ബ്രിസ്ബെയ്ൻ: മസ്തിഷ്ക ജ്വരത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ ആശുപത്രിവിട്ടു. ക്വീൻസ്ലൻഡിലെ ആശുപത്രിയിൽ ദിവസങ്ങളോളം കോമയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ആശുപത്രി അധികൃതർക്കും ഡോക്ടമാർക്കും നന്ദി അറിയിച്ചശേഷമാണ് മാർട്ടിനും കുടുംബവും ആശുപത്രിവിട്ടത്. ഡാമിയന്റെ ആരോഗ്യനിലയില് നല്ല പുരോഗതിയുണ്ടെന്നും ആശുപത്രിവിട്ടുവെന്നും അടുത്ത സുഹൃത്തും മുൻ ഓസീസ് താരവുമായ ആദം ഗിൽക്രിസ്റ്റാണ് ആരാധകരെ അറിയിച്ചത്.
ഓസ്ട്രേലിയക്കായി 21-ാം വയസിൽ അരങ്ങേറ്റം കുറിച്ച മാർട്ടിൻ 208 ഏകദിനങ്ങളും 67 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 46.37 ശരാശരിയിൽ 4,406 റൺസ് നേടി. ഇതിൽ 13 സെഞ്ചുറികൾ ഉൾപ്പെടുന്നു. ഓസ്ട്രേലിയയുടെ 1999ലെയും 2003ലെയും ലോകകപ്പ് വിജയങ്ങളിലും മാർട്ടിൻ പങ്കാളിയായിരുന്നു.
2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പരിക്കേറ്റ വിരലുമായി താരം 88 റൺസ് നേടിയിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ സുവർണ കാലഘട്ടത്തിലെ അവിഭാജ്യഘടകമായിരുന്നു ഡാമിയൻ മാർട്ടിൻ.
Tags : damien martyn recovery discharge