ഹൈക്കമ്മീഷനിൽ തേർഡ് സെക്രട്ടറിയായി നിയമിച്ചു.
തുടർന്ന് ചൈനീസ് ഭാഷയിൽ പ്രാവീണ്യം നേടിയ ദൊരൈസ്വാമി 1996 മുതൽ നാലുവർഷം ചൈനീസ് എംബസിയിൽ സേവനമനുഷ്ഠിച്ചു. പിന്നീട് മുൻ പ്രധാനമന്ത്രിമാരായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെയും മൻമോഹൻ സിംഗിന്റെയും പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
ഉസ്ബെക്കിസ്ഥാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡറായും ബംഗ്ലാദേശ്, യുകെ എന്നിവിടങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചു.