ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങൾക്ക് നവ്യാനുഭൂതി പകർന്ന് ശ്രീനാരായണ ധർമ പരിപാലന യോഗം മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ രജത ജൂബിലി ആഘോഷങ്ങളായ "ഗുരുദേവ സന്ധ്യ'. മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തിങ്ങി നിറഞ്ഞ ഗുരുദേവ ഭക്തരാണ് ആനന്ദ ഭരിതരായത്.
ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ ജീവിത കഥ, നൃത്ത നാടക രൂപത്തിലൂടെ ഗുരു ബാലകൃഷ്ണ മാരാരുടെ സംവിധാനത്തിൽ "ശ്രീഗുരുദേവൻ' എന്ന പേരിൽ വിഷ്ണുപ്രിയ നാട്യാലയമാണ് അണിയിച്ചൊരുക്കിയത്.
ആഘോഷങ്ങളോടനുബന്ധിച്ചു ശാഖാ സെക്രട്ടറി എസ്.കെ. കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ, സെക്രട്ടറി എ.ഡി. ഓമനക്കുട്ടൻ, ഡൽഹി സർക്കാരിന്റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാൽ, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ.വി. ഹംസ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഏരിയ വൈസ് പ്രസിഡന്റ് കെ.കെ. ഭദ്രൻ, സെക്രട്ടറി ലൈന അനിൽ, പ്രോഗ്രാം കൺവീനർ ആർ ബൈജു പൂവണത്തുംവിള, യൂണിയൻ കൗൺസിൽ അംഗം സി.കെ. പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു. ഐശ്വര്യ ശശി ആയിരുന്നു അവതാരക.
ചടങ്ങിൽ മഹാഗുരു വെളിച്ചമേകിയ സുവർണ പാതയിലൂടെ സഞ്ചരിച്ച 25 വർഷക്കാലത്തെ പ്രവർത്തനങ്ങളടങ്ങിയ സൂവനീർ പ്രകാശനം ചെയ്തു. ചടങ്ങിൽ ശാഖയുടെ മുൻകാല പ്രവർത്തകരായ സി.കെ. പ്രിൻസ്, സന്തോഷ് കുമാർ നാരങ്ങാനം, എം.കെ. മധു, പ്രസാദ് കെ.ജെ. പണിക്കർ എന്നിവരെയും ആദരിച്ചു.
ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു. വിഭവ സമൃദ്ധമായ അത്താഴത്തിനു ശേഷമാണ് പരിപാടികൾ സമാപിച്ചത്.
Tags : gurudeva sandhya mayoor vihar delhi