കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ട്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് കാലാവസ്ഥാ പ്രവചനം അനുകൂലമല്ലെന്നാണ് 'ഇഎസ്പിഎൻ ക്രിക് ഇൻഫോ' റിപ്പോർട്ട് ചെയ്യുന്നത്.
ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പോരാട്ടം മഴ കൊണ്ടുപോവുമോ എന്ന ആശങ്കയിലാണ് ആരാധകർ. കൊളംബോയിൽ മത്സരദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സരം പൂർണമായും ഉപേക്ഷിക്കേണ്ടി വരികയോ അല്ലെങ്കിൽ ഓവറുകൾ വെട്ടിച്ചുരുക്കി നടത്തേണ്ടി വരികയോ ചെയ്തേക്കാം.
മത്സരം മഴ മൂലം തടസപ്പെടുകയാണെങ്കിൽ ഇരു ടീമുകൾക്കും പോയിന്റുകൾ പങ്കുവെക്കേണ്ടി വരും. ഇത് ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ മുന്നേറ്റത്തെയും സെമി ഫൈനൽ സാധ്യതകളെയും ബാധിച്ചേക്കാം. ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻപും ഇന്ത്യ-പാക് മത്സരങ്ങളെ ബാധിച്ചിട്ടുണ്ട്.
ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ വിറ്റുതീർന്ന ഈ മത്സരത്തിനായി ആയിരക്കണക്കിന് ആരാധകരാണ് കൊളംബോയിലേക്ക് എത്തുന്നത്. കനത്ത മഴയുണ്ടായാൽ പിച്ചും ഔട്ട്ഫീൽഡും സംരക്ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഗ്രൗണ്ട് ജീവനക്കാർ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. എങ്കിലും കളി പൂർണമായി നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
Tags : India-Pakistan Rain Colombo ICC T20 World Cup