കുവൈറ്റ് സിറ്റി: ഏഴ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിച്ചു. ചില മന്ത്രിമാർക്ക് വകുപ്പു മാറ്റവും വരുത്തിയിട്ടുണ്ട്. നിലവിലെ വിദേശ കാര്യ മന്ത്രി അബ്ദുള്ള യഹിയയെ മാറ്റി പുതിയ വിദേശ കാര്യ മന്ത്രിയായി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ സബാഹിനെ നിയമിച്ചതാണ് ഇതിൽ പ്രധാനം.
മൂന്ന് പേരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇൻഫർമേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ-മുതൈരി, വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ,വിദേശ കാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ എന്നിവരെയാണ് മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കിയത്.
ധനമന്ത്രിയായി ഡോ. യാക്കൂബ് അൽ-റിഫായിയെയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയായി ഒമർ അൽ-ഒമറിനെയും വാണിജ്യ, വ്യവസായ മന്ത്രിയായി ഒസാമ ബൂദായിയെയും വികസന, സുസ്ഥിരത സഹമന്ത്രിയായി ഡോ. റീം അൽ-ഫലീജിനെയും യുവജന, കായിക സഹമന്ത്രിയായി ഡോ. താരിഖ് അൽ-ജലാഹ്മയെയും നിയമിച്ചു.
അബ്ദുൽ അസീസ് അൽ-മർസൂഖ് ആണ് പുതിയ സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി. വിവര, സാംസ്കാരിക മന്ത്രിയായി അബ്ദുള്ള ബുഫ്തൈനെയും നിയമിച്ചു. കുവൈറ്റ് മുൻ അമീർ ഷെയ്ഖ് ജാബിർ അൽ അഹമദ് അൽ സബാഹിന്റെ മകനാണ് പുതിയ വിദേശ കാര്യ മന്ത്രിയായി നിയമിതനായ ഷെയ്ഖ് ജറാഹ് അൽ ജാബിർ അൽ സബാഹ്.
Tags : Kuwait Cabinet Reshuffle