മനാമ: പിണറായി സർക്കാരിന്റെ ധാർഷ്ടത്തിനും വർഗീയ ധ്രുവീകരണ പിആർ തന്ത്രങ്ങൾക്കും എതിരേ കേരളം നൽകിയ ശക്തമായ മറുപടിയും ഭരണവിരുദ്ധ തരംഗത്തിന്റെ വ്യക്തമായ പ്രതിഫലനവുമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ.
"കാത്തിരുന്ന ജനവിധി: വിജയ വഴികളും വീഴ്ചകളും' എന്ന പേരിൽ പ്രവാസി വെൽഫെയർ നടത്തിയ തെരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വംശീയ ധ്രുവീകരണ രാഷ്ട്രീയത്തിന് വളരെ ചെറിയ തോതിൽ ആണെങ്കിലും കേരളത്തിൽ രാഷ്ട്രീയ അംഗീകാരവും സ്വീകാര്യതയും ലഭിക്കുന്നത് തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുവാനും തിരുത്തൽ സമീപനങ്ങൾ സ്വീകരിക്കുവാനും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന് സാധിക്കണം.
സിപിഎം തുടർന്ന് പോന്ന വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഫലം കൊയ്തെടുക്കുക ബിജെപി ആയിരിക്കും എന്ന വെൽഫെയർ പാർട്ടിയുടെ മുന്നറിയിപ്പ് ശരിവച്ച തെരഞ്ഞെടുപ്പ് ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരുന്നില്ല എന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പറഞ്ഞു. എസ്ഐആർ നടപടിക്രമങ്ങളിലൂടെ ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റി ബിജെപിക്ക് ജയിക്കാൻ പാകത്തിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.
വോട്ടർമാരുടെ അപ്പീലുകളിൽ ട്രിബ്യൂണലുകൾ അന്തിമ തീരുമാനമെടുക്കുന്നത് വരെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ കോടതി തയാറാകാതിരുന്നത് ജനാധിപത്യപരമായ വീഴ്ചയാണ് എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫിന് ലഭിച്ച ജനവിധിയുടെ വിശാല താത്പര്യങ്ങൾ തിരിച്ചറിഞ്ഞു സംസ്ഥാന ഭരണം മുന്നോട്ട് നയിക്കാൻ യുഡിഎഫിന് ബാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ, ജമാൽ ഇരിങ്ങൽ, സി.എം. മുഹമ്മദലി, എം.എം. ഷാനവാസ്, സഈദ് റമദാൻ നദ് വി, സബീന ഖാദർ, അബ്ദുല്ല കുറ്റ്യാടി, ലത്തീഫ് കടമേരി, ബദറുദ്ദീൻ പൂവാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡന്റ് അക്ബർ ഷാ സ്വാഗതം ആശംസിച്ച അവലോകന യോഗത്തിൽ അജ്മൽ ഹുസൈൻ ചർച്ചകളെ അവലോകനം ചെയ്യുകയും സമാപനം നിർവഹിക്കുകയും ചെയ്തു.
Tags : Majeed Thanal Kerala Election NRI News