ബെർലിൻ: ജർമനിയിലെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം തുക കുതിച്ചുയരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ആരോഗ്യ പരിഷ്കരണ നിയമത്തിന്റെ കരട് രേഖയ്ക്ക് ഫെഡറൽ കാബിനറ്റ് അംഗീകാരം നൽകി.
കോടിക്കണക്കിന് യൂറോയുടെ സാമ്പത്തിക ബാധ്യതയിൽ നിന്നും ഇൻഷുറൻസ് കമ്പനികളെ രക്ഷിക്കാനും പൊതുജനങ്ങൾക്ക് മേൽ അധിക പ്രീമിയം ഭാരം വരുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തിര നീക്കമെന്ന് ചാൻസലർ ഫ്രീഡ്രിഷ് മെർസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്കരണമാണിത്. ഏകദേശം 16 ബില്യൺ യൂറോയിലധികം ലാഭിക്കാൻ സഹായിക്കുന്ന ഈ പുതിയ നിയമം വഴി ഇൻഷുറൻസ് തുകകൾ ഇനിയും വർധിക്കുന്നത് തടയാൻ സാധിക്കും എന്ന് ചാൻസലർ പറഞ്ഞു.
ഭരണപക്ഷത്തെ സഖ്യകക്ഷിയായ എസ്പിഡിയുമായി കടുത്ത ചർച്ചകൾക്കൊടുവിലാണ് ഈ ചരിത്ര തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിഷ്കരണത്തിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന് പ്രിസ്ക്രിപ്ഷൻ മരുന്നുകളുടെ വില വർദ്ധനവാണ്.
നിലവിൽ ഡോക്ടർമാർ എഴുതിത്തരുന്ന പ്രിസ്ക്രിപ്ഷൻ മരുന്നുകൾക്ക് ഇൻഷുറൻസ് കമ്പനികൾ വലിയ തോതിൽ സബ്സിഡി നൽകാറുണ്ട്. എന്നാൽ പുതിയ നിയമപ്രകാരം മരുന്നുകൾ വാങ്ങുമ്പോൾ ഇൻഷുറൻസ് ഉള്ളവരും കൈയിൽ നിന്നും കൂടുതൽ തുക നൽകേണ്ടി വരും.
ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കഞ്ചാവ് പൂക്കളും ഹോമിയോപ്പതി മരുന്നുകളും ഇനി മുതൽ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടില്ല. ഇവയ്ക്കുള്ള ചിലവുകൾ ഇൻഷുറൻസ് കമ്പനികൾ നൽകില്ലെന്നാണ് തീരുമാനം.
2028 മുതൽ ജർമനിയിൽ മധുരപാനീയങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തും. ഇതിലൂടെ ലഭിക്കുന്ന 450 മില്യൺ യൂറോ പൊതു ബജറ്റിലേക്ക് പോകാതെ പൂർണ്ണമായും ആരോഗ്യ സംരക്ഷണ-പ്രതിരോധ പദ്ധതികൾക്കായി മാറ്റിവയ്ക്കും.
തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ ഹെൽത്ത് ഇൻഷുറൻസ് തുക ഇത്രയും കാലം ഇൻഷുറൻസ് കമ്പനികളാണ് വഹിച്ചിരുന്നത്. വർഷം 12 ബില്യൺ യൂറോ വരുന്ന ഈ തുക ഇനി മുതൽ ഫെഡറൽ സർക്കാർ നേരിട്ട് നൽകും.
ജോലിയില്ലാത്ത പങ്കാളികൾക്ക് നിലവിലുള്ള പൂർണ്ണ സൗജന്യ ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം വരും. ഇവർക്കായി 2.5 ശതമാനം പ്രീമിയം ഏർപ്പെടുത്തും. ഫാമിലി റീയൂണിയൻ വിസയിൽ ജർമനിയിൽ എത്തുന്ന മലയാളികളെയും ഇത് ബാധിക്കും.
എന്നാൽ ഏഴ് വയസിൽ താഴെ കുട്ടികളുള്ള കുടുംബങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, രോഗികളെ പരിചരിക്കുന്നവർ, പെൻഷൻകാർ എന്നിവർക്ക് ഇതിൽ ഇളവുണ്ടാകും.
ഇൻഷുറൻസ് കമ്പനികളുടെ പരസ്യങ്ങൾ, ഭരണം എന്നിവയ്ക്കുള്ള ചിലവുകൾ വെട്ടിക്കുറയ്ക്കും. കൂടാതെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിലെയും ഡോക്ടർമാരുടെ അസോസിയേഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് പരിധി നിശ്ചയിക്കാനും തീരുമാനമുണ്ട്.
ജർമനിയിൽ ഈ വർഷം മാത്രം ഹെൽത്ത് ഇൻഷുറൻസ് വിഹിതത്തിൽ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. നിലവിലെ അവസ്ഥ തുടർന്നാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക കമ്മി 2027-ലെ 15.3 ബില്യൺ യൂറോയിൽ നിന്നും 2030-ഓടെ 40.4 ബില്യൺ യൂറോയായി കുതിച്ചുയരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
ഇത് തടയാനാണ് സർക്കാർ ഇപ്പോൾ അടിയന്തിരമായി നിയമം നിർമ്മിക്കുന്നത്. എന്നാൽ സർക്കാർ ഇതിനെ ചരിത്രപരമായ പരിഷ്കാരം എന്ന് വിളിക്കുമ്പോൾ, ഇത് വെറുമൊരു വെട്ടിക്കുറയ്ക്കൽ മാത്രമാണെന്നാണ് ജർമൻ മെഡിക്കൽ അസോസിയേഷനും പേഷ്യന്റ് പ്രൊട്ടക്ഷൻ ഫോറങ്ങളും ആരോപിക്കുന്നത്.
ഇതൊരു പരിഷ്കാരമല്ല, മറിച്ച് ഇൻഷുറൻസ് ഉള്ള സാധാരണക്കാരുടെ പോക്കറ്റടിക്കുന്ന വലിയൊരു വെട്ടിച്ചുരുക്കൽ പാക്കേജാണ്. ഇതിന്റെ മുഴുവൻ ഭാരവും രോഗികളുടെ തോളിലാണ് വരാൻ പോകുന്നത് എന്ന് മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ കുറ്റപ്പെടുത്തി.
കാബിനറ്റ് അംഗീകരിച്ച ഈ കരട് നിയമം അടുത്തതായി ജർമൻ പാർലമെന്റിൽ വോട്ടിനിടും. പ്രതിപക്ഷത്ത് നിന്നും കടുത്ത എതിർപ്പുകൾ ഈ നിയമം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജർമനിയിലെ സാധാരണക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങളെയും പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ് ഈ പുതിയ നിയമം.
Tags : GermanyHealthReform Healthcare FriedrichMerz PublicHealth