ബിസിസിഐ കണ്ണുരുട്ടി, വിണ്ണിലായിരുന്ന സൂപ്പര്‍ താരങ്ങള്‍ മണ്ണിലിറങ്ങി... ആഭ്യന്തരം കളിക്കാതെ ദേശീയ ടീമില്‍ തുടരാമെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ പഴയ ചിന്താഗതി പൂര്‍ണമായി പൊളിച്ചെഴുതിയ വര്‍ഷമാണ് 2025. അതുകൊണ്ടുതന്നെ, ഈ കലണ്ടര്‍വര്‍ഷത്തെ അവസാന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെയ്ക്ക് സമീപ കാലത്തെങ്ങുമില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ തിളക്കമുണ്ട്.
50 ഓവര്‍ ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയുടെ 2025-26 സീസണിനു നാളെ തുടക്കം കുറിക്കും. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിങ്ങനെ വൈഭവ് സൂര്യവംശിവരെ നീളുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും.
പതിറ്റാണ്ടിനുശേഷം രോ-കോ
ഇന്ത്യന്‍ ക്രിക്കറ്റ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി അടക്കിവാണവരാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും. 2024 ഐസിസി ട്വന്റി-20 ലോകകപ്പ് നേട്ടത്തോടെ ഇരുവരും ആ ഫോര്മാറ്റില്നിന്നു വിരമിച്ചു. 2024-25 ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ രോഹിത്, കോഹ്ലി എന്നിവരുടെ ടെസ്റ്റ് ഫോം ചോദ്യം ചെയ്യപ്പെട്ടു. അതോടെ, ബിസിസിഐ ഇരുവര്‍ക്കും അന്ത്യശാസന നല്കി. ആഭ്യന്തര ടെസ്റ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി കളിക്കണം. അങ്ങനെ 12 വര്‍ഷത്തിനുശേഷം കോഹ്ലി ഡല്‍ഹിക്കായും 10 വര്‍ഷത്തിനുശേഷം രോഹിത് മുംബൈക്കായും രഞ്ജി കളിച്ചു. എന്നാല്‍, 2025 ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ഇരുവരും ടെസ്റ്റിനോട് വിടപറഞ്ഞു.
ആദ്യം കോഹ്ലി, പിന്നെ രോഹിത്
15 വര്‍ഷത്തിനുശേഷമാണ് കോഹ്ലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനൊരുങ്ങുന്നത്. 2010നുശേഷം കോഹ്ലി ഈ ടൂര്‍ണമെന്റ് കളിച്ചിട്ടില്ല. ഡല്‍ഹിയുടെ ആദ്യ മൂന്നു മത്സരങ്ങളില്‍ കോഹ്ലി കളിക്കും. ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ടീമില്‍ ഹര്‍ഷിത് റാണ, ഇഷാന്ത് ശര്‍മ തുടങ്ങിയവരുമുണ്ട്.
ഏഴ് വര്‍ഷത്തിനുശേഷമാണ് രോഹിത് വിജയ് ഹസാരെ കളിക്കുന്നത്. 2018 സെമിയില്‍ ഹൈദരാബാദിന് എതിരേയായിരുന്നു രോഹിത്തിന്റെ അവസാന മത്സരം. മുംബൈയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ രോഹിത് കളിക്കും. ആദ്യം പ്രഖ്യാപിച്ച ടീമില്‍ രോഹിത് ഇല്ലായിരുന്നു.
ഷാര്‍ദുള്‍ ഠാക്കൂര്‍ നയിക്കുന്ന മുംബൈയ്ക്കൊപ്പം സര്‍ഫറാസ് ഖാനുമുണ്ട്. നിലവിലെ ടീമില്‍ ഇല്ലെങ്കിലും യശസ്വി ജയ്സ്വാളും മുംബൈക്കായി ഈ സീസണില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗില്‍, അഭിഷേക്, സഞ്ജു
2026 ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പഞ്ചാബിന്റെ വിജയ് ഹസാരെ ട്രോഫി ടീമിലുണ്ട്. ഗില്ലിനൊപ്പം അഭിഷേക് ശര്‍മ, അര്‍ഷദീപ് സിംഗ് തുടങ്ങിയ വമ്പന്മാരും പഞ്ചാബിനു കരുത്തേകും.
ട്വന്റി-20 ലോകകപ്പിനുള്ള സഞ്ജു സാംസണ് കേരളത്തിന്റെ വിജയ് ഹസാരെ സംഘത്തിലുണ്ട്. ലോകകപ്പ് ട്വന്റി-20 ടീമില്‍ ഇടംലഭിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ബറോഡ സംഘത്തിലുള്‍പ്പെട്ടു. സഞ്ജുവിനെ ട്വന്റി-20 ഓപ്പണറാക്കണമെന്ന് ടീം മാനേജ്മെന്റില്‍ ആവശ്യമുന്നയിച്ച ഹാര്‍ദിക് പാണ്ഡ്യയും ബറോഡയ്ക്കൊപ്പമുണ്ട്.
രാഹുല്‍, ഷമി, വൈഭവ്
വിജയ് ഹസാരെയില്‍ നിലവിലെ ചാമ്പ്യന്മാരായ കര്‍ണായകയെ നയിക്കുന്നത് മായങ്ക് അഗര്‍വാളാണ്. കെ.എല്‍. രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കര്‍ണാടക ടീമിലുണ്ട്. 14കാരനായ വെടിക്കെട്ടുകാരന് വൈഭവ് സൂര്യവംശി ബിഹാറിനായും ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കാത്തിരിക്കുന്ന മുഹമ്മദ് ഷമി ബംഗാളിനായും കളിക്കും.
ഇഷാന് കിഷന് (ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (മഹാരാഷ്ട്ര ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി (ആന്ധ്ര ക്യാപ്റ്റന്‍), രവി ബിഷ്ണോയ് (ഗുജറാത്ത്), റിങ്കു സിംഗ്, ധ്രുവ് ജുറെല്‍ (ഉത്തര്‍പ്രദേശ്), സായ് സുദര്ശന് (തമിഴ്നാട്) തുടങ്ങിയ മുന്‍നിര താരങ്ങളും ഇത്തവണത്തെ വിജയ് ഹസാരെയ്ക്കുണ്ട്.
2027 ലോകകപ്പ് ലക്ഷ്യം
ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പര, ഐസിസി 2027 ഏകദിന ലോകകപ്പ് ടീമുകളില്‍ ഇടംനേടുകയാണ് ഏവരുടെയും ലക്ഷ്യം. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കരുണ്‍ നായര്‍ ഒമ്പതു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയതുള്പ്പെടെയുള്ള പ്രചോദനം മുന്നിലുണ്ട്. ബിസിസിഐയുടെ കരാറില്‍നിന്ന് 2023ല്‍ പുറത്താക്കപ്പെട്ട ശ്രേയസ് അയ്യര്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഏകദിന ടീമിലും ഇഷാന് കിഷന് 2026 ഐസിസി ട്വന്റി-20 ടീമിലും ഉള്‍പ്പെട്ടതും ആഭ്യന്തര ക്രിക്കറ്റിലെ മികവിനെത്തുടര്ന്നാണെന്നതും ശ്രദ്ധേയം.
Tags : superstar debut Vijay Hazare Trophy Cricket