റിയാദ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് കേളി കലാ സാംസ്കാരിക വേദി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടന്നതെന്ന് കേളി പ്രസ്താവനയിൽ ആരോപിച്ചു.
ഇത്തരം നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യാമോഹിക്കേണ്ടതില്ലെന്നും രാഷ്ട്രീയ പ്രതിയോഗികളെ ദുർബലപ്പെടുത്തുന്നതിനായി കേന്ദ്ര ഏജൻസികളെ ആയുധവത്കരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നയസമീപനമെന്നും പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസിന്റെ എല്ലാവിധ സഹായ സഹകരണത്തോടെയുമാണ് ബിജെപി പിണറായി വിജയനെ ലക്ഷ്യമിടുന്നതെന്ന കാര്യത്തിൽ തർക്കമില്ലെന്നും അതിനായാണ് രാഹുൽ ഗാന്ധി നിരന്തരം കേരളത്തിൽ വന്ന് "എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല' എന്ന് ചോദിച്ച് പ്രസംഗിച്ചതെന്നും കേളി ആരോപിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടികൾ ഉണ്ടായതെന്നും അതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
സിപിഐഎം നേതാക്കളായ തോമസ് ഐസക്, എ.സി. മൊയ്ദീൻ എന്നിവർക്ക് നേരെ ഉണ്ടായ ഇഡിയുടെ നടപടികളിൽ പാർട്ടി ശക്തമായ പ്രതിരോധം ഉയർത്തിയതിനെ കേരള ജനത കണ്ടറിഞ്ഞതാണെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുമ്പോൾ ബിജെപി പാളയത്തിൽ അഭയം തേടുന്ന കോൺഗ്രസ് നേതാക്കളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടതെന്നും കേളി ആരോപിച്ചു.
പിണറായി വിജയന് നേരെയുള്ള ഈ നടപടിയെ പാർട്ടിക്കെതിരായ ആക്രമണമായാണ് കേളി കാണുന്നതെന്നും സംഘപരിവാറിന് അനുകൂല നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം വൈകാതെ രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടി വരുമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Tags : ED Raid Pinarayi Vijayan Keli