ഒഐസിസി കുവൈറ്റ് ’വേണു പൂർണിമ 2025' മേയ് ഒന്പതിന്
അബ്ദുല്ല നാലുപുരയിൽ
Wednesday, May 7, 2025 5:37 AM IST
കുവൈറ്റ് സിറ്റി: ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മേയ് ഒന്പതിന് വൈകുന്നേരം അഞ്ച് മുതൽ ഷുവൈഖ് ഫ്രീ സോൺ കൺവെൻഷൻ സെന്റർ & റോയൽ സ്യുട്ട് ഹോട്ടലിൽ “വേണു പൂർണിമ 2025' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
പരിപാടിയിൽ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കെ.സി. വേണുഗോപാൽ എംപിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര മാധ്യമ വ്യക്തിത്വങ്ങളെ സാക്ഷി നിർത്തി സമർപ്പിക്കുന്നതാണ്.
കെപിസിസി ജനറൽ സെക്രട്ടറിയും കുവൈറ്റ് ചുമതലയുമുള്ള അഡ്വ.അബ്ദുൽ മുതലിബ്, മറിയം ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.
ഒഐസിസി നാഷണൽ കമ്മറ്റിയുടെ കീഴിൽ കേരളത്തിലെ 14 ജില്ലാ കമ്മറ്റികളും യുവജന വിഭാഗം, വനിതാ കമ്മറ്റി ഉൾപ്പെടെ വിവിധ പോഷക സംഘടനകളും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. കുവൈറ്റിൽ മരണപെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ കാലതാമസം കൂടാതെ നാട്ടിലെത്തിക്കാൻ ഒഐസിസി കെയർ ടീമിന് കഴിഞ്ഞിട്ടുണ്ട്.
കെ.സി വേണുഗോപാൽ, വി.എം സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ ഉൾപ്പെടെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ഒഐസിസി കുവൈറ്റുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.