ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെർലിൻ: ജർമനിയിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഠനത്തിനും ജോലിക്കുമായി പുതുതായി എത്തുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിനുമായി നോർക്ക റൂട്ട്സ് ജർമൻ കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുന്നു.
ഇതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് ഉന്നതാധികാരികളും ജർമനിയിലെ വിവിധ മലയാളി സംഘടനാ നേതാക്കളും തമ്മിൽ മൂന്നാം ഘട്ട വെർച്വൽ ചർച്ച സംഘടിപ്പിച്ചു. നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരാണ് ജർമനിയിലെ പ്രവാസി പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയത്.
ഞായറാഴ്ച വൈകുന്നേരം 7.30 മുതൽ 8.30 വരെയായിരുന്നു യോഗം നടന്നത്.
ചർച്ചയിൽ ഉയർന്നുവന്ന പ്രധാന വിഷയങ്ങൾ:
പുതിയ പ്രവാസികൾക്കുള്ള പിന്തുണ: ഉന്നതപഠനത്തിനും തൊഴിലിനുമായി ജർമ്മനിയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രാരംഭ ഘട്ടത്തിൽ നേരിടുന്ന താമസ-ഭാഷാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും കോർഡിനേഷൻ കൗൺസിൽ മുന്നിൽ നിൽക്കും.
കൂടാതെ വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ ചതിക്കുഴികളിൽ പെടാതെ ജർമനിയിലേക്ക് കുടിയേറാനുള്ള മാർഗനിർദ്ദേശങ്ങളും ചർച്ചയിൽ വിഷയമായി.
ബന്ധങ്ങൾ ദൃഢമാക്കൽ: ജർമനിയിലെ മലയാളി സമൂഹവും കേരള സർക്കാരിന്റെ നോർക്ക റൂട്ട്സും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. നോർക്കയുടെ ആവശ്യം പരിഗണിച്ച് ജർമ്മനിയിൽ ഒരു ഓഫീസ് സ്ഥാപിക്കണം എന്ന നിർദ്ദേശവും ചർച്ചക്കിടയിൽ ഉയർന്നു വന്നു.
നിലവിലെ ലോക കേരള സഭ അംഗങ്ങളായ ജോസ് കുമ്പിളുവേലിൽ, ഗിരികൃഷ്ണൻ, പ്രമുഖ സംഘടനാ നേതാക്കളായ കൊളോൺ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ, ഡോയ്ഷെ മലയാളി ട്രെഫൻ ബാഡൻവ്യുർട്ടെബർഗ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളി, ശോഭശാലിനി, ബേബി കലയങ്കേരിൽ, മേരി കലയങ്കേരിൽ, ഫ്രാങ്ക്ഫർട്ട് കേരള സമാജം പ്രസിഡന്റ് ഡിബിൻ പോൾ, സെക്രട്ടറി ഹരീഷ് പിള്ള, ഗ്രോസ്കോഗെരാവു സ്റ്റാഡ്റ്റ് വിദേശി ഉപദേശക സമിതി മുൻ ചെയർമാൻ എബ്രഹാം നടുവിലേഴത്ത്, ഡോ. അലി കൂനാരി, കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ പ്രസിഡന്റ് രാജേഷ് ശിവരാമൻ, തോമസ് മാത്യു ഹാംബുർഗ്, ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കോഓർഡിനേഷൻ ഡെസ്ക്, മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, കേരള ഡെവലപ്മെന്റ് ഡെസ്ക് എന്നീ ഘടകങ്ങൾ മുൻനിർത്തി പ്രവാസി മലയാളികളുടെ സുരക്ഷ, ക്ഷേമം, പ്രവാസി സംഘടനകളുടെ ഏകോപനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കുന്നത്.
കൗൺസിൽ നിലവിൽ വരുന്നതോടെ ജർമനിയിലുള്ള മലയാളി പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കും വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജർമനി, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ഇറ്റലി, ഈസ്റ്റേൺ യൂറോപ്പ്, സിംഗപ്പുർ, മലേഷ്യ, തായ്ലൻഡ്, ചൈന, യുകെ, നോർത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കേരള സർക്കാരിന്റെ നോർക്ക റൂട്ട്സിന് കീഴിൽ പുതിയ കൗൺസിലുകൾ നിലവിൽ വരുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന ലോക കേരള സഭയ്ക്ക് പുറമെ, പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങൾ കണ്ടറിയാനും അടിയന്തര ഘട്ടങ്ങളിൽ പിന്തുണ നൽകാനും നോർക്കയും പ്രവാസി സമൂഹവും തമ്മിൽ വർഷം മുഴുവൻ നിലനിൽക്കുന്ന ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കൗൺസിൽ അംഗത്വം പൂർണമായും സൗജന്യവും സന്നദ്ധസേവനവുമാണ്.
Tags : NORKARoots GermanCoordinationCouncil MalayaleeOrganization NRINews