മാംഗോ മാനിയ
നോർക്രോസ് (ജോർജിയ): അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധേയമായ സാംസ്കാരിക-ഭക്ഷ്യമേളകളിലൊന്നായ "മാംഗോ മാനിയ അറ്റ്ലാന്റാ 2026' നോർക്രോസിലെ ഗ്ലോബൽ മാളിൽ വർണാഭമായി നടന്നു.
വിവിധ ഇനങ്ങളിലുള്ള ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രദർശനവും രുചിവിരുന്നും മേളയുടെ പ്രധാന ആകർഷണമായി. അൽഫോൻസോ, കേസർ, ബംഗനപ്പള്ളി, ഹിമസാഗർ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത മാമ്പഴ ഇനങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും സന്ദർശകർക്കായി രുചിക്കാനൊരുക്കുകയും ചെയ്തു.
നൂറുകണക്കിന് കുടുംബങ്ങളാണ് മേളയിൽ പങ്കെടുത്തത്. ബാല്യകാല ഓർമകൾ പുതുക്കാനും പുതിയ തലമുറയ്ക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെ വൈവിധ്യവും രുചിയും പരിചയപ്പെടുത്താനും മേള അവസരമായതായി സന്ദർശകർ പറഞ്ഞു.
അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രാദേശിക ജനപ്രതിനിധികൾ, വ്യാപാര പ്രമുഖർ, മാമ്പഴ ഇറക്കുമതിക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള മാമ്പഴ ഇറക്കുമതി വർധിച്ചുവരുന്നതും ഇന്ത്യൻ കാർഷികോത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയും പരിപാടിയിൽ ചർച്ചയായി.
ഭക്ഷ്യമേള മാത്രമല്ല, ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സമൂഹ ഐക്യവും ആഘോഷിക്കുന്ന വേദിയായാണ് "മാംഗോ മാനിയ 2026' മാറിയതെന്ന് സംഘാടകർ പറഞ്ഞു. മേളയുടെ ഭാഗമായി അൽഫറെറ്റയിലെ സുവിധ ഇന്റർനാഷണൽ മാർക്കറ്റിലും സമാന ആഘോഷം സംഘടിപ്പിച്ചു.
ഇന്ത്യൻ മാമ്പഴങ്ങളുടെ രുചിയും ഗുണമേന്മയും അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം പരിപാടികൾ ഇന്ത്യൻ സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്നതായും സംഘാടകർ അഭിപ്രായപ്പെട്ടു.