പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന "മലയാളി മങ്ക 2026' സൗന്ദര്യ-സാംസ്കാരിക മത്സരം ഓഗസ്റ്റ് ഏഴിന് പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും.
കേരളീയ പാരമ്പര്യവും വ്യക്തിത്വവും കഴിവുകളും ആഘോഷിക്കുന്ന വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 25 വയസും അതിൽ കൂടുതലുമായ കേരളീയ വംശജരായ വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കേരളീയ വേഷവിധാനവും സ്വയംപരിചയവും ഉൾപ്പെടുന്ന ആദ്യ റൗണ്ട്, കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ടാലന്റ് റൗണ്ട്, ചോദ്യോത്തര-സംഭാഷണ ഘട്ടം എന്നിവ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.
രജിസ്ട്രേഷനോടൊപ്പം ഫോട്ടോയും പ്രൊഫൈലും സമർപ്പിക്കേണ്ടതുണ്ടെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി ജൂലൈ ഒന്ന് ആണ്. ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഏകോപനം.
ഫാൻസിമോൾ പള്ളത്തുമഠം ചെയർപേഴ്സണായും സുബി ബാബു കോ-ചെയറായും പ്രവർത്തിക്കുന്നു. ഉഷാ ചാക്കോ, ശോശമ്മ ആൻഡ്രൂസ്, ബ്രിഡ്ജറ്റ് ജോർജ്, അന്ന ജോൺ, ഷോജി ഷിനോജ് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
സൗന്ദര്യവും പാരമ്പര്യവും ആത്മവിശ്വാസവും ഒരുമിക്കുന്ന ഈ വേദി ഫൊക്കാന കൺവൻഷന്റെ ശ്രദ്ധേയ ആകർഷണങ്ങളിലൊന്നാകുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു.
Tags : Malayali Manka Fokana USA