ഡാളസ്: കോട്ടയം കല്ലറ സ്വദേശിയായ അമൽ നിലവിൽ ഡാളസിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2019ൽ അമേരിക്കയിലെത്തിയ അമൽ ഇർവിംഗിലെയും ഡാളസിലെയും സ്വദേശി പ്ലാസയിൽ പേസ്ട്രി ഷെഫായി ജോലി ചെയ്തുവരികയായിരുന്നു.
മാർച്ച് അവസാനത്തിൽ പെട്ടെന്നുണ്ടായ ശ്വാസതടസത്തെയും തളർച്ചയെയും തുടർന്ന് അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന് ഗുരുതരമായ തകരാർ സംഭവിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ വെന്റിലേറ്ററിലേക്ക് മാറ്റി.
നിർഭാഗ്യവശാൽ, പരിശോധനയ്ക്കിടെ അമലിന് എഎംഎൽ ലുക്കീമിയ (രക്തകാൻസർ) ബാധിച്ചതായും കണ്ടെത്തി. നിലവിൽ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി എക്മോ ചികിത്സ നൽകിവരികയാണ്.
നാട്ടിലുള്ള അമലിന്റെ ഭാര്യയും ഏഴു വയസുകാരിയായ മകളും പ്രിയപ്പെട്ടവരും ഈ വാർത്തയറിഞ്ഞതിന്റെ നടുക്കത്തിലാണ്. കഠിനാധ്വാനിയായ അമൽ ജീവിതത്തിലേക്ക് തിരികെ വരാനായി പോരാടിക്കൊണ്ടിരിക്കുകയാണ്.
അമലിന്റെ ചികിത്സയ്ക്കും കുടുംബത്തിന് താങ്ങാകുന്നതിനുമായി ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ചെറിയൊരു തുക പോലും ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയൊരു സഹായമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags : Amal Fight for Recovery Support USA