ടൊറന്റോ: കാനഡയിലെ സാംസ്കാരിക സംഘടനയായ സമന്വയ കൾച്ചറൽ അസോസിയേഷന്റെ സമന്വയം 2025ലെ ബാറ്റിൽ ഓഫ് ബുക്സ് എന്ന പുസ്തകങ്ങളുടെ പോരാട്ടം കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമായി.
പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫിന്റെ "കറ', ആർ. രാജശ്രീയുടെ "ആത്രേയകം', എസ്. ഹരീഷിന്റെ "പട്ടുനൂൽ പുഴു' എന്നീ പുസ്തകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സാഹിത്യ ചർച്ചയും സംവാദവും.
നിർമല തോമസ് മോഡറേറ്ററായ പരിപാടിയിൽ കാനഡയിലെ എഴുത്തുകാരായ സുരേഷ് നെല്ലിക്കോട് കറയ്ക്കു വേണ്ടിയും പി.വി. ബൈജു ആത്രേയകത്തിനു വേണ്ടിയും കുഞ്ഞൂസ് പട്ടുനൂൽ പുഴുവിന് വേണ്ടിയും സംസാരിച്ചു.
തുടർന്ന്, സാറാ ജോസഫ്, ആർ. രാജശ്രീ എന്നിവർ ഓൺലൈനിലൂടെ സമകാലിക സാഹിത്യത്തെക്കുറിച്ചും തങ്ങളുടെ പുസ്തകങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ സദസുമായി പങ്കുവച്ചു.
സ്വരമുദ്ര ഡാൻസ് അക്കാദമിയിലെ വിദ്യാർഥിനികൾ സമന്വയയുടെ അവതരണ ഗാനത്തിന് ചുവടുവച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
തുടർന്ന് മോഹിനിയാട്ടം, ഫ്യൂഷൻ ഡാൻസ്, ഭരതനാട്യം. കവിതാലാപനം, ശിങ്കാരിമേളം, സംഗീത നിശ എന്നിവ നടത്തപ്പെട്ടു.
Tags : Samanvaya Cultural Association Usa