ജെഫ്രിൻ
മ്യൂണിക്ക്: ജർമനിയിലെ ബവേറിയ സംസ്ഥാനത്ത് മ്യൂണിക്കിന് സമീപമുള്ള ലാംഗ്വീഡ് മേഖലയിലെ പ്രശസ്തമായ ലുസീ തടാകത്തിൽ നീന്തുന്നതിനിടെ 29 വയസുകാരനായ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഇൻഗോൾസ്റ്റാറ്റിൽ താമസിച്ചിരുന്ന ജെഫ്രിൻ എന്ന യുവാവാണ് മരിച്ചത്.
ഇൻഗോൾസ്റ്റാഡ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ ഓട്ടോമോട്ടീവ് എൻജിനിയറിംഗിൽ മാസ്റ്റർബിരുദ വിദ്യാർഥിയായിരുന്നു ജെഫ്രിൻ. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
പെട്ടെന്ന് ജലത്തിനടിയിലേക്ക് താഴ്ന്ന യുവാവിനെ രക്ഷിക്കാൻ സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം കരയിലെത്തിക്കാൻ സാധിച്ചില്ല.
വൈകുന്നേരം 6.30ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് ജർമൻ ജീവൻരക്ഷാ സേനകളായ ഡിഎൽആർജി, വാസർവാഹ്റ്റ്, ഫയർഫോഴ്സ്, പോലീസ് എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഡൈവർമാർ, ഹെലികോപ്റ്റർ, ആധുനിക രക്ഷാസംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെഫ്രിനെ വെള്ളത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസിന്റെ കമ്മിഷണറേറ്റ് 14 അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ മ്യൂണിക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
സംഭവത്തെ തുടർന്ന് വേനൽക്കാലത്ത് ജർമനിയിലെ തടാകങ്ങളിലും നദികളിലും നീന്താനിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലത്തിന്റെ താപനില, ആഴം, നീരൊഴുക്ക് എന്നിവ വിലയിരുത്തിയ ശേഷമേ നീന്താനിറങ്ങാവൂ എന്നും സുരക്ഷിതമായി അനുവദിച്ചിരിക്കുന്ന മേഖലകളിൽ മാത്രം കുളിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വെള്ളത്തിനടുത്തുള്ള അപകടസാധ്യതകളെക്കുറിച്ച് പൊതുജന ബോധവത്കരണത്തിനായി മ്യൂണിക്ക് പോലീസ് വീഡിയോ സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ലളിതമായ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : Bavaria Munich TamilNadu IndianStudent Drowning