ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കൊച്ചി: പോർച്ചുഗീസ് ഫുട്ബോളിലെ നാലാം ഡിവിഷൻ ടീമായ ഗ്വാർഡ എഫ്സിയുടെ സിഇഒയായി ഇന്ത്യൻ യുവ സംരംഭകനായ ജയ് അഗർവാൾ നിയമിതനായി. ക്ലബിന്റെ ഭൂരിഭാഗം ഓഹരികളിലും നിക്ഷേപം നടത്തിയതിനെത്തുടർന്നാണ് നിയമനം.
ലാലിഗ ബിസിനസ് സ്കൂളിൽനിന്നും ഗ്ലോബൽ സ്പോർട്സ് മാർക്കറ്റിംഗിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ജയ് അഗർവാൾ ഏറെക്കാലം യൂറോപ്യൻ ഫുട്ബോൾ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
യൂറോപ്യൻ ഫുട്ബോളിന്റെ ശാസ്ത്രീയ വിശകലനവും താരങ്ങളെ തെരഞ്ഞെടുക്കുന്ന രീതികളും ക്ലബുകളുടെ പ്രവർത്തനശൈലിയും വർഷങ്ങളായി പിന്തുടരുന്ന ജയ് അഗർവാൾ, ഇന്ത്യയിലെയും ഏഷ്യയിലെയും കൗമാര താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പോർച്ചുഗീസ് ക്ലബിനെ ഏറ്റെടുത്തത്.
വർഷങ്ങളായുള്ള ആഗ്രഹമാണ് പൂർത്തീകരിച്ചതെന്നും കഴിവുള്ള യുവ പ്രതിഭകൾക്ക് ഫുട്ബോൾ പഠിക്കുന്നതിന് വിശാലമായ അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ജയ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിലെ നിരവധി കൗമാര താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്. സാങ്കേതിക കാരണങ്ങൾ മുടങ്ങുന്ന അവരുടെ ഇത്തരം ആഗ്രഹങ്ങളെ സഫലീകരിക്കാനാണ് പോർച്ചുഗലിലെ നാലാം ഡിവിഷൻ ഫുട്ബോൾ ടീമിനെ സ്വന്തമാക്കിയതെന്നും ജയ് അഗർവാൾ കൂട്ടിച്ചേർത്തു.
ക്ലബിന്റെ ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ, അന്താരാഷ്ട്ര മേജർ ലീഗുകളിൽ കളിക്കാൻ ഉതകുന്ന തരത്തിൽ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്നും ഗ്വാർഡ എഫ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags :