ന്യൂയോർക്ക്: റോക്ക്ലാൻഡ് ന്യൂസിറ്റിയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഈ മാസം 25, 26 തീയതികളിൽ ആത്മീയ ഭംഗിയോടും ഭക്തിപൂർവമായ അന്തരീക്ഷത്തോടും കൂടി ആഘോഷിച്ചു.
വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് പെരുന്നാൾ അനുഗ്രഹസമൃദ്ധമായ ഒരു ആത്മീയ സംഗമമായി മാറി.

25ന് വൈകുന്നേരം ഇടവക വികാരി വന്ദ്യ ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ പ്രാർഥനയോടെ പെരുന്നാൾ കൊടിയേറ്റം നടത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.
തുടർന്ന് സന്ധ്യാ പ്രാർഥന, സുവിശേഷ സന്ദേശം, പ്രദക്ഷിണം (റാസ), ആശീർവാദം, സദ്യ എന്നിവ നടന്നു. സുവിശേഷ സന്ദേശം നൽകിയത് റവ. ഫാ. ബെൽസൺ പൗലോസ് കുര്യാക്കോസ് ആയിരുന്നു.

അദ്ദേഹത്തിന്റെ സന്ദേശം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവേകി. വിവിധ ഇടവകളിൽനിന്നായി അനേകം വൈദീകർ ചടങ്ങുകളിൽ പങ്കെടുത്തു.
26ന് നടന്ന പ്രധാന തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചത് അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയാർക്കൽ വികാരിയുമായ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത ആയിരുന്നു. തിരുമേനിക്ക് ഉജ്വലമായ സ്വീകരണം നൽകി.

തുടർന്ന് പ്രഭാത പ്രാർഥനയും തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും അർപ്പിക്കപ്പെട്ടു. അതിഭദ്രാസന വൈദീക സെക്രട്ടറി റവ. ഫാ. ഗീവർഗീസ് ജേക്കബും റവ. ഫാ. വറുഗീസ് കോര പരുത്തുവയലിലും സഹകാർമികരായിരുന്നു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ പ്രത്യേക മദ്ധ്യസ്ഥപ്രാർഥനകളും നടന്നു.

തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി നടന്ന പ്രദക്ഷിണവും ആശീർവാദവും വിശ്വാസികൾക്ക് ആത്മീയ ഉണർവ്വ് പകർന്നു. സമാപനമായി നടന്ന കൊടി ഇറക്കൽ ചടങ്ങും സദ്യയും പെരുന്നാൾ ആഘോഷങ്ങൾക്ക് ഭംഗിയേകി.
ഇടവക വികാരി വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെയും അസോസിയേറ്റ് വികാരി റവ. ഫാ. വിവേക് അലക്സിന്റെയും നേതൃത്വത്തിൽ നടന്ന ഒരുക്കങ്ങൾ ശ്രദ്ധേയമായി.

ഇടവക സെക്രട്ടറി സണ്ണി പൗലോസ്, ട്രഷറർ ലാൻസ് പൗലോസ് എന്നിവരും കമ്മിറ്റി അംഗങ്ങളും മുഴുവൻ ഇടവക വിശ്വാസികളും ചേർന്ന് നടത്തിയ സമർപ്പിത പ്രവർത്തനം പെരുന്നാളിന്റെ വിജയത്തിന് കാരണമായി.
വിവിധ ഇടവകകളിൽ നിന്നുമെത്തിയ വിശ്വാസികളും അതിഥികളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്തു നടത്തിയത് ഡോ. ഷോൺ വെളളവള്ളിൽ, സോണിയ വെളളവള്ളിൽ എന്നിവരോടു ഇടവക പ്രത്യേക നന്ദി രേഖപ്പെടുത്തി.

അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള പെരുന്നാൾ നടത്തിപ്പ് ഏറ്റെടുക്കാൻ ഇടവകാംഗങ്ങൾ മുന്നോട്ടുവന്നത് ഇടവകയുടെ ഐക്യബോധവും ദൃഢമായ വിശ്വാസവും സമർപ്പണ മനോഭാവവും പ്രതിഫലിപ്പിക്കുന്ന അനുഭവമായി മാറി.
വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം വിശ്വാസികളുടെ ജീവിതത്തിൽ പുതുജീവനും ആത്മീയ ശക്തിയും പകർന്ന ഈ പെരുന്നാൾ, ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും മനോഹര സാക്ഷ്യമായി മാറി.
Tags : Feast Newcity St. George Church New York