ഡാളസ്: ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാള്‍ മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ദിവസങ്ങളിൽ നടത്തപ്പെടും.
ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സസിലുള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയവുമാണ്.
ഞായറാഴ്ച രാവിലെ 9.15നു പ്രഭാത നമസ്കാരവും വി. കുർബാനയ്ക്കും ശേഷം 11.45യോടുകൂടി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പയുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റത്തോടെ കൂടി പെരുന്നാളിന് തുടക്കം കുറിച്ചു.
.jpg1777376440.jpg)
പെരുന്നാളിനോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ "സൊഹദോ കാദീശോ" (വിശുദ്ധ രക്തസാക്ഷി) എന്ന ആൽബത്തിന്റെ ടീസർ പ്രകാശനം ചടങ്ങിൽ വച്ച് ഇടവക വികാരി നിർവഹിച്ചു.
റവ. ഫാ. തോമസ് മാത്യു രചനയും ജോജോ ജോർജ് സംവിധാനവും നിർവഹിച്ച ഈ ആൽബം ആലപിച്ചിരിക്കുന്നത് ഇടവക ഗായകസംഘമാണ്. പെരുന്നാൾ ദിവസം ആൽബം പൂർണരൂപത്തിൽ പ്രകാശനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ "കാർട്ടർ ബ്ലഡ് കെയറുമായി' സഹകരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

കേരളീയ തനിമയിൽ നടത്തിയ കൊടിമര ഘോഷയാത്ര പ്രവാസി മലയാളികൾക്കും വിശ്വാസികൾക്കും നൊസ്റ്റാൾജിക് ആയ ഒരു വേറിട്ട അനുഭവമായി മാറി.
ഈ കൊല്ലം പെരുന്നാളിനു മുഖ്യാതിഥിയായി എത്തുന്നത് സൗത്ത്-വെസ്റ്റ് അമേരിക്കൻ ഭദ്രാസന അധിപൻ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപൊലീത്തയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും ന്യൂയോർക്ക് സെന്റ് വ്ലാദിമിർ സെമിനാരി പ്രഫസറും ന്യൂയോർക്ക് ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവക വികാരിയുമായ ഫാ.ഡോ. വർഗീസ് ദാനിയേൽ ആണ്.

മേയ് ഒന്നിന് വെകുന്നേരം 6.45നും മൂന്നിന് ആറിനും സന്ധ്യ പ്രാർഥനയും ഗാനശുശ്രൂഷയെ തുടർന്ന് സുവിശേഷ പ്രഭാഷണം ഉണ്ടായിരിക്കുന്നതുമാണ്. ശനിയാഴ്ച എട്ടിന് അലങ്കരിച്ച വാഹനത്തിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോട് ഭക്തി നിർഭരമായ റാസയും ആശിർവാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.
അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും നാല് മുതൽ ഉണ്ടായിരിക്കുന്നതാണ് എന്ന് ഭരണസമിതി അറിയിച്ചു.

മേയ് നാലിന് രാവിലെ 8.45ന് പ്രഭാത പ്രാർഥനയെ തുടർന്ന് വിശുദ്ധ കുർബാനയും റാസ, നേർച്ചവിളമ്പ് എന്നിവയെ തുടർന്ന് കൊടി ഇറക്കുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാള്‍ ഭക്തിയോടും ഭംഗിയായും കൊണ്ടാടുവാൻ എല്ലാ വിശ്വാസ സമൂഹത്തിന്റെയും പ്രാർഥന ഉണ്ടാകണമെന്നു ഇടവക വികാരി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി രാജൻ ജോർജ്, ട്രഷറർ അലക്സ് പള്ളിവാതുക്കൽ എന്നിവർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പെരുന്നാൾ കൺവീനർ - എബ്രഹാം സി. ചാക്കോ - 214 604 0340.
Tags : Feast Irving St. George Church