മൈതാനത്തിന്റെ ഏത് കോണിലേക്കും അനായാസം പന്ത് പായിക്കുന്ന അസാധാരണമായ റിഫ്ലെക്സുകൾ, പ്രായത്തെ വെല്ലുന്ന മാച്ച് റീഡിംഗ് മികവ്, ലോകോത്തര ബൗളർമാരുടെ അപ്രമാദിത്തത്തെയും വേഗതയെയും ഭയമില്ലാതെ നേരിടാനുള്ള അസാധാരണമായ ടൈമിംഗ്... ക്രിക്കറ്റ് ലോകം ഇന്ന് വിസ്മയത്തോടെ നോക്കുന്ന 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ പ്രത്യേകതകൾ ഇവയൊക്കെയാണ്.
വെറുമൊരു കൗമാരക്കാരന്റെ കളി കവിഞ്ഞ്, അതിശയിപ്പിക്കുന്ന ബാറ്റിംഗ് കരുത്തുള്ള ഈ "സൂപ്പർ കിഡ്' ഇപ്പോൾ ഇന്ത്യൻ സീനിയർ ട്വന്റി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കേവലം 15 വയസും 71 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവിന് ദേശീയ ടീമിലേക്ക് രാജകീയമായ പ്രവേശനം ലഭിച്ചിരിക്കുന്നത്.
1989-ൽ തന്റെ 16-ാം വയസിൽ സച്ചിൻ സ്ഥാപിച്ച "ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം' എന്ന റിക്കാർഡ് ആണ് ഇതോടെ പഴങ്കഥയായത്. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ നിരയിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്.

ദൈവത്തിന്റെ സന്തതി
ബാല്യകാല ക്രിക്കറ്റ് പരിശീലകൻ മനീഷ് ഓജ വൈഭവിനെ ദൈവത്തിന്റെ സന്തതി എന്നാണ് വിശേഷിപ്പിച്ചത്. കുഞ്ഞു വൈഭവിന്റെ അസാമാന്യ ബാറ്റിംഗ് കഴിവുകൾ തന്നെയാണ് അദ്ദേഹത്തെ അങ്ങനെ വിളിപ്പിക്കാൻ പ്രേരിപ്പിച്ചത്.
ഇടംകൈയിൽ ബാറ്റ് പിടിക്കുന്നതിൽ തന്നെ തുടങ്ങുന്നു വൈഭവിന്റെ പ്രത്യേകത. ബാറ്റിന്റെ പിടിയിൽ ഏറ്റവും അറ്റത്താണ് താരത്തിന്റെ ഗ്രിപ്. ഇത് ഷോട്ടുകൾക്ക് കൂടുതൽ കരുത്തു നൽകുന്നു. ഫുട് വർക്കിലെ ചടുലത ബോളിനെ അനായാസം പ്രഹരിക്കാൻ ആവശ്യമായ ഇടം ഒരുക്കിക്കൊടുക്കും.
വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ തുടങ്ങിയ കൊലക്കൊമ്പന്മാർ എല്ലാം ഇന്ന് ഈ ടീനേജുകാരന്റെ ഫാനായി മാറിയതും ആ ബാറ്റിംഗ് ജീനിയസിന്റെ അസാമാന്യ കഴിവുകൾ തിരിച്ചറിഞ്ഞുതന്നെയാണ്.
ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ട്വന്റി - 20 ക്രിക്കറ്റിന്റെ ആപ്തവാക്യതിന് ഏറ്റവും ചേർന്ന താരം തന്നെ വൈഭവ്. പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകന്റെ കാരക്ടർ പറയുന്നതുപോലെ, "പന്തെറിയുന്നത് ആരായാലും എങ്ങനെ ആയാലും അവന് അടിക്കാനല്ലേ അറിയൂ. ഡിഫെൻഡ് ചെയ്യാൻ അറിയില്ലല്ലോ'.
ഇനി വൺഡേ ക്രിക്കറ്റ് ആയാലും ടെസ്റ്റ് ക്രിക്കറ്റ് ആയാലും വൈഭവിന്റെ ശൈലി മാറില്ലെന്നുറപ്പ്.
ഐപിഎല്ലിനെ പൂരപ്പറമ്പാക്കിയ ബാറ്റിംഗ് മികവ്
ഈ വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വൈഭവ് നടത്തിയ പ്രകടനം കേവലം അക്കങ്ങളിൽ ഒതുങ്ങുന്നതല്ല. ട്വന്റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയാണ് താരം പുറത്തെടുത്തത്.
16 ഇന്നിംഗ്സുകളിൽ നിന്നായി 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസാണ് ഈ കുട്ടിത്താരം അടിച്ചുകൂട്ടിയത്. ടൂർണമെന്റിലുടനീളം 72 സിക്സറുകൾ പറത്തി ക്രിസ് ഗെയ്ലിന്റെ 14 വർഷം പഴക്കമുള്ള റിക്കാർഡും വൈഭവ് തകർത്തു.
ഗുജറാത്ത് ടൈറ്റൻസിനെതിരേ വെറും 38 പന്തിൽ നിന്നായിരുന്നു വൈഭവിന്റെ മിന്നൽ സെഞ്ച്വറി. സീസണിലെ ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ തുടങ്ങി പ്രധാനപ്പെട്ട അഞ്ച് പുരസ്കാരങ്ങളും ഈ വണ്ടർ കിഡ് സ്വന്തമാക്കി.

അണ്ടർ-19 ലോകകപ്പിലെ വിശ്വരൂപം
ഐപിഎല്ലിന് തൊട്ടുമുമ്പ് നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ ആറാം തവണയും കിരീടത്തിലേക്ക് നയിച്ചത് വൈഭവിന്റെ ബാറ്റിംഗ് കരുത്തായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ വെറും 80 പന്തിൽ നിന്ന് 15 ഫോറും 15 സിക്സറുമടക്കം 175 റൺസ് ആണ് താരം നേടിയത്.
അണ്ടർ-19 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.
അഗാർക്കറുടെ മാസ്റ്റർപ്ലാനും വരാനിരിക്കുന്ന വെല്ലുവിളികളും
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മുംബൈയിൽ യോഗം ചേർന്നാണ് ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ടീമിലേക്ക് വൈഭവിനെ തെരഞ്ഞെടുത്തത്. തിലക് വർമയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
ഈ മാസം 26, 28 തീയതികളിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിലാവും താരം ഇന്ത്യക്കായി അന്താരാഷ്ട്ര തലത്തിൽ അരങ്ങേറുക. തുടർന്ന് ഇംഗ്ലണ്ട് പരമ്പരയിലും ഏഷ്യൻ ഗെയിംസിലും താരം കളിക്കും.
സച്ചിന്റെ റിക്കാർഡ് തകർത്താണ് അങ്ങേറ്റമെങ്കിലും മാസ്റ്റർ ബ്ലാസ്റ്ററുടെ 34,357 അന്താരാഷ്ട്ര റൺസുകളും 100 സെഞ്ച്വറികളും ഉൾപ്പെടെയുള്ള റികാർഡുകൾ തകർത്ത് വൈഭവ് മറ്റൊരു ഇതിഹാസമാകണം എന്നാണ് ക്രിക്കറ്റ് ആരാധകരുടെ സ്വപ്നം.
ഈ സ്വപ്നം യഥാർഥ്യമാക്കാൻ വൈഭവിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലും, പ്രതിഭയുടെ കാര്യത്തിൽ സച്ചിനോട് ഉപമിക്കാവുന്ന ഈ ഇടംകൈയ്യൻ ബാറ്റർ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിക്കുമെന്നാണ് ആരാധകരും മുൻ താരങ്ങളും വിശ്വസിക്കുന്നത്.
Tags : Vaibhav Sooryavanshi Sachin Tendulkar India Cricket