ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
റോം: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആഗോള ഐക്യത്തിന്റെയും പുതിയ അധ്യായം രചിച്ചുകൊണ്ട് സീറോമലബാർ സഭയുടെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ ആഗോള സമ്മേളനം ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ അരങ്ങേറുന്നു.
ഈ മാസം 19 മുതൽ 23 വരെ റോമിലെ മാറ്റർ എക്ളേസിയേയിൽ നടക്കുന്ന ഈ മഹാസംഗമത്തിൽ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലെ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് അണിനിരന്നിരിക്കുന്നത്.
ആഗോള കത്തോലിക്കാ സമൂഹത്തിന്റെ ഐക്യസന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ അന്താരാഷ്ട്ര കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സജീവ സാന്നിധ്യം
19ന് നടന്ന ഉദ്ഘാടന സമ്മേളനം സഭാനേതൃത്വത്തിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൽമായ പ്രതിനിധികളുടെയും സാന്നിധ്യംകൊണ്ട് അതീവ ശ്രദ്ധേയമായി.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കത്തോലിക്കാ കോൺഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, ഗൾഫ് രാജ്യങ്ങളിലെ അപ്പസ്തോലിക വിസിറ്റേറ്റർ മോൺസിഞ്ഞോർ ജോളി വടക്കൻ തുടങ്ങിയ സഭാ മേലധ്യക്ഷന്മാരുടെ സാന്നിധ്യം സമ്മേളനത്തിന് അമൂല്യമായ ആത്മീയ പ്രാധാന്യം പകർന്നു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ജനറൽ കൺവീനർ ബെന്നി പുളിക്കക്കര തുടങ്ങിയ സംഘടനാ നേതാക്കൾ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.
കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളായ മോൻസ് ജോസഫ്, അപു ജോൺ ഉൾപ്പെടെയുള്ള സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളിൽ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ജർമനിയിൽ നിന്ന് ജോളി തടത്തിൽ, മേഴ്സി തടത്തിൽ, അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നും ഷിക്കാഗോ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഷോളി കുമ്പിളുവേലി, റോമിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ പ്രഫ. ജോസ് ഫിലിപ്പ് വട്ടക്കോട്ടയിൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ആഗോള വേദിയിലേക്ക്
1918-ൽ കേരള കത്തോലിക്കാ മഹാജനസഭയായി ആരംഭിച്ച പ്രസ്ഥാനം പിന്നീട് കത്തോലിക്കാ കോൺഗ്രസ് എന്ന പേരിൽ വളർന്ന് സീറോമലബാർ സഭയുടെ അൽമായ സമൂഹത്തിന്റെ നട്ടെല്ലായി മാറുകയായിരുന്നു.
ഒരു നൂറ്റാണ്ടിലേറെ നീളുന്ന ചരിത്രപാരമ്പര്യമുള്ള സംഘടന ഇന്ന് കേരളത്തിന്റെ അതിർത്തികൾ കടന്ന് വിവിധ ഭൂഖണ്ഡങ്ങളിലെ വിശ്വാസികളെ ബന്ധിപ്പിക്കുന്ന കരുത്തുറ്റ ആഗോള കൂട്ടായ്മയായി വളർന്നിരിക്കുന്നു.
തൊഴിൽ, വിദ്യാഭ്യാസം, സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വിശ്വാസികളെ ഒരുമിപ്പിക്കുന്നതിലൂടെ പരസ്പര സഹകരണത്തിന്റെ പുതിയ സാധ്യതകളാണ് ഈ സമ്മേളനം തുറന്നിടുന്നത്.
പതാക പ്രയാണത്തിന് റോമിൽ സമാപനം
സമ്മേളനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിലൂടെ നടത്തിയ ആഗോള പതാക പ്രയാണം 19-ന് റോമിൽ പതാക ഉയർത്തിയതോടെ ഔദ്യോഗികമായി സമാപിച്ചു.
വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ കോൺഗ്രസ് ഘടകങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് നയിച്ച ഈ പ്രയാണം, ഭൂമിശാസ്ത്രപരമായ അകലങ്ങൾക്കപ്പുറം വിശ്വാസത്തിലും മൂല്യങ്ങളിലും ഒന്നിച്ചുനിൽക്കുന്ന സമൂഹത്തിന്റെ ശക്തമായ സന്ദേശമാണ് ലോകത്തിന് നൽകിയത്.

വിശ്വാസം, കുടുംബം, യുവജനത: സമകാലിക വെല്ലുവിളികളും ചർച്ചകളും
ആഗോളവത്കരണത്തിന്റെയും അതിവേഗ സാമൂഹിക മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ സീറോമലബാർ സമൂഹം നേരിടുന്ന വെല്ലുവിളികളും ഭാവിസാധ്യതകളുമാണ് സമ്മേളനത്തിലെ പ്രധാന ചിന്താവിഷയങ്ങൾ.
പ്രവാസി കുടുംബങ്ങൾ നേരിടുന്ന സാമൂഹിക-സാംസ്കാരിക പ്രതിസന്ധികൾ വിലയിരുത്തുക, യുവജനങ്ങളെ സഭയുമായി കൂടുതൽ അടുപ്പിക്കുക, പുതിയ തലമുറയ്ക്ക് വിശ്വാസപാരമ്പര്യം കൈമാറുക തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിച്ചു.
ആഗോള ബിസിനസ് നെറ്റ്വർക്കിംഗ്, പ്രഫഷണൽ സഹകരണം, അൽമായരുടെ നേതൃത്വപങ്കാളിത്തം എന്നിവയ്ക്കും സമ്മേളനം വലിയ പ്രാധാന്യമാണ് നൽകുന്നത്.
വത്തിക്കാൻ സന്ദർശനവും ജനറൽ ഓഡിയൻസും
സമ്മേളനത്തിലെ ഏറ്റവും വലിയ ആത്മീയ അനുഭവങ്ങളിലൊന്നായി 21-ന് വത്തിക്കാനിൽ നടന്ന ജനറൽ ഓഡിയൻസിൽ പ്രതിനിധികൾ പങ്കെടുത്തു. ആഗോള കത്തോലിക്കാ സഭയുടെ കേന്ദ്രത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സീറോമലബാർ പ്രതിനിധികൾ ഒരുമിച്ച് പങ്കെടുത്തത് ചരിത്രമൂഹത്തിന് അഭിമാനകരമായ മുഹൂർത്തമായി മാറി.
അതേസമയം, സംഘടന പ്രതിനിധികളുമായി 22-ന് മാർപാപ്പയുമായി നേരിട്ട് നടത്താനിരുന്ന ഔദ്യോഗിക കൂടിക്കാഴ്ച മാർപാപ്പയുടെ ആരോഗ്യസ്ഥിതി മുൻനിർത്തി അവിചാരിതമായി റദ്ദാക്കേണ്ടിവന്നു.
റോമിൽ നിന്ന് ലോകത്തേക്ക് ഐക്യത്തിന്റെ സന്ദേശം
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പ്രതിനിധികളെ റോമിൽ ഒരുമിപ്പിച്ച് വിപുലമായ പരിപാടികൾ ചിട്ടയോടെ സംഘടിപ്പിച്ച കത്തോലിക്ക കോൺഗ്രസിന്റെ സംഘാടക മികവ് ഏറെ പ്രശംസ പിടിച്ചുപറ്റി.
നാല് ദിവസങ്ങൾ നീണ്ട ഈ ആഗോള സംഗമം സീറോ മലബാർ അൽമായ സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിലാണ് പ്രതിനിധികൾ.
"വിശ്വാസത്തിൽ ഐക്യപ്പെടുക, പാരമ്പര്യത്തിൽ അഭിമാനിക്കുക, സഹകരണത്തിലൂടെ ഭാവി പടുത്തുയർത്തുക്കുക' എന്ന സന്ദേശമാണ് റോമിൽ നിന്ന് ലോകത്തിന് നൽകുന്നത്.
Tags : RomeSummit CatholicCongress GlobalMeet Celebration FaithandUnity