ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കാസര്‍ഗോഡ് സ്വദേശിക്ക് എട്ടര കോടി സമ്മാനം
Friday, May 9, 2025 10:48 AM IST
ദുബായി: ദുബായി ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ കാസര്‍ഗോട്ടുകാരനെ തേടി മഹാഭാഗ്യമെത്തി. ബേഡകം കുണ്ടംകുഴി പുളിരടി സ്വദേശി വേണുഗോപാല്‍ മുല്ലച്ചേരി(52)ക്കാണ് നറുക്കെടുപ്പില്‍ സമ്മാനം.
10 ലക്ഷം ഡോളര്‍ (എട്ടര കോടിയോളം രൂപ) ആണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണുഗോപാല്‍.10 ലക്ഷം ഡോളര്‍ നേടുന്ന 249-ാമത്തെ ഇന്ത്യക്കാരനുമാണ്. യുഎഇയിലെ അജ്മനിലെ കമ്പനിയില്‍ ഐടി സപ്പോര്‍ട്ട് സ്പെഷലിസ്റ്റായി ജോലിചെയ്തു വരികയാണ് വേണുഗോപാല്‍.
മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ വേണുഗോപാല്‍ തിരിച്ചുമടങ്ങവേ ഏപ്രില്‍ 23നു ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍നിന്ന് വാങ്ങിയ 1163 നമ്പര്‍ ടിക്കറ്റാണ് സമ്മാനത്തിനര്‍ഹമായത്. 15 വര്‍ഷമായി താന്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിജയി ആകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
ദുബായി ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം തത്സമയമായി കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇതുവരെയും ആ ഞെട്ടലില്‍നിന്ന് മാറാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
സവിതയാണ് ഭാര്യ. ശിഖ, സൗരവ് എന്നിവരാണ് മക്കൾ. 25 വര്‍ഷത്തിലേറെയായി പലരുടെയും ജീവിതങ്ങള്‍ മാറ്റിമറിച്ചതാണ് ദുബായി ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ്. ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ബിയിലാണ് നറുക്കെടുപ്പ് പ്രഖ്യാപനം നടന്നത്.