ഫിലാഡൽഫിയ സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ
ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന രാജ്യാന്തര പ്രസംഗമത്സരത്തിന്റെ നാലാം സീസണിന് ഫിലഡൽഫിയയിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്.
ഓർമ രാജ്യാന്തര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിന്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിന്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്.നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു.
ഓർമയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു. ഓർമ ഇന്റർനാഷനൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ന്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിന്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
24 ന്യൂസിന്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ കൈകോർക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു.
തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിന്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ ഇന്റർനാഷനൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിന്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലഡൽഫിയ പൊലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി.
തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ ഇന്റർനാഷനൽ മാറിയതിൽ അദ്ദേഹം ഓർമ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ രാജ്യാന്തര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു.ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു.
WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ന്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി.
ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലഡൽഫിയ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ ഇന്റർനാഷനൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ രാജ്യാന്തര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു.
വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ രാജ്യാന്തര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു.
ഓർമയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും .
സീസൺ 4ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു.കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലഡൽഫിയയിൽ സീസൺ 4ന്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്.
ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ് കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.എയ്മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസിന് നന്ദി രേഖപ്പെടുത്തി.
Tags : Deepika DeepikaNewspaper BreakingNews Orma Season 4 kicks off in Philadelphia