അയോധ്യ രാമക്ഷേത്രം
ലക്നോ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്.
ലക്നോ റേഞ്ച് ഐജി എസ്.കിരൺ, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്എസ്പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ അംഗങ്ങൾ. മോഷണവുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണങ്ങളും സാങ്കേതിക പരിശോധനകളും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യണം.
ഇതിനായി പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയിരുന്നു. നേരത്തെ ലക്നോ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ കുമാർ എന്നിവരടങ്ങുന്ന സംഘമായിരുന്നു അന്വേഷണം നടത്തിയിരുന്നത്.
അതേസമയം പുതിയ എസ്ഐടിയുടെ നേതൃത്വത്തിൽ ഇതിനോടകം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. നേരത്തെ സിസിടിവി ദൃശ്യങ്ങളും സംഭാവന രജിസ്റ്ററും പണം എണ്ണുന്ന നടപടിക്രമങ്ങളും സാമ്പത്തിക രേഖകളും എസ്ഐടി സംഘം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുനഃസംഘടിപ്പിച്ച പുതിയ അന്വേഷണ സംഘം കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കും.
Tags : Ayodhya donation Scam UttarPradesh SIT Reconstituted Police Case SIT IPS Officers