മുങ്ങിയ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തുന്നു
ബീജിംഗ്: ദക്ഷിണ ചൈനാക്കടലില്‍ വിയറ്റ്നാം ചരക്കുകപ്പല്‍ മുങ്ങി 23 പേരെ കാണാതായി. 62 ജീവനക്കാരുമായി സഞ്ചരിച്ച 'ഖോയ് ന്ഗുയെന് 18' എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരത്തോടെ യോംഗ്ഷു റീഫിന് സമീപത്തുവച്ചാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 39 ജീവനക്കാരെ രക്ഷപ്പെടുത്താനായിട്ടുണ്ട്.
വൈകീട്ട് 6:30-ഓടെ കപ്പലില്‍ നിന്ന് അപകടസൂചന ലഭിച്ചതായി ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ ആറ് കപ്പലുകളും ഒരു രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്ററും ഒരു വിയറ്റ്നാം കപ്പലും ചേര്‍ന്ന് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
ചൈനയുടെ ഹൈനാൻ പ്രവിശ്യാ അധികൃതരുടെ വിവരപ്രകാരം വിയറ്റ്നാം രജിസ്ട്രേഷനുള്ള ഈ ചരക്കുകപ്പലിന് ഏകദേശം 70 മീറ്ററോളം നീളമുണ്ട്. സംഭവത്തില്‍ വിയറ്റ്നാം വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Tags : Vietnamese cargo vessel sinks South China Sea missing