ബേല ബജാരിയ
ന്യൂയോർക്ക്: 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ദാന ചടങ്ങിൽ നെറ്റ്ഫ്ലിക്സ് മുൻ ചീഫ് കണ്ടന്റ് ഓഫീസർ ബേല ബജാരിയയ്ക്ക് അഭിമാനകരമായ ഫൗണ്ടേഴ്സ് അവാർഡ് സമ്മാനിച്ചു. പ്രശസ്ത നടി കെറി റസലാണ് പുരസ്കാരം നൽകിയത്.
പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ, 1970-കളുടെ അവസാനത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ തന്റെ ബാല്യകാല ഓർമകൾ ബജാരിയ പങ്കുവച്ചു.
ഒരു കുടിയേറ്റക്കാരിയെന്ന നിലയിൽ അമേരിക്കൻ സംസ്കാരവുമായി ഇഴുകിച്ചേരാൻ തന്നെ സഹായിച്ചത് ടെലിവിഷൻ പരിപാടികളാണെന്നും അതാണ് വിനോദ വ്യവസായ മേഖലയിലേക്ക് കടന്നുവരാൻ തനിക്ക് പ്രചോദനമായതെന്നും അവർ പറഞ്ഞു.
പ്രാദേശിക ഭാഷകളിലും സംസ്കാരങ്ങളിലുമുള്ള കഥകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.
സഞ്ജയ് ലീല ബൻസാലി, ഷോണ്ട റൈംസ്, ഡേവിഡ് ബെക്കാം തുടങ്ങി ലോകപ്രശസ്തരായ നിരവധി കലാകാരന്മാരുടെ വീഡിയോ സന്ദേശങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.
തന്നെ നിർഭയയായി ജീവിക്കാൻ പഠിപ്പിച്ച അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ബേല ബജാരിയ നന്ദി രേഖപ്പെടുത്തി.
Tags : BelaBajaria InternationalEmmyAward NRINews USA