കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടം
മലപ്പുറം: നിയന്ത്രണം വിട്ട സ്വകാര്യബസ് ഡിവൈഡറിലിടിച്ച് കാറിനു മുകളിലേക്ക് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ 11 ന് കുറ്റിപ്പുറത്തുണ്ടായ അപകടത്തിൽ പെരുവയൽ സ്വദേശി വൈഷ്ണവാണ് മരിച്ചത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണാണ് വൈഷ്ണവ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു. റോഡ് നനഞ്ഞുകിടന്നതും അമിതവേഗതയുമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികളും നാട്ടുകാരും പറഞ്ഞു.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോട്ടക്കലിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
Tags : Accident BusAccident Bus Overturns Kuttippuram Malappuram Death Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash