ഹൈദരാബാദ്: ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും തകർത്താടിയ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 216 റൺസിന്റെ കൂറ്റൻ സ്കോർ. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിനെ വിറപ്പിച്ചത് ഐപിഎൽ അരങ്ങേറ്റക്കാരനായ പ്രഫുൽ ഹിങ്കെയുടെ അവിശ്വസനീയ പ്രകടനമാണ്. വിദർഭയിൽ നിന്നുള്ള ഈ യുവതാരം തന്റെ കരിയറിലെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ്. ഈ സീസണിലെ മികച്ച ഫോമിലുള്ള വൈഭവ് സൂര്യവംശിയെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കിയാണ് പ്രഫുൽ വിക്കറ്റ് വേട്ട തുടങ്ങിയത്.
വൈഭവ് സൂര്യവംശിയെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിച്ച് പുറത്താക്കിയതിന് പിന്നാലെ ധ്രുവ് ജൂറലിനെ ഇൻസൈഡ് എഡ്ജിലൂടെ ക്ലീൻ ബൗൾഡിന് പുറത്താക്കി. പിന്നാലെ എത്തിയ ലുവാൻഡ്രെ പ്രിട്ടോറിയസ് ലോങ് ലെഗിൽ ക്യാച്ച് നൽകി പുറത്തായി. ഒരേ ഓവറിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയാണ് പ്രഫുൽ ഹിങ്കെ രാജസ്ഥാൻ റോയൽസിന്റെ നട്ടെല്ലൊടിച്ചത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അരങ്ങേറ്റ പ്രകടനങ്ങളിൽ ഒന്നായി ഇത് മാറി. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മത്സരത്തിൽ വ്യക്തമായ മേൽക്കൈ ലഭിച്ചിട്ടുണ്ട്.
Tags : Sunrisers Praful Hinch Latest News