ലോക ജൂണിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ജേതാവായ അനഹത് സിംഗ്
നയാഗ്ര (കാനഡ): ലോക ജൂണിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി അനഹത് സിംഗ്. കാനഡയിലെ നയാഗ്രയിൽ നടന്ന സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (11-3, 11-7, 11-9) പരാജയപ്പെടുത്തിയാണ് ഈ ഡൽഹിക്കാരി സ്വർണ മെഡൽ സ്വന്തമാക്കിയത്.
ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അനഹത് സ്വന്തം പേരിൽ കുറിച്ചു. 2010നു ശേഷം വനിതാ ലോക ജൂണിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റിക്കാർഡും അനഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കിരീട കുതിപ്പിനാണ് ഇന്ത്യൻ താരം വിരാമമിട്ടത്. 2005ൽ ജോഷ്ന ചിന്നപ്പ ഫൈനലിൽ കടന്നതായിരുന്നു ലോക ജൂണിയർ സ്ക്വാഷിൽ ഇതിനുമുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
ഓസ്ട്രേലിയൻ താരം ലില്ലി വിൽസനെ തോൽപ്പിച്ചാണ് അനഹത് ജൈത്രയാത്ര ആരംഭിച്ചത്. ഹോങ്കോങ്ങിന്റെ പുയി യിൻ ക്ലോയി ലോ, മലേഷ്യയുടെ ഡോയ്സ് യേ സാംഗ് ലീ എന്നിവരെയും ക്വാർട്ടറിൽ ഈജിപ്തിന്റെ ഹബീബ റിസ്കിനെയും സെമിയിൽ ബാർബ് സമേഹിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. ഫൈനലിലും ഈജിപ്ഷ്യൻ താരത്തെ അനായാസം മറികടന്നാണ് താരം ചരിത്ര വിജയം നേടിയത്.
Tags : Anahat Singh Junior Squash Championship Historic Win Sports SportsNews Highlights