കൊളംബസ്, ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വർഷത്തെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. സെപ്റ്റംബർ 6ന് വൈകുന്നേരം 4.30ന് തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാന നടന്നു. വരാനിരിക്കുന്ന പ്രധാന തിരുനാൾ ദിനത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുള്ള ഒരുക്കമെന്ന നിലയിൽ, തിരുനാൾ കുർബാനയുടെ അതേ ലിറ്റർജി ക്രമം പാലിച്ചാണ് ഞായറാഴ്ചത്തെ ഈ പ്രത്യേക കുർബാന അർപ്പിക്കപ്പെട്ടത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിന്റെ മധ്യഭാഗത്തുനിന്നും ആരംഭിച്ച് പ്രധാന വാതിലിലൂടെ പുറത്തേക്ക് കൊടിയേറ്റ് കർമത്തിനായുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു. ജിൻസൺ വഹിച്ച പ്രധാന കുരിശിനും, എബൽ, ജോസഫ് എന്നിവരുടെ മെഴുകുതിരികൾക്കും പിന്നിലായി വിശ്വാസസമൂഹവും അണിനിരന്നു.
തുടർന്ന് ധൂപക്കുറ്റിയുമായി ഐൻസ്റ്റീൻ, ജോനാഥൻ എന്നിവരും, അവർക്ക് പിന്നിലായി മിഷേൽ, മാർട്ടിൻ എന്നിവരും, ഏറ്റവും ഒടുവിൽ മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായിയും പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്ന് കൊടിമരത്തിന് മുന്നിലെത്തിയ ശേഷം മിഷൻ ഡയറക്ടർ കൊടിയേറ്റ് കർമം നിർവഹിച്ചു.
കർമങ്ങൾക്ക് ശേഷം ഇടവക സമൂഹം ഒന്നാകെ പങ്കെടുത്ത സ്നേഹവിരുന്നും (ചായയും ലഘുഭക്ഷണവും) ക്രമീകരിച്ചിരുന്നു. പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 13ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിലേക്കും മറ്റ് പരിപാടികളിലേക്കും ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി മിഷനുവേണ്ടി പി.ആർ.ഒ സുജ ആന്റണി അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Devout start to feast at Columbus