ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫൊക്കാനയുടെ 2026ലെ അന്തർദേശീയ കൺവൻഷന് കലാപ്രൗഢി പകരാൻ മലയാളത്തിന്റെ പ്രമുഖ ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ എത്തുന്നു.
ഈ മാസം ആറ് മുതൽ എട്ട് വരെ കൽഹാരി റിസോർട്ടിൽ നടക്കുന്ന കൺവൻഷന്റെ മൂന്നാം ദിവസമായ ഈ മാസം എട്ടിലെ ഗ്രാൻഡ് ഫിനാലെയിൽ നവ്യ നായരുടെ നൃത്താവിഷ്കാരത്തോടെയാകും കലാപരിപാടികൾക്ക് തുടക്കമാകുക.
നവ്യ നായരുടെ സാന്നിധ്യം കൺവൻഷനിലെ കലാ-സാംസ്കാരിക പരിപാടികൾക്ക് കൂടുതൽ മികവും പ്രൗഢിയും പകരുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
മലയാള സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നവ്യ നായർ, അഭിനയരംഗത്തെ മികവിനൊപ്പം ശാസ്ത്രീയ നൃത്തത്തോടുള്ള സമർപ്പണത്തിലൂടെയും ശ്രദ്ധേയയാണ്.
കേരളത്തിന്റെ കലാപാരമ്പര്യം ആഗോള വേദികളിലേക്ക് എത്തിച്ച കലാകാരിയുടെ സാന്നിധ്യം പ്രവാസി മലയാളികളുടെ ഈ മഹാസംഗമത്തിന് പ്രത്യേക മാറ്റുകൂട്ടുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇത്തവണത്തെ ഫൊക്കാന കൺവൻഷൻ കുടുംബകേന്ദ്രിത ആശയങ്ങളും സമ്പന്നമായ കലാ-സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളുന്നതാണ്.
സംഘടനാ സമ്മേളനം എന്നതിലുപരി ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക മഹോത്സവമായാണ് കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്.
നവ്യ നായർക്കൊപ്പം നടനും സംവിധായകനും ഗായകനുമായ നാദിർഷയും കൺവെൻഷനിൽ പങ്കെടുക്കും. കൂടാതെ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോ, 101 കലാകാരന്മാർ അണിനിരക്കുന്ന ഉദ്ഘാടന നൃത്താവിഷ്കാരം, നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അവതരിപ്പിക്കുന്ന "America Got Talent' എന്നിവയും പ്രധാന ആകർഷണങ്ങളായിരിക്കും.
"കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ് ഫൊക്കാനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ശാസ്ത്രീയ നൃത്തത്തെയും മലയാള സംസ്കാരത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നവ്യ നായരുടെ സാന്നിധ്യം ആ ലക്ഷ്യത്തിന് കൂടുതൽ കരുത്ത് പകരും' എന്ന് ഫൊക്കാന ഭാരവാഹികൾ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളെ കുടുംബസമേതം ഒരുമിപ്പിക്കുന്ന ഫൊക്കാന കൺവൻഷൻ 2026 കലയും പാരമ്പര്യവും കുടുംബസൗഹൃദവും ഒത്തുചേരുന്ന ശ്രദ്ധേയ വേദിയാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Tags : FOKANA NavyaNair NorthAmerica NRINews