ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലണ്ടൻ: യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തുടക്കം കുറിച്ചു. ആദ്യവാരത്തിൽ തന്നെ നാല് റീജിയണുകളിൽ ഒരേസമയം കലാമേളകൾ വിജയകരമായി അരങ്ങേറിയതോടെ യുക്മയുടെ ഈ വർഷത്തെ കലോത്സവ സീസണിന് തുടക്കമായി.
സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോർക്ഷയർ & ഹംബർ, നോർത്ത് വെസ്റ്റ് റീജിയണുകളിലാണ് ഈ മാസം മൂന്നിന് കലാമേളകൾ നടന്നത്.
മിഡ്ലാൻഡ്സ് റീജിയണൽ കലാമേള
യുക്മയിലെ ഏറ്റവും ശക്തമായ റീജിയണുകളിൽ ഒന്നായ മിഡ്ലാൻഡ്സ് റീജിയൺ കലാമേളയ്ക്ക് ഇന്ന് കവൻട്രിയിൽ തിരി തെളിയും. യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ കലാമേള ഉദ്ഘാടനം ചെയ്യും. യുക്മ വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ, സ്മിത തോട്ടം എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങരയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗം ജോർജ് തോമസ്, റീജിയണൽ സെക്രട്ടറി ലൂയീസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, കലാമേള കോഓർഡിനേറ്റർ രേവതി അഭിഷേക്, മറ്റ് റീജിയണൽ ഭാരവാഹികൾ, റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികൾ മുതലായവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കും.
വെയിത്സ് റീജിയണൽ കലാമേള
വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ യുക്മയിലെ ശക്തമായ റീജിയണുകളിൽ ഒന്നായി മാറിയ വെയിത്സ് റീജിയൺ കലാമേള വെയിത്സിലെ പെനർത്തിൽ ഇന്ന് അരങ്ങേറും.
യുക്മ ട്രഷറർ ഷീജോ വർഗ്ഗീസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ പെനർത്ത് ടൗൺ മേയർ ലോറ റോച്ച്ഫോർട്ട് ഉദ്ഘാടനം ചെയ്യും. യുക്മ ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ മുഖ്യാതിഥിയായിരിക്കും.
വൈകുന്നേരം ചേരുന്ന സമാപനയോഗത്തിൽ യുക്മ ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി എന്നിവർ മുഖ്യാതിഥിമാരായിരിക്കും.
റീജിയണൽ പ്രസിഡന്റ് ജോഷി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, റീജിയണൽ സെക്രട്ടറി ഷൈലി തോമസ്, ട്രഷറർ ടോംബിൽ കണ്ണത്ത്, കലാമേള കോർഡിനേറ്റർ ജോബി മാത്യു, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
റോഥർഹാം മാൻവേഴ്സ് തടാകത്തിൽ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും യുകെയുടെ വിവിധ ഭാഗങ്ങളിൽ നടന്ന 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിന്റെ അലയൊലികൾ അടങ്ങും മുൻപാണ് യുക്മയുടെ മറ്റൊരു വലിയ സാംസ്കാരിക ആഘോഷത്തിന് തുടക്കമാകുന്നത്.
യുകെയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസംഗമങ്ങളിലൊന്നായ പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ ഏഴിന് ചെൽറ്റൻഹാമിൽ നടക്കും. യുക്മയുടെ ഏഴ് ശക്തമായ റീജിയണുകളിൽ നടക്കുന്ന കലാമത്സരങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളാണ് ദേശീയ കലാമേളയിൽ മാറ്റുരയ്ക്കുന്നത്.
വിവിധ റീജിയണുകളിൽ നിന്നെത്തുന്ന മികച്ച കലാപ്രതിഭകൾ ഒരേ വേദിയിൽ സംഗമിക്കുമ്പോൾ, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി കലാമാമാങ്കങ്ങളിലൊന്നായി ഇത്തവണത്തെ ദേശീയ കലാമേള മാറുമെന്ന പ്രതീക്ഷയിലാണ് യുക്മ.
ആയിരത്തിലേറെ പ്രതിഭകൾ റീജിയണൽ വേദികളിലേക്ക്
മാസങ്ങളായി നിരന്തര പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ആയിരത്തിലേറെ കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ തയാറെടുക്കുമ്പോൾ, റീജിയണൽ കലാമേള വേദികളുടെ ഒരുക്കങ്ങളും അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർഥികൾ സംഗീതം, നൃത്തം, സാഹിത്യം, പ്രസംഗം തുടങ്ങി നിരവധി ഇനങ്ങളിൽ പങ്കെടുക്കും.
മത്സരത്തിലെ വിജയത്തിനപ്പുറം, യുകെയിൽ വളരുന്ന പുതിയ തലമുറയ്ക്ക് കേരളത്തിന്റെ ഭാഷയോടും കലകളോടും പാരമ്പര്യത്തോടും ആത്മബന്ധം വളർത്തുന്ന സാംസ്കാരിക വേദി കൂടിയാണ് യുക്മ കലാമേള.
ബ്രിട്ടന്റെ ബഹുസാംസ്കാരിക സമൂഹത്തിൽ മലയാളി സമൂഹത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനും മറ്റു സമൂഹങ്ങളുമായി കൂടുതൽ ശക്തമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഇത്തരം പരിപാടികൾ നിർണായക പങ്കുവഹിക്കുന്നു.
അംഗ അസോസിയേഷനുകൾ, റീജിയണൽ കമ്മിറ്റികൾ, കലാകാരന്മാർ, പരിശീലകർ, മാതാപിതാക്കൾ, വിധികർത്താക്കൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകളുടെ കൂട്ടായ പ്രവർത്തനമാണ് ഓരോ കലാമേളയുടെയും വിജയത്തിന് പിന്നിൽ.
ഇനി കണ്ണുകൾ ചെൽട്ടൺഹാമിലേക്ക്
ഒക്ടോബറിലുടനീളം ഏഴ് റീജിയണുകളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന പ്രതിഭകൾ ഒടുവിൽ നവംബർ ഏഴിന് ചെൽട്ടൺഹാമിലെ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മാറ്റുരയ്ക്കും.