എംബപ്പെ
ഫിഫ ലോകകപ്പില്‍ തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. ക്ലബ് ഫുട്ബോളിനേക്കാള്‍ തന്റെ ക്ലാസ് ലോകകപ്പ് വേദിയിലാണെന്ന് അടിവരയിടുന്നതായിരുന്നു എംബപ്പെയുടെ മിന്നും പ്രകടനം. എംബപ്പെ ഇരട്ടഗോള്‍ നേടിയ റൗണ്ട് ഓഫ് 32ല്‍ ഫ്രാന്‍സ് 3-0ന് സ്വീഡനെ തകര്‍ത്തു. 80,663 കാണികള്‍ നിറഞ്ഞ ഈസ്റ്റ് റൂഥര്ഫോഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തെ ആവേശത്തിലാക്കി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക് ആധികാരികമായി മാര്‍ച്ച് ചെയ്തു.
മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ ഫ്രാന്‍സിന്റെ ആക്രമണമായിരുന്നു. കിലിയന്‍ എംബപ്പെയും ഉസ്മാന് ഡെംബെലെയും ചേര്‍ന്നുള്ള ആക്രമണം ആറാം മിനിറ്റില്‍ സ്വീഡിഷ് ഗോള്‍മുഖം വിറപ്പിച്ചു. ഡീപ്പില്‍ പ്ലേമേക്കര്‍ റോളില്‍ ഉപമെക്കാനൊ അരങ്ങുവാണു. 20-ാം മിനിറ്റില്‍ എംബപ്പെ സ്വീഡിഷ് വലയില്‍ പന്ത് എത്തിച്ചു. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നതോടെ റഫറി ഗോള്‍ അനുവദിച്ചില്ല. 30-ാം മിനിറ്റില്‍ റാബിയോട്ടിന്റെ ഷോട്ട്. നിര്‍ഭാഗ്യത്താല്‍ പുറത്തേക്ക്.
32-ാം മിനിറ്റില്‍ എംബപ്പെ തൊടുത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല. 36-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസിന്റെ ബൈസിക്കിള്‍ കിക്ക് ഗോള്‍ ഷോട്ട്. പന്ത് പക്ഷേ, പോസ്റ്റില്‍ ഇടിച്ചു തെറിച്ചു. റീബൗണ്ടില്‍ ഉസ്മാന് ഡെംബെലെ എടുത്ത ഷോട്ട് പോസ്റ്റിനു മുകളിലൂടെ ഗാലറിയിലേക്ക്. പന്ത് നിയന്ത്രിച്ചശേഷം ഷോട്ട് എടുക്കാത്തതില്‍ ഡെംബെലെയുടെ നിരാശ പ്രകടം.
എംബപ്പെ അല്ലാതാര്
45-ാം മിനിറ്റില്‍ സ്വീഡന്റെ വല കുലുങ്ങി; എംബപ്പെ അല്ലാതാര്..? ഉസ്മാന് ഡെംബെലെയുടെ അസിസ്റ്റില്‍നിന്നു ലഭിച്ച പന്തുമായി രണ്ട് എതിരാളികളുടെ ഗ്യാപ്പിലൂടെ എംബപ്പെ തൊടുത്ത ഷോട്ട് വലയുടെ കോണില്‍ ഭദ്രം. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ എംബപ്പെയുടെ 17-ാം ഗോള്‍. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ റിക്കാര്‍ഡായ 19 ഗോളിലേക്കുള്ള അകലം രണ്ടാക്കി കുറഞ്ഞ നിമിഷം. ലോകകപ്പ് ഗോള്‍വേട്ടയില്‍ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയെ (16) പിന്തള്ളി രണ്ടാം സ്ഥാനത്തും.
ഒരു ഗോളിന്റെ ലീഡമായി ഫ്രാന്‍സ് ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും എംബപ്പെ-ഡെംബെലെ-ഒലിസ് കൂട്ടുകെട്ട് സ്വീഡിഷ് ഗോള്‍ മുഖത്ത് വട്ടമിട്ടു.
ഗോള്‍ 02 ബര്‍കോള
53-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍. സ്വീഡിഷ് താരങ്ങളുടെ ലൂസ് പാസ് മധ്യത്തില്‍വച്ച് ഫ്രഞ്ച് താരം ചൗമേനി പിടിച്ചെടുത്തു. തുടര്‍ന്ന് ഒലിസിനെ ലക്ഷ്യമാക്കി പന്ത് നീട്ടി. ഒലിസില്നിന്നു പന്ത് ലഭിച്ച ബ്രാഡ്ലി ബര്‍കോള, തന്നെ വളയാനെത്തിയ സ്വീഡിഷ് ഡിഫെന്‍ഡേഴ്സിനെ കബളിപ്പിച്ച് പന്ത് ഉജ്വല ഫിനിഷിംഗിലൂടെ വലയിലാക്കി. 2-0ന് ഫ്രാന്‍സ് മുന്നില്‍.
61-ാം മിനിറ്റില്‍ ഒലിസ് വല കുലുക്കുമെന്നു തോന്നിപ്പിച്ചെങ്കിലും സ്വീഡിഷ് ഗോള്‍ കീപ്പര്‍ വിഡെല്‍ സെറ്റര്‍സ്ട്രോം തടസമായി. 71-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മറ്റൊരു ഗോള്‍ശ്രമവും സ്വീഡിഷ് ഗോള്‍മുഖത്ത് നിര്‍ജീവമായി.
ഗോള്‍ 03 എംബപ്പെ രണ്ട്
53-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ ഫ്രാന്‍സിന്റെ മൂന്നാമത്തെയും തന്റെ രണ്ടാമത്തെയും ഗോള്‍ സ്വന്തമാക്കി. മൈക്കല്‍ ഒലിസിന്റെ അസിസ്റ്റില്‍നിന്നായിരുന്നു എംബപ്പെയുടെ ഫിനിഷിംഗ്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ എംബപ്പെയുടെ 18-ാം ഗോള്‍. മെസിയിലേക്ക് (19 ഗോള്‍) ഒരു ചുവടുകൂടി അടുത്തു.
രണ്ട് ഗോളിന് അസിസ്റ്റ് നടത്തിയ ഒലിസും ഒരു ഗോളിന് അസിസ്റ്റ് നടത്തിയ ഉസ്മാന് ഡെംബെലെയുമാണ് ഫ്രാന്‍സിന്റെ കളി നിയന്ത്രിച്ചത്. പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. റൗണ്ട് ഓഫ് 32ല്‍ ജര്‍മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-3നു കീഴടക്കിയാണ് പരാഗ്വെയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30നാണ് ഫ്രാന്‍സ് x പരാഗ്വെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം.
Tags : Mbappe joins Messi in goal hunt