x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാൽസിംഗ്ഹാമിലേക്ക്; മഹാതീർഥാടനം 29ന്

അരുൺ വർഗീസ്
Published: August 16, 2026 11:46 AM IST | Updated: August 16, 2026 11:46 AM IST

വാൽസിംഗ് പിൽഗ്രിമേജ്

വാൽസിംഗ്ഹാം: മലങ്കരയുടെ വിശ്വാസപൈതൃകവും അന്ത്യോക്യൻ ആരാധനാപാരമ്പര്യത്തിന്റെ ആത്മീയചൈതന്യവുമായി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയൺ സംഘടിപ്പിക്കുന്ന വാർഷിക വാൽസിംഗ്ഹാം മരിയൻ മഹാതീർഥാടനം ഈ മാസം 29ന് നടക്കും.

ഇംഗ്ലണ്ടിലെ പ്രമുഖ മരിയൻ തീർഥാടനകേന്ദ്രമായ റോമൻ കാത്തലിക് നാഷണൽ ഷ്രൈൻ ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാമാണ് വേദി. ‘Mary, Cause of Our Joy’ എന്ന ആപ്തവാക്യത്തിൽ നടക്കുന്ന തീർഥാടനം പരിശുദ്ധ ദൈവമാതാവിനോടുള്ള മലങ്കര സഭയുടെ ആഴമേറിയ ഭക്തിയുടെയും പ്രവാസഭൂമിയിലെ വിശ്വാസകൂട്ടായ്മയുടെയും സാക്ഷ്യമായി മാറും.

യുകെയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 25 ഓളം മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്ന് വൈദികരും കുടുംബങ്ങളും യുവജനങ്ങളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ വാൽസിംഗ്ഹാമിലെ പുണ്യഭൂമിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

രാവിലെ 10.30ന് പ്രാരംഭ പ്രാർഥനയോടെ തീർഥാടനത്തിനു തുടക്കമാകും. 11ന് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസിലിക്കയിലേക്കു ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് ശേഷം 1.30ന് നടക്കുന്ന ആഘോഷപൂർവമായ വിശുദ്ധ കുർബാനയ്ക്ക് യൂറോപ്പിന്റെയും യുകെയുടെയും അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.

യുകെ റീജിയണിലെ വൈദികർ സഹകാർമികരാകും. മലങ്കര സഭയുടെ ആരാധനാപാരമ്പര്യത്തിന്റെ സൗന്ദര്യവും സുറിയാനി പ്രാർഥനകളുടെ ഗാംഭീര്യവും വിശ്വാസികളുടെ കൂട്ടായ്മയും സംഗമിക്കുന്ന കുർബാന തീർഥാടനത്തിന്റെ മുഖ്യ ആകർഷണമാകും. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥ്യത്തിൽ കുടുംബങ്ങളുടെ വിശുദ്ധീകരണം, പുതുതലമുറയുടെ വിശ്വാസവളർച്ച, സഭയുടെ ഐക്യം, ലോകസമാധാനം എന്നിവയ്ക്കായി പ്രത്യേക പ്രാർഥനകൾ നടത്തും.

പ്രവാസമണ്ണിലും മലങ്കരയുടെ വിശ്വാസവും ആരാധനാപൈതൃകവും പുതുതലമുറയ്ക്കു പകർന്നുനൽകാനുള്ള സഭാസമൂഹത്തിന്റെ പ്രതിബദ്ധതയുടെ പ്രഖ്യാപനമായും തീർഥാടനം മാറും. വൈകുന്നേരം അഞ്ചിന് സമാപന പ്രാർഥനയോടെ പരിപാടികൾ അവസാനിക്കും.

യുകെയിലെ വിവിധ മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്നുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി യുകെ റീജിയണൽ കോഓർഡിനേറ്റർ ഡോ.ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പ, യുകെ നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി റോണി വർഗീസ് എന്നിവർ അറിയിച്ചു. 

Tags : walsinghampilgrimage malankaracatholic europe

Recent News

Corehub Up