University News
എംജി സര്വകലാശാല ഒക്ടോബര് ഒന്നിന് നടത്താനിരുന്ന എട്ടാം സെമസ്റ്റര് പഞ്ചവത്സര ബിഎ, ബിബിഎ, ബികോം എല്എല്ബി (2022 അഡ്മിഷന് റെഗുലര്സ 2018 മുതല് 2021 വരെ അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല് 2017 വരെ അഡ്മിഷന് മേഴ്സി ചാന്സ് പരീക്ഷകള് ഒക്ടോബര് 16 ലേക്ക് മാറ്റിവെച്ചു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. mgu.ac.in
വാക്ക്-ഇന് ഇന്റര്വ്യൂ
എംജി സര്വകലാശാലാ സ്കൂള് ഓഫ് ഫിസിക്കല് എഡ്യൂക്കേഷന് ആന്ഡ് സ്പോര്ട്സ് സയന്സസില് ഗ്രൗണ്ട്സ്മാന് കം മാര്ക്കര് തസ്തികയിലേക്കുള്ള വാക്ക്-ഇന് ഇന്റര്വ്യൂ 26നു ഉച്ചയ്ക്ക് 12നു നടക്കും. ഉദ്യോഗാര്ഥികള് പൂരിപ്പിച്ച പ്രൊഫോര്മയും ബന്ധപ്പെട്ട രേഖകളും സഹിതം രാവിലെ 11നു ഓഫീസില് നേരിട്ട് ഹാജരാകണം. www.mgu.ac.in.
സൗജന്യ പിഎസ്സി പരിശീലനം
എംജി സര്വകലാശാലാ എംപ്ലോയ്മെന്റ് ഇന്ഫര്മേഷന് ആന്ഡ് ഗൈഡന്സ് ബ്യൂറോയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേര്ന്ന് സൗജന്യ പിഎസ്സി പരീക്ഷാ പരിശീലനം നല്കും. യോഗ്യത: പ്ലസ്ടു, ഡിഗ്രി. 22 വരെ ഓഫീസില് നേരിട്ട് അപേക്ഷ സമര്പ്പിക്കാം. ആദ്യം രജിസ്റ്റര് ചെയ്യുന്ന 50 പേര്ക്കാണ് പ്രവേശനം. 0481-2731025, 0481-2560413.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
നാലാം സെമസ്റ്റര് മാസ്റ്റര് ഓഫ് ഫിസിക്കല് എഡ്യൂക്കേഷന് ആന്ഡ് സ്പോര്ട്സ് (2024 അഡ്മിഷന് റെഗുലര്, 2022-2023 അഡ്മിഷന് സപ്ലിമെന്ററി, 2021 അഡ്മിഷന് ഫസ്റ്റ് മേഴ്സി ചാന്സ്) മാര്ച്ച് 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനും, സൂക്ഷ്മപരിശോധനക്കും ഒക്ടോബര് രണ്ടു വരെ ഓണ്ലൈന് ആയി അപേക്ഷിക്കാം. കൂടുതല് വിവരങ്ങള് വെബ്സൈറ്റില്.
രണ്ടാം സെമസ്റ്റര് ഇന്റഗ്രേറ്റഡ് മാസ്റ്റര് ഓഫ് കംപ്യൂട്ടര് ആപ്ലിക്കേഷന്സ് (2025 അഡ്മിഷന് റെഗുലര്, 2020 മുതല് 2024 അഡ്മിഷന് സപ്ലിമെന്ററി) ഏപ്രില് 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണ്ണയത്തിനും, സൂക്ഷ്മപരിശോധനക്കും ഒക്ടോബര് ഒന്നു വരെ ഓണ്ലൈന് ആയി അപേക്ഷിക്കാം. കൂടുതല് വിവരങ്ങള് വെബ്സൈറ്റില്.
എംജി സര്വകലാശാല രണ്ടാം സെമസ്റ്റര് ബിഎഡ് സ്പെഷല് എഡ്യൂക്കേഷന് (2025 അഡ്മിഷന് റെഗുലര്, 2023, 2024 അഡ്മിഷന് സപ്ലിമെന്ററി, 2020 മുതല് 2022 അഡ്മിഷനുകള് മേഴ്സി ചാന്സ് ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനി്ണയത്തിനും,സൂക്ഷ്മ പരിശോധനക്കും ഒക്ടോബര് ഒന്നു വരെ ഓണ്ലൈന് ആയി അപേക്ഷിക്കാം. വിശദവിവരങ്ങള് വെബ്സൈറ്റില്.
National
ബംഗളൂരു: ഇന്ത്യയും പാനമയും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ തീയതി മാറ്റി. ഈ മാസം 26ന് നിശ്ചയിച്ചിരുന്ന മത്സരം ഒരു ദിവസം മുന്പ് നടക്കും.
25ന് നടക്കുന്ന മത്സരത്തിന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയം വേദിയാകും. ഇരു രാജ്യങ്ങളുടെയും സീനിയർ പുരുഷ ടീമുകൾ തമ്മിലുള്ള ആദ്യ പോരാട്ടമാകുമിത്
Sports
കൊച്ചി: ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്.
ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്നും ഔദ്യോഗികമായി അറിയിച്ചത്. 2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ ഗൗച്ചോ (റൊണാൾഡോ ഡി അസ്സീസ് മൊറെയ്റ), റിവാൾഡോ വിറ്റോർ ബോർബ ഫെറെയ്റ എന്നിവരുടെ വരവാണ് ഈ വമ്പൻ പോരാട്ടത്തിന്റെ പ്രധാന ആകർഷണം.
ഇവർക്കൊപ്പം എഡ്മിൽസൺ ജോസ് ഗോമസ് ഡി മൊറായസ്, പൗലോ സെർജിയോ സിൽവെസ്ട്രെ ദോ നാസിമെന്റോ, ജിയോവാനി സിൽവ ഡി ഒലിവെയ്റ, ജെനിൽസൺ ആഞ്ചലോ ഡിസൂസ (ജൂനിയർ), പൗലോ സെർജിയോ റോസ (വിയോള), ഗോൾകീപ്പർ ഹ്യൂറെൽഹോ ദ സിൽവ ഗോമസ്, അലക്സാന്ദ്രെ ദ സിൽവ മരിയാനോ (അമാരൽ), ഗുസ്താവോ നെറി ഡി സാ ദ സിൽവ, റിക്കാർഡോ ഡി ഒലിവെയ്റ, ജോർജ്ജ് ഡി അമൊറിം കാമ്പോസ് (ജോർജീഞ്ഞോ), മാർസെലോ ഫെറെയ്റ ഫെർണാണ്ടസ് (കമാൻഡുകായ), എലിവെൽട്ടൺ ആൽവസ് റൂഫിനോ, എൽസൺ റൊഡ്രിഗസ് ഡി സൂസ, മാർക്കോസ് അന്റോണിയോ ഡി ലിമ (പാരാ), ഡിയോഗോ കോറിയ ഡി ഒലിവെയ്റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയിൽ പന്തുതട്ടും.
ഇന്ത്യൻ ഫുട്ബോളിന്റെ പ്രശസ്ത താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ അണിനിരക്കുന്ന ശക്തമായ നിരയാണ് ഇന്ത്യൻ ഓൾ സ്റ്റാർസിനായി കളത്തിലിറങ്ങുന്നത്. ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് ഈ അന്താരാഷ്ട്ര കായികമാമാങ്കം സംഘടിപ്പിക്കുന്നത്.
ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലായി നടക്കുന്ന ബ്രസീൽ മുൻ താരങ്ങളുടെ ഗ്ലോബൽ ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുക.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ തടഞ്ഞുവച്ച് അതിക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകരെ 11 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.
കാലടി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി പി.എസ്. അർച്ചനയടക്കം നൽകിയ ഹർജി 11ന് പരിഗണിക്കാനായി മാറ്റിയതിനെത്തുടർന്നാണ് അതുവരെ അറസ്റ്റ് തടഞ്ഞു ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
National
ജയ്പുർ: രാജ്യത്ത് എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നടത്തുന്ന പ്രവേശന പരീക്ഷയിൽ വീഴ്ചകൾ തുടരുന്നു.
ഇന്നലെ ജയ്പുരിൽ നടത്തിയ അഖിലേന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷ (എഐഎപിജിഇടി) മുടങ്ങിയതു കറന്റു പോയതിനെത്തുടർന്നായിരുന്നു. ജയ്പുരിലെ സത്യസായി പിജി കോളജിൽ രാവിലെ പത്തിനാണു പരീക്ഷ തുടങ്ങിയത്.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കിടെ ഒരു ക്ലാസിൽ 20 മിനിറ്റോളം കറന്റുപോയി. ഇതിനിടെ നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചില വിദ്യാർഥികൾ ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നു. പരീക്ഷയ്ക്കിരുന്ന 192 പേരിൽ 41 പേർക്കു പരീക്ഷ പൂർത്തിയാക്കാനായില്ല. കരണ്ട് പോയതോടെ കംപ്യൂട്ടറുകൾ പണിമുടക്കി.
സെപ്റ്റംബർ ഒന്നിനു പകരം പരീക്ഷ നടത്താമെന്ന് എൻടിഎ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ആയുർവേദ, ഹോമിയോപതി തുടങ്ങിയ വിഷയങ്ങളിലെ ബിരുദാന്തര ബിരുദ പ്രവേശനത്തിനുള്ളപരീക്ഷയായിരുന്നു നടന്നത്.
Kerala
തിരുവനന്തപുരം: ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാര്ഥികൾക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്ന്നിരുന്നു.
ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകള് അടയ്ക്കാനും തീരുമാനിച്ചത്. ഓണാഘോഷത്തിനിടെ എങ്ങനെ വിദ്യാര്ഥികൾ പരീക്ഷയെഴുതും എന്നായിരുന്നു ഉയര്ന്ന ആശങ്ക. എന്നാല് പരീക്ഷ മാറ്റിയതോടെ വിദ്യാര്ഥികള്ക്ക് ഓണാഘോഷത്തിന്റെ ഭാഗമാകാം.
ഓഗസ്റ്റ് 22 മുതല് 30 വരെയാണ് സര്ക്കാര് ഓണാവധി പ്രഖ്യാപിച്ചത്. എല്പി, യുപി, ഹൈസ്കൂള് വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള് ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും.
ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വിദ്യാലയങ്ങള് തുറക്കുക. പതിവില് നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസം അവധിയില്ല. ഒന്പത് ദിവസമേ ഓണം അവധി നല്കിയിട്ടുള്ളൂ.
Kerala
കൊച്ചി: മുത്തങ്ങ ഭൂസമരക്കേസിലെ ശിക്ഷാവിധിക്കെതിരായ പ്രതികളുടെ അപ്പീല് ഹൈക്കോടതി 17ന് പരിഗണിക്കാന് മാറ്റി.
അപ്പീലും അഞ്ചുവര്ഷത്തെ കഠിന തടവുശിക്ഷ വിധിച്ച കല്പ്പറ്റ സെഷന്സ് കോടതി ഉത്തരവ് മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും അന്നു പരിഗണിക്കാനായി ജസ്റ്റീസ് എ. ബദറുദ്ദീന് മാറ്റി.
സിബിഐ അഭിഭാഷകന്റെകൂടി നിര്ദേശം പരിഗണിച്ചാണു കേസ് മാറ്റിയത്. ആദിവാസി ഗോത്രമഹാസഭ നേതാക്കളായ എം. ഗീതാനന്ദന്, ബിനു, രമേശന്, അനില്കുമാര് എന്നിവരാണ് അപ്പീല് നല്കിയിരിക്കുന്നത്.
ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്ന് വിലയിരുത്തി സെഷന്സ് കോടതി ശിക്ഷ വിധിച്ചത് തെറ്റാണെന്നതടക്കമുള്ള വാദമാണു ഹര്ജിക്കാര് ഉന്നയിക്കുന്നത്.
നിയമവിരുദ്ധമായി സംഘംചേരല് കുറ്റം നിലനില്ക്കുന്നുണ്ടോയെന്ന കാര്യത്തില് കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടി. 2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്ര മഹാസഭ പ്രവര്ത്തകര് മുത്തങ്ങ വന്യജീവി സങ്കേതത്തില് അതിക്രമിച്ചു കയറി തകരപ്പാടിയിലും അമ്പുകുത്തിയിലും ചെക്ക്പോസ്റ്റുകള് സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന് കേസ്.
ഫെബ്രുവരി 19ന് കുണ്ട ന്വയലില് പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും തടയുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില് പോലീസ് കോണ്സ്റ്റബിള് വിനോദ് കൊല്ലപ്പെട്ടു.
District News
തൃശൂർ: സാങ്കേതികകാരണങ്ങളാൽ ഇന്നു നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് 22നു നടത്തുമെന്ന് തൃശൂർ ആർടിഒ അറിയിച്ചു. 22നു മുന്പായി ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുന്നവർക്ക് അറിയിപ്പ് ലഭിച്ചില്ലെങ്കിൽ ആർടിഒ ഓഫീസുമായി ബന്ധപ്പെട്ടു തീയതി മാറ്റിയെടുക്കാം.
Kerala
കോട്ടയം: എംജി സര്കലാശാല നാളെ നടത്താനിരുന്ന പരീക്ഷകള് മാറ്റിവച്ചു. പുതുക്കിയ തീയതികള് പിന്നീട് അറിയിക്കും.
തുല്യതാ പരീക്ഷ മാറ്റി
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര് സെക്കന്ഡറി വിഭാഗം ഇന്നു നടത്താനിരുന്ന തുല്യത പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കായികക്ഷമതാ പരീക്ഷ മാറ്റി
തിരുവനന്തപുരം: വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര് (തസ്തികമാറ്റം മുഖേന) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് ഈ മാസം നാല്, അഞ്ച് തീയതികളില് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില് നടത്താന് നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഓഗസ്റ്റ് രണ്ടിന് നടത്തുവാൻ തീരുമാനിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) മറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം കനത്ത മഴയെ തുടർന്ന് ഇന്ന് പരീക്ഷാ കേന്ദ്രങ്ങളിലെത്താനാവാത്ത ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് പിഎസ്സി അറിയിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരം.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പു കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള 2023ലെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ഭരണഘടനാബെഞ്ച് പരിഗണിക്കണോയെന്ന കാര്യത്തിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി.
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ 2023ൽ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് എന്ന സംഘടന സമർപ്പിച്ച ഹർജിയാണു ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
നിയമപ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനം തീരുമാനിക്കു ന്നത്.
Movies
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എന്റർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ നാലിന് തിയറ്ററുകളിലെത്തും. നേരത്തെ ജൂലൈ 24-ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്.
സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജിയും മഹാസുബൈറും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസ്പേർസ് - അതുൽ പ്രേം, സൈനുദ്ദീൻ. ഉദയ്കൃഷ്ണയാണ് രചന നിർവഹിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം.
അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് വർമ്മയും, അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.
ഒപ്പം ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ് ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - റോഷൻ എൻ. ജി. കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .സൗണ്ട് ഡിസൈൻ - കിഷൻ സപ്താ. ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-ചീഫ് അസോസിയേറ്റ് ഡയറക്ടർ - വി ബോസ്. പോസ്റ്റർ ഡിസൈൻ - ആന്റണി സ്റ്റീഫൻ. ആക്ഷൻ - കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പിആർഒ-വാഴൂർ ജോസ്.
Kerala
കോട്ടയം: നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്ന് കോടിമത പഴയപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം മാറ്റിവെച്ചു. നിലവിൽ നിർമാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ പണികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
ഇത് തുറന്നു കൊടുത്തതിനുശേഷമെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയുള്ളൂവെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. പഴയപാലത്തിന്റെ അപ്രോച്ച് റോഡ് അപകടകരമായ വിധത്തിൽ ഇടിഞ്ഞുതാഴ്ന്നു കിടക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരന്തരം അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നവീകരണപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കോടിമത വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ച് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൃത്യമായ ക്രമീകരണങ്ങളില്ലാതെ പൊടുന്നനെ ഗതാഗതം നിരോധിക്കുന്നത് നഗരത്തിൽ വൻ ഗതാഗത കുരുക്കിന് കാരണമാകുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് അധികൃതർ അറ്റകുറ്റപ്പണികൾ തൽക്കാലത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചത്. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കുന്നതോടെ പഴയപാലം അടച്ചിട്ടാലും നഗരത്തിൽ കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
University News
2026 ജൂലൈ 01 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംറ്റിഎം (മേഴ്സിചാൻസ്) പരീക്ഷയിൽ ജൂലൈ 01, 03 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട്
അറിയിക്കും.
എംഎഡ്: പ്രവേശനം തുടങ്ങി
ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ എംഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനം പുനരാരംഭിച്ചു. കേരളസർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത എല്ലാ വിദ്യാർഥികൾക്കും (General/Reservation/Management/PWD ഉൾപ്പെടെ) 08/07/2026 വരെ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും
(https://admissions.keralauniversity.ac.in) ശ്രദ്ധിക്കണം. ഹെൽപ്പ് ലൈൻ നമ്പർ : 8281883053 ( Whatsapp also), ഇമെയിൽ : [email protected].
പരീക്ഷാഫലം
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 ജൂലൈ 03 വരെ
www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2026 ജനുവരിയിൽ വിജ്ഞാപനം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഹിസ്റ്ററി (സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 - 2020 അഡ്മിഷൻ) ബിരുദ
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 07 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
2026 ജൂലൈ 08 ന് നടത്തുന്ന ജർമ്മൻ A2 (Deutsch A2) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ കേന്ദ്രം
2026 ജൂലൈ 08 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി (സപ്ലിമെൻഡറി – 2021 – 2023 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 & 2020 അഡ്മിഷൻ) പരീക്ഷയ്ക്ക് ആർ ശങ്കർ കോളജ് ഓഫ് ആർട്സ് & സയൻസ്, ചാത്തന്നൂർ പരീക്ഷാ കേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾ പ്രസ്തുത കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി ചാത്തന്നൂർ എംഇഎസ് ആർട്സ് & സയൻസ് കോളജിൽ പരീക്ഷ എഴുതേണ്ടതാണ്.
പിഎച്ച്ഡി രജിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു
ജൂലൈ 2026 സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജൂലൈ 01 മുതൽ 15 വൈകന്നേരം 5 മണി വരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ
വെബ്സൈറ്റിൽ (www.research.keralauniversity.ac.in) അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജൂലൈ 16 ന് വൈകുന്നേരം 5 മണിക്ക് മുൻപായി കേരള സർവകലാശാലയിൽ സമർപ്പിക്കണം.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂൺ 2026 (ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ), സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു 28നു നടത്താനിരുന്ന പ്രവേശനപരീക്ഷ മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2324396.
Kerala
കൊച്ചി: മട്ടന്നൂര് ഷുഹൈബ് വധക്കേസില് സിബിഐ അന്വേഷണത്തിനുള്ള സിംഗിള് ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്ക്കെതിരേ അപകീര്ത്തികരമായ പരാമര്ശങ്ങള് നടത്തിയെന്ന കെ. സുധാകരന് എംപിക്കെതിരായ കോടതിയലക്ഷ്യ ഹര്ജി പത്തു ദിവസത്തിനുശേഷം പരിഗണിക്കാന് മാറ്റി.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ വധിക്കപ്പെട്ട ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങ് ഈ മാസം അവസാനത്തേക്കോ ജൂലൈ ആദ്യത്തിലേക്കോ നീട്ടിവയ്ക്കാൻ തീരുമാനം.
ടെഹ്റാൻ മേയർ അലിറേസ സക്കാനി ഇക്കാര്യം അറിയിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 26നും ജൂലൈ അഞ്ചിനും ഇടയിൽ ചടങ്ങ് നടന്നേക്കും .
യുദ്ധം തുടങ്ങിയ ഫെബ്രുവരി 28നാണ് ഖമനയ് കൊല്ലപ്പെട്ടത്. സംസ്കാരച്ചടങ്ങ് മാർച്ച് നാലിനു നടത്താനായിരുന്നു ആദ്യ തീരുമാനം. യുദ്ധം നീണ്ടപ്പോൾ തീയതി മാറ്റിവച്ചു.
ജൂൺ ആദ്യം നടത്തിയേക്കുമെന്നായിരുന്നു ഇതിനു മുന്പത്തെ അറിയിപ്പ്. സംസ്കാരച്ചടങ്ങിൽ രണ്ടു കോടി പേർ പങ്കെടുക്കുമെന്നാണ് നിഗമനം.
Kerala
കൊച്ചി: ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ അഴിമതി ആരോപണങ്ങളിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ട് മുൻ സ്കൂൾ പ്രധാനാധ്യാപകൻ കൂടിയായ അനിൽ ബോസ് നൽകിയ ഹർജി ഹൈക്കോടതി പത്തിനു പരിഗണിക്കാൻ മാറ്റി.
ഡോ. ജയതിലക് സ്പൈസസ് ബോർഡ് ചെയർമാനായിരുന്ന കാലയളവിൽ ക്രമക്കേടുകൾ നടത്തിയെന്നും സ്വത്തുവിവരങ്ങൾ മറച്ചുവച്ചെന്നുമടക്കം ആരോപിച്ച് കഴിഞ്ഞ വർഷം വിജിലൻസിൽ പരാതി നൽകിയെങ്കിലും പ്രാഥമികാന്വേഷണം പോലുമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി.
വിഷയത്തിൽ സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതുകൂടി കണക്കിലെടുത്താണ് ജസ്റ്റീസ് എ. ബദറുദ്ദീൻ ഹർജി മാറ്റിയത്.
Kerala
കല്പ്പറ്റ: വയനാട്ടിലെ മുട്ടില് സൗത്ത് വില്ലേജില് റവന്യു പട്ടയഭൂമികളില്നിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില് സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള് ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമര്പ്പിച്ച ഹര്ജി തീര്പ്പായില്ല.
ഹര്ജി പരിഗണിച്ച ബത്തേരി ജൂഡീഷല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കുന്നതിന് ജൂണ് മൂന്നിലേക്ക് മാറ്റി. കുപ്പാടി ഡിപ്പോയില് സൂക്ഷിച്ചിരുന്ന തടികളുടെ പൂര്ണമായ കണക്ക് മുട്ടില് മരംമുറിക്കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘം സമര്പ്പിക്കാത്ത സാഹചര്യത്തിലാണ് ഹര്ജി മാറ്റിവച്ചത്.
പിടിച്ചെടുത്ത ഈട്ടികളുടെ മഹസര് പ്രത്യേക അന്വേഷണ സംഘം ഒരാഴ്ച മുമ്പ് കോടതിയില് ഹാജരാക്കിയിരുന്നു. തടികളുടെ കണക്കെടുപ്പ് കോടതി നിര്ദേശപ്രകാരം വീണ്ടും നടത്തിയാണ് മഹസര് തയാറാക്കിയത്.
800 കഷണം ഈട്ടിയാണ് ഡിപ്പോയില് സൂക്ഷിച്ചിരിക്കുന്നത്. തടികളുടെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് മഹസര് സമര്പ്പിച്ചത്. തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസില് ഉള്പ്പെട്ട വാഴവറ്റ അഗസ്റ്റിന് സഹോദരന്മാര് സമര്പ്പിച്ച ഹര്ജി നേരത്തേ കോടതി തള്ളിയിരുന്നു.
മുട്ടില് സൗത്ത് വില്ലേജില് അനധികൃതമായി മുറിച്ചതില് 231 ക്യുബിക് മീറ്റര് ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. തടികള് വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹര്ജി സമര്പ്പിച്ചത്. തടികള് ലേലം ചെയ്ത് തുക ഖജനാവില് സൂക്ഷിച്ചാല് അവ നശിക്കുന്നതുമൂലമുള്ള നഷ്ടത്തിന്റെ തോത് കുറയ്ക്കാന് കഴിയും.
വനം വകുപ്പ് കസ്റ്റഡിയില് സൂക്ഷിക്കുന്ന തടികള് മരക്കച്ചവടക്കാരായ തങ്ങള് ഭൂവുടമകളില്നിന്നു വിലയ്ക്കുവാങ്ങിയതാണെന്ന വാദം അഗസ്റ്റിന് സഹോദരന്മാര് കോടതിയില് ഉന്നയിച്ചിരുന്നു. മുറിച്ച മരങ്ങളുടെ പ്രായം നിര്ണയിച്ച സര്ട്ടിഫിക്കറ്റ് ഹാജരാക്കാന് അനുവദിക്കണമെന്ന ഡിഎഫ്ഒയുടെ ഹര്ജി കഴിഞ്ഞ ജൂണില് കോടതി നിരസിക്കുകയുമുണ്ടായി.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തടികളുടെ സംരക്ഷണത്തിന് 2023 ജനുവരി ആറിന് ജില്ലാ കോടതി നല്കിയ നിര്ദേശങ്ങള് വനം വകുപ്പ് പാലിച്ചിരുന്നില്ല. തടികള് മേല്ക്കൂരയുള്ള ഷെഡില് നിലത്തുനിന്നു മതിയായ ഉയരത്തില് വെിലോ മഴയോ ഈര്പ്പമോ തട്ടാതെ കേസ് തീര്പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്ദേശം.
ഉത്തരവ് തീയതി മുതല് ഒരു മാസത്തിനകം തടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിര്ദേശിച്ചിരുന്നു.തടികളുടെ സംരക്ഷണത്തിനു തക്കതായ നടപടികള് സ്വീകരിക്കാതെയാണ് ലേലത്തിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര് 24ന് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് റവന്യു പട്ടയഭൂമികളില് അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. മുട്ടില് സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില് 2020 നവംബര്, ഡിസംബര്, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അനധികൃത ഈട്ടിമുറി നടന്നത്.
ഇത് വിവാദമായതിനെത്തുടര്ന്ന് ജില്ലാ കളക്ടറുടെ നിര്ദേശപ്രകാരം 2021 ജൂണ് മൂന്നിന് വൈത്തിരി തഹസില്ദാര് നല്കിയ പരാതിയില് മീനങ്ങാടി പോലീസ് 281/2021 നമ്പറായി കേസ് രജിസ്റ്റര് ചെയ്തു. ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് 2023 ഡിസംബര് രണ്ടിന് ബത്തേരി കോടതിയില് കുറ്റപത്രം സര്പ്പിച്ചത്.
കേസ് നടന്നുവരികയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര് ചെയ്ത ഒആര് 01/2021 മുതല് 43/2021 വരെയുള്ള കേസുകളില് കുറ്റപത്ര സമര്പ്പണം വൈകുകയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസിൽ ഇടക്കാല ഉത്തരവ് പറയുന്നത് ജൂണ് രണ്ടിലേക്ക് മാറ്റി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
കോടതി നടപടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ വരുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സതീശൻ നൽകിയ ഉപഹർജിയിലാണ് കോടതി വിധി പറയുക. കൈരളി, ദേശാഭിമാനി ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വാർത്തകൾ വക്രീകരിച്ചു നൽകി തനിക്കെതിരേ അപകീർത്തികരമായ പ്രചാരണം നടത്തുന്നതു തടയണമെന്നാണ് ഉപഹർജിയിലെ ആവശ്യം.
ശബരമല സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെടുത്തി തനിക്കെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയ വി.ഡി. സതീശൻ പരസ്യമായി മാപ്പു പറയണമെന്നും സമാനമായ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനാണു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: എബോള ഭീതിയെ തുടർന്ന് ഡൽഹിയിൽ നടത്താനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. 28 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് ആഫ്രിക്കയിലെ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നീട്ടിയത്.
ആഫ്രിക്കൻ യൂണിയൻ അധികൃതരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉച്ചകോടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിൽ ഉൾപ്പെടെ എബോള റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.
ഉച്ചകോടിയുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. ഇന്ത്യയിൽ ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ലോകാരോഗ്യ സംഘടന ആഫ്രിക്കയിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
NRI
ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ സംഘടിപ്പിക്കുന്ന "ഹൂസ്റ്റൺ പൂരം' ആഘോഷങ്ങളുടെ തീയതി മാറ്റിവച്ചു.
മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് മേയ് ഒമ്പതിന് നിശ്ചയിച്ചിരുന്ന പരിപാടി മേയ് 16-ലേക്ക് മാറ്റിയതെന്ന് അസോസിയേഷൻ ഭാരവാഹികളായ ധനിഷാ സാം, ജോൺ ആന്റണി കാട്ടൂക്കാരൻ, ജിനോ ജോൺസ് പള്ളത്തു, മാത്യു എബ്രഹാം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
തീയതി മാറ്റം മൂലം സ്പോൺസർമാർക്കും കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന അസൗകര്യത്തിൽ ഭാരവാഹികൾ ഖേദം പ്രകടിപ്പിച്ചു.
പുതുക്കിയ തീയതിയിൽ കൂടുതൽ വിപുലമായ രീതിയിൽ പൂരം ആഘോഷിക്കുമെന്നും എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അസോസിയേഷൻ അറിയിച്ചു.
National
ന്യൂഡൽഹി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്ക്ക് മൂന്നു പാസ്പോർട്ടുണ്ടെന്ന് പവൻ ഖേര ആരോപിച്ചിരുന്നു.
തുടർന്ന് ആസാം പോലീസ് അദ്ദേഹത്തിനെതിരെകേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസിൽ ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് ആസാം പോലീസിന്റെ ആവശ്യം. എന്നാൽ പോലീസ് വാദത്തെ പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി എതിർത്തു.
അപകീർത്തി കേസ് മാത്രമേ നിലനിൽക്കുകയൂള്ളൂവെന്നും വ്യാജരേഖ ചമച്ചെന്ന വകുപ്പുകളടക്കം നിലനിൽക്കില്ലെന്നും സിംഗ് വാദിച്ചു. വിഷലിപ്തമായ പ്രസ്താവനകളാണ് ഹിമന്ത നടത്തുന്നതെന്ന് മനു അഭിഷേക് സിംഗ്വി പറഞ്ഞു.
പവൻ ഖേരയെ ജീവിതകാലം മുഴുവൻ ജയിലിലിടുമെന്ന് ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞതടക്കമുള്ള ദൃശ്യങ്ങൾ സിംഗ്വി കോടതിയിൽ ഹാജരാക്കി. തുടർന്ന് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
National
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് കടലൂരിൽ നടത്താനിരുന്ന റോഡ്ഷോ മാറ്റിവെച്ചു. ചെന്നൈയിൽ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായിരുന്നു വിജയ്യുടെ തീരുമാനം.
എന്നാൽ സുരക്ഷാ കാരണങ്ങളും മുൻനിശ്ചയിച്ച യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. യുവജനങ്ങൾ വലിയ തോതിൽ ബൈക്കുകളിൽ താരത്തെ പിന്തുടരുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ശിവഗംഗയിൽ നടന്ന റോഡ്ഷോയ്ക്കിടെ അഞ്ചുപേർ അപകടത്തിൽപ്പെട്ടിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുമാണ് റോഡ്ഷോ വേണ്ടെന്നുവച്ചതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
കടലൂരിലെ പരിപാടി മാറ്റിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി വിജയ് സജീവമായി രംഗത്തുണ്ട്. 14ന് പുതുക്കോട്ടയിൽ റോഡ്ഷോ നടത്താൻ വിജയ്ക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ പാസാക്കുന്നത് കേന്ദ്രസർക്കാർ തത്കാലത്തേക്കു മാറ്റിവച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണു നടപടി.
ബില്ലിനെതിരേ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാരും സിബിസിഐ അടക്കം വിവിധ ക്രൈസ്തവസഭാ നേതാക്കളും പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുൻ തീരുമാനം മാറ്റി, അവസാനനിമിഷം ലോക്സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽനിന്നു എഫ്സിആർഎ ഭേദഗതി ബിൽ നീക്കിയത്.
വിവാദ എഫ്സിആർഎ ഭേദഗതി ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ എംപിമാർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിൽ പരിഗണിക്കുന്നതു മാറ്റിയതായി ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ലോക്സഭയെ അറിയിച്ചത്.
പ്രതിഷേധം കടുപ്പിക്കാനായി പ്രചാരണം നിർത്തിവച്ച് എല്ലാ പ്രതിപക്ഷ എംപിമാരോടും ഡൽഹിയിലെത്താൻ കെ.സി. വേണുഗോപാൽ നിർദേശിച്ചതും സർക്കാരിനെ വെട്ടിലാക്കി. ചൊവ്വാഴ്ച പുറത്തിറക്കിയ ലോക്സഭയുടെ ഇന്നലത്തെ കാര്യപരിപാടിയിൽ എഫ്സിആർഎ ഭേദഗതി ബിൽ പരിഗണിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ കൊണ്ടുവരുന്നതിനും ബിൽ പാസാക്കുന്നതിലും നിശ്ചയിച്ചതായി അറിയിച്ചിരുന്നു.
എഫ്സിആർഎ ബില്ലിനെതിരേ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ബില്ലിലെ 20 വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്നു നിർദേശിച്ച് എൻ.കെ. പ്രേമചന്ദ്രൻ ഭേദഗതി പ്രമേയത്തിനും നോട്ടീസ് നൽകിയിരുന്നു.
ചോദ്യോത്തര വേള തുടങ്ങിയയുടൻ പ്രതിപക്ഷം പ്രശ്നം ഉന്നയിച്ചു ബഹളം വച്ചതോടെ ഉച്ചയ്ക്ക് 12 വരെ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു സ്പീക്കർ ഓം ബിർള നടപടികൾ നിർത്തിവച്ചു. യുഡിഎഫ് എംപിമാർക്കുപുറമെ എൽഡിഎഫ് എംപിയായ കെ. രാധാകൃഷ്ണനും പ്രതിഷേധത്തിൽ പങ്കാളിയായി.
ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവ സഭകളുടെ പ്രതിഷേധവും ദീപിക പത്രത്തിന്റെ നിലപാടും ഗൗരവമുള്ളതാണെന്നും എൻഡിഎ സ്ഥാനാർഥികൾക്കു കിട്ടിയേക്കാവുന്ന വോട്ടുകൾപോലും നഷ്ടമായേക്കാമെന്നും അമിത് ഷായെ നേരിട്ടു വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബോധ്യപ്പെടുത്തി. ഇതോടെയാണു വിവാദ ബിൽ തിരക്കിട്ടു പാസാക്കാനുള്ള നീക്കത്തിൽനിന്നു കേന്ദ്രം പിൻവാങ്ങിയത്. കഴിഞ്ഞ മാസം 25ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനു കാരണമായിരുന്നു.
കേരളം, ആസാം, തമിഴ്നാട്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രതിപക്ഷ എംപിമാരിൽ ഭൂരിപക്ഷവും പാർലമെന്റിൽ ഇല്ലാത്ത അവസരം മുതലെടുത്ത് വിവാദ ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രംകൂടിയാണു പൊളിഞ്ഞത്.
കേരളത്തിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി അനവസരത്തിൽ കൊണ്ടുവന്ന എഫ്സിആർഎ ഭേദഗതി ഫലത്തിൽ എൻഡിഎയ്ക്കു തിരിച്ചടിയും യുഡിഎഫിനും എൽഡിഎഫിനും രാഷ്ട്രീയനേട്ടവുമായി മാറിയെന്ന് ബിജെപി കേന്ദ്രനേതൃത്വം വിലയിരുത്തി.
അതേസമയം, തെരഞ്ഞെടുപ്പുകൾക്കുശേഷം വിവാദ എഫ്സിആർഎ ഭേദഗതി ബിൽ ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവന്ന് പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബില്ലിനെക്കുറിച്ച് കോൺഗ്രസ് അംഗങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു.
കേരളത്തിൽനിന്നുള്ള അംഗങ്ങൾ വിഷയം വഴിതിരിച്ചുവിടുകയാണ്. ബില് ഇന്നലെ പരിഗണനയ്ക്ക് എടുക്കില്ലെന്ന് കോണ്ഗ്രസ് അംഗങ്ങളെ അറിയിച്ചിരുന്നതാണെന്നും മന്ത്രി സഭയിൽ പറഞ്ഞു.
ബില്ലിനെക്കുറിച്ചു കേരളത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങള് അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കോണ്ഗ്രസും കമ്യൂണിസ്റ്റ് പാര്ട്ടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി സഭയിൽ വാദിച്ചു.
International
അബൂജ: ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നതിനിടെ സുരക്ഷാഭീഷണി നിലനില്ക്കുന്ന പശ്ചാത്തലത്തില് നൈജീരിയയിലെ പള്ളികളിൽ ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കുര്ബാന നേരത്തേ ക്രമീകരിക്കാന് തീരുമാനം.
മുന്വര്ഷങ്ങളില് പുലർച്ചെ നടന്നുവന്ന വിശുദ്ധ കുർബാനയർപ്പണം ശനിയാഴ്ച വൈകുന്നേരം അഞ്ചിനു നടത്താനാണു മെത്രാന്മാര് തീരുമാനമെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ ഇടവകകള്ക്കും നിർദേശം നൽകിയിട്ടുണ്ട്.
വിശേഷദിനങ്ങളുടെ സാഹചര്യത്തിൽ രാജ്യത്തെ ക്രൈസ്തവർ ആശങ്കയിലാണ്. പ്ലേറ്റോ സംസ്ഥാനത്തെ ജോസ് സിറ്റിക്കടുത്ത ആംഗ്വാൻ റുകുബയിൽ ഓശാനഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.
ക്രൈസ്തവരുടെ വിശേഷദിനങ്ങളായ ക്രിസ്മസ്, ഈസ്റ്റര് ഉള്പ്പെടെയുള്ള ദിനങ്ങളില് ഭീകരാക്രമണങ്ങൾ പതിവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു സുരക്ഷ മുൻനിർത്തി പുലർച്ചെയുള്ള തിരുക്കർമ്മങ്ങൾ നേരത്തേയാക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
Kerala
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമായി നിര്മിക്കുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി വിധി പറയാന് മാറ്റി.
National
ന്യൂഡൽഹി: വിവാദമായ എഫ്സിആർഎ ഭേദഗതി ബിൽ തിരക്കിട്ട് ഇന്നു പാസാക്കരുതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു.
വിശദമായ കൂടിയാലോചനകൾക്കായി ബിൽ പാർലമെന്ററി സമിതിക്കു റഫർ ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എംപിമാർക്കും അയച്ച കത്തിൽ സിബിസിഐ ആവശ്യപ്പെട്ടു.
സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾ കണ്ടുകെട്ടുന്നതുപോലുള്ള ശിക്ഷകളിലേക്കു നയിക്കുന്ന ബില്ലിലെ വ്യവസ്ഥ നീക്കണമെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ കേന്ദ്രസർക്കാരിനും എംപിമാർക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഏതെങ്കിലും പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിൽ തിരുത്തിക്കുന്നതിനാണ് സംവിധാനം ഉണ്ടാകേണ്ടത്. നിഷ്പക്ഷമായ വിധിനിർണയവും പരാതികളുടെ ഫലപ്രദമായ പരിഹാരവും ഉറപ്പാക്കുന്നതിന് സ്വതന്ത്ര അപ്പലേറ്റ് അഥോറിറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഭരണപരമായ വീഴ്ചകളുടെ പേരിൽ ആസ്തികൾ കണ്ടുകെട്ടി സർക്കാർ ഏറ്റെടുക്കുന്നതുപോലുള്ള അനുപാതമില്ലാത്ത ശിക്ഷകളിലേക്കു നയിക്കുന്നില്ലെന്ന് ഉറപ്പാക്കുക, ഉചിതമായ നടപടിക്രമങ്ങളും ജുഡീഷൽ മേൽനോട്ടവും നിലനിർത്തുന്നതിന് വ്യക്തമായ സുരക്ഷാ മാർഗങ്ങൾ അവതരിപ്പിക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, സുതാര്യത, ആനുപാതികത, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ ചട്ടക്കൂട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും അമിത് ഷായ്ക്ക് അയച്ച കത്തിലുണ്ട്.
കാരുണ്യപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമനടപടികൾ ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നതാകണമെന്നും സുപ്രധാന സംഭാവനകളെ തടസപ്പെടുത്തുന്നതിനു പകരം പ്രാപ്തമാക്കുകയാണു വേണ്ടതെന്നും ആർച്ച്ബിഷപ് ഡോ. അനിൽ ചൂണ്ടിക്കാട്ടി. ബിൽ ഇന്നു പാസാക്കുന്നതിനായി ലോക്സഭാ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതു ഞെട്ടിക്കുന്നുവെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു.
University News
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021, 2022, 2023 അഡ്മിഷൻ) 2026 മാർച്ച് 24 മുതൽ 31 വരെ ക്രമീകരിച്ചിരുന്ന എല്ലാ ബ്രാഞ്ചുകളുടെയും പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുനർക്രമീകരിച്ച പരീക്ഷ ടൈംടേബിൾ പിന്നീട് അറിയിക്കും.
പരീക്ഷാവിജ്ഞാപനം
2026 മേയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ ബികോം/ ബിഎസ്സി മാത്തമാറ്റിക്സ്/ ബിബിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022/2021 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സുവേളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ 24ന് അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
National
ന്യൂഡൽഹി: സംഘർഷത്തെ തുടർന്ന് ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. 12 മുതൽ 16 വരെ നടക്കാനിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സിബിഎസ്ഇ അറിയിച്ചു. സംഘർഷത്തെ തുടർന്ന് ഒമ്പതു മുതൽ 11 വരെ നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് മാർച്ച് 11 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു.
12ാം ക്ലാസിലെ വിദ്യാർഥികൾക്ക് ശനിയാഴ്ച നടക്കാനിരുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഗൾഫ് മേഖലയിലെ പരീക്ഷകളെല്ലാം മാറ്റിവച്ചിരുന്നു.
വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച വീണ്ടും യോഗം ചേരുമെന്നും അതിനുശേഷം പുതുക്കിയ തീയതികളും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നും സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്.
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ ഇന്ത്യൻ സ്കൂളുകൾക്കും അതാത് രാജ്യങ്ങളിലെ എംബസികൾക്കും അയച്ചിട്ടുണ്ട്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും.
തുടർന്ന് ഏഴുമുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. യുദ്ധത്തെ തുടർന്ന് രണ്ടാം തീയതിയിലെ പരീക്ഷയും മാറ്റിവച്ചിരുന്നു.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷമാറ്റണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോ-ഓർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശിപാർശനൽകിയിരുന്നു.
വ്യാഴാഴ്ചത്തെ പത്താം ക്ലാസ് പരീക്ഷയും, അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒമ്പത് പരീക്ഷാ സെന്ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.
Kerala
കൊച്ചി: ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ഡ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാദം പൂര്ത്തിയാകുന്നതുവരെ റിലീസിംഗ് പാടില്ലെന്ന് ഹൈക്കോടതി. ഇന്നു രാവിലെ ഹര്ജിയില് വീണ്ടും വാദം തുടരും.
സിനിമയ്ക്കു പ്രദര്ശനാനുമതി നല്കിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്ജിയാണു കോടതി പരിഗണിച്ചത്. നാളെ സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നതു കണക്കിലെടുത്ത് അതിനുമുമ്പ് സിനിമ കാണാന് കോടതി താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഹര്ജി നിലനില്ക്കുമോ എന്നതിലടക്കം എതിര്പ്പുന്നയിക്കാനുണ്ടെന്ന് നിര്മാതാക്കള് അറിയിച്ചതിനാല് ഇന്നലെ തുടര്വാദം നടത്തുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്നിന്നുള്ള യുവതികള് നിര്ബന്ധിത മതപരിവര്ത്തനത്തിനും തീവ്രവാദ പ്രവര്ത്തനങ്ങള്ക്കുംവേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമയ്ക്കു കേരള സ്റ്റോറി 2 എന്നു പേരിട്ടത് ബോധപൂര്വമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമാണ് കണ്ണൂര് സ്വദേശി ശ്രീദേവ് നമ്പൂതിരി നല്കിയ ഹര്ജിയില് ആരോപിക്കുന്നത്.
Sports
ഗ്വാഡലജാര (മെക്സിക്കോ): ഫുട്ബോൾ ലോകകപ്പ് ആതിഥേയ നഗരമായ മെക്സിക്കോയിലെ ഗ്വാഡലജാരയ്ക്ക് സമീപമുള്ള നഗരത്തിൽ സൈന്യം ലഹരിമരുന്ന് സംഘത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച നടത്തേണ്ടിയിരുന്ന നാല് ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു.
Kerala
മാനന്തവാടി: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവച്ചു. ഫെബ്രുവരി 25ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് ഒന്നിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.
ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്.
പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ് റൂം, സ്റ്റഡി റൂം, ഡൈനിംഗ് റൂം, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Business
വാഷിംഗ്ടണ്: ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാറിന് അന്തിമ രൂപം നൽകുന്നതിനായി വാഷിംഗ്ടണിൽ നിശ്ചയിച്ചിരുന്ന മുഖ്യ ചർച്ചാപ്രതിനിധികളുടെ യോഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജയിനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ നികുതി യുഎസ് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണു യോഗം മാറ്റിവച്ചതെന്നാണ് കരുതുന്നത്.
15 ശതമാനം അധിക തീരുവ കൂടി യുഎസ് സുപ്രീംകോടതി വിധിയെത്തുടർന്ന് ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് വ്യക്തമല്ല.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചർച്ചാസംഘം യുഎസ് സന്ദർശിക്കുന്ന കാര്യത്തിൽ, ഏറ്റവും പുതിയ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്താൻ ഇരുപക്ഷത്തിനും സമയം ലഭിച്ചതിനുശേഷം മാത്രം ഇന്ത്യൻ ചീഫ് നെഗോഷ്യേറ്ററുടെയും സംഘത്തിന്റെ സന്ദർശനം മതിയെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. ഇരുപക്ഷത്തിനും സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് ചർച്ച മാറ്റിവയ്ക്കും. ഇന്നു മുതൽ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ചർച്ചകൾക്കായി ഇന്ത്യൻ സംഘം തയാറെടുത്തിരുന്നത്.
ശനിയാഴ്ച, എല്ലാ രാജ്യങ്ങളുടെയും തീരുവ ഒരു ദിവസം മുന്പ് പ്രഖ്യാപിച്ച 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാളെ മുതൽ 150 ദിവസത്തേക്കാണ് ഇത് നടപ്പിൽ വരുന്നത്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന സാന്പത്തിക അജണ്ടയ്ക്ക് വലിയ തിരിച്ചടിയായി, ലോകരാജ്യങ്ങൾക്കു മേൽ ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നും 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് വ്യാപകമായ തീരുവകൾ ഏർപ്പെടുത്തിയതിലൂടെ പ്രസിഡന്റ് തന്റെ അധികാരം ലംഘിച്ചുവെന്നും യുഎസ് സുപ്രീംകോടതി വിധിച്ചു.
2025 ഓഗസ്റ്റിൽ ഇന്ത്യക്ക് മേൽ 25 ശതമാനം പകരം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട്, ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇത് ഇന്ത്യയുടെ മൊത്തം തീരുവകൾ 50 ശതമാനമാക്കി. ഈ മാസം ആദ്യം ഇന്ത്യയും യുഎസും ഒരു ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനുള്ള ഒരു ധാരണയിലെത്തി. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വാഷിംഗ്ടണ് 18 ശതമാനമായി കുറയ്ക്കും. ഇപ്പോൾ, ശിക്ഷാപരമായ 25 ശതമാനം നീക്കം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 25 ശതമാനം നിലവിലുണ്ട്.
സുപ്രീം കോടതി വിധിക്കു പിന്നാലെ ട്രംപ് വ്യാപാര തീരുവകൾ വീണ്ടും 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ചു. ഈ തീരുവ പ്രാബല്യത്തിൽ വരുകയാണെങ്കിൽ, നിലവിലുള്ള മോസ്റ്റ് ഫേവേഡ് നേഷൻ (എംഎഫ്എൻ) അല്ലെങ്കിൽ യുഎസിലെ ഇറക്കുമതി തീരുവയ്ക്ക് പുറമേയായിരിക്കും. ഉദാഹരണത്തിന്, ഒരു ഉത്പന്നത്തിന് 5 ശതമാനം എംഎഫ്എൻ തീരുവ ഉണ്ടെങ്കിൽ, 15 ശതമാനം അധിക തീരുവ കൂടി ചേർത്ത് 20 ശതമാനമായി മാറും. നേരത്തേ, ഇത് അഞ്ചു ശതമാനത്തോടൊപ്പം 25 ശതമാനം അധിക നികുതി കൂടി ചേർന്ന് 30 ശതമാനമായിരുന്നു.
150 ദിവസത്തെ കാലയളവിനുശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ യുഎസ് താരിഫ് എന്തായിരിക്കുമെന്ന് വ്യക്തതയില്ല.
ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും നിലവിലുള്ള ധാരണപത്രം ഒരു നിയമപരമായ രേഖയാക്കി മാറ്റേണ്ടതുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള നിയമരേഖ അന്തിമമാക്കുന്നതിന്, ഇന്ത്യൻ സംഘം ഇന്നു മുതൽ 26 വരെ വാഷിംഗ്ടണിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
കരാർ മാർച്ചിൽ ഒപ്പുവയ്ക്കാനും ഏപ്രിലിൽ നടപ്പിലാക്കാനും സാധ്യതയുണ്ടെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുൻമന്ത്രി ആന്റണി രാജുവിന്റെ ഉപഹർജിയിൽ ഇടക്കാല ഉത്തരവു പറയുന്നതു 16ലേക്കു മാറ്റി. ഉത്തരവു തയാറാക്കാത്തതിനെ തുടർന്നാണു കോടതി നടപടി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം എംഎൽഎ ആയിരുന്ന ആന്റണി രാജുവിനു നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷാവിധി കഴിഞ്ഞ ദിവസം താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
ഈ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നു പ്രതിഭാഗവും ശിക്ഷ നിയമപരമായി നിലനിൽക്കുന്നതും തൃപ്തികരവുമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.
Kerala
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച (12-02-26) നടക്കാനിരുന്ന കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീയതി മാറ്റി. നറുക്കെടുപ്പ് 13ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് വികാസ് ഭവന് അറിയിച്ചു.
പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. തീരുമാനം കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായി ആണെന്നും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ രാഹുൽ ഈശ്വറിനു കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതു കോടതി 17 ലേക്കു മാറ്റി.
പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വാദം പറയുന്നതു രണ്ടു തവണ മാറ്റിവച്ചുവെങ്കിൽ ഇത്തവണ കേസ് പരിഗണിക്കുന്നതു കോടതി മാറ്റുകയായിരുന്നു.
ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ രാഹുലിനു കോടതി നേരത്തേ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നു പ്രോസിക്യൂഷൻ പറയുന്നു. ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിനു തുല്യമാണെന്നാണു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Kerala
കോഴിക്കോട്: ബസിൽ വച്ച് ലൈംഗിക അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ഷിജിംതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേയ്ക്ക് മാറ്റി.
റിമാന്ഡ് കാലാവധി കഴിഞ്ഞതിനാല് ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ഷിംജിതയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ പോലീസ് നൽകും. ദീപകിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16നാണ് ബസ് യാത്രയ്ക്കിടെ ദീപക്കിന്റെ വീഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കാനായി മാറ്റി. ഫെബ്രുവരി ഒമ്പതിന് കോടതി വിശദമായ വാദം കേൾക്കും.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും കോടതി ഒരുമിച്ചാണ് വാദം കേൾക്കുക. രണ്ട് കേസിലും തനിക്ക് പങ്കില്ലെന്നാണ് തന്ത്രി ജാമ്യഹർജിയിൽ പറയുന്നത്. ആചാരപരമായ കാര്യങ്ങളിലല്ലാതെ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഉൾപ്പടെ തന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എസ്ഐടി റിപ്പോർട്ടും ഫെബ്രുവരി ഒമ്പതിന് കോടതിയിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ബുധനാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
കേസിൽ ഇതുവരെ മൂന്നുപേരാണ് ജയിൽ മോചിതരായത്. മുരാരി ബാബുവിനും സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം അനുവദിച്ച കോടതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ജാമ്യം നൽകിയിരുന്നു.
ദ്വാരപാലക ശിൽപ്പ കേസിൽ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിലാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടി ഉൾപ്പടെ വിമർശനം ഉന്നയിച്ചിട്ടും എസ്ഐടി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ 24.01.2026 തീയതിയിൽ പ്രസിദ്ധീകരിച്ച ഈ മാസത്തെ റിവൈസ്ഡ് ഇന്റർവ്യൂ പ്രോഗ്രാം പ്രകാരം 13ന് പിഎസ്സി ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലും നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ തസ്തികകളുടെ അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയും പിന്നീട് അറിയിക്കും.
NRI
ഡാളസ്: കനത്ത മഞ്ഞുവീഴ്ചയെയും മോശം കാലാവസ്ഥയെയും തുടർന്ന് ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി നടത്താനിരുന്ന വാർഷിക ടാക്സ് സെമിനാർ മാറ്റിവച്ചു.
ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. സെമിനാർ ഫെബ്രുവരി 15ന് നടക്കും. ഗാർലൻഡിലെ കെഎഡി/ഐസിഇസി ഹാളിൽ വൈകുന്നേരം നാല് മുതൽ 5.30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
അസോസിയേഷൻ അംഗങ്ങളുടെയും പ്രസംഗകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ടാക്സ് സംബന്ധമായ സംശയങ്ങൾക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മൻജിത് കൈനിക്കര (സെക്രട്ടറി) - 972 679 8555.
Movies
വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.
Kerala
തിരുവനന്തപുരം: ആശുപത്രികളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിമെന്റ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ടിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ചു സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ഇന്നലെ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഒട്ടേറെ പരിപാടികളുടെ ഉദ്ഘാടനവും അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കിലായ സാഹചര്യത്തിലാണ് ഇന്നലെ നിശ്ചയിച്ചിരുന്ന ചർച്ച മാറ്റിയത്.
ഇന്നലെ രാവിലെ നിയമസഭയിൽ ചർച്ചയ്ക്കായി മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. സംഘർഷാവസ്ഥയെത്തുടർന്ന് ഇന്നലെ ചേരാനിരുന്ന നിയമസഭാ സമ്മേളനവും ഒഴിവാക്കിയിരുന്നു.
ചർച്ചയുടെ പുതുക്കിയ സമയം പിന്നീട് അറിയിക്കാമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചത്. ആക്ട് നടപ്പാക്കുന്നതിനെതിരെ മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാം ബലാത്സംക്കേസ് പരിഗണിക്കുന്നത് മാറ്റ് കോടതി. വ്യാഴാഴ്ചത്തേയ്ക്കാണ് കേസ് മാറ്റിയത്.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.
ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമല്ല എന്നീ വിവരങ്ങൾ വിധിപ്പകർപ്പിൽ പറഞ്ഞിരുന്നു. രാഹുലിനെതിരെ നേരത്തെയും സമാനമായ കേസുകളുണ്ട്.
ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് സമയത്ത് കാരണം വ്യക്തമാക്കിയില്ലെന്ന രാഹുലിന്റെ വാദവും കോടതി തളളി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളില് അധിക്ഷേപിച്ച കേസില് രാഹുല് ഈശ്വറിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് ഈ മാസം 27ന് സമർപ്പിക്കാനും അന്ന് തന്നെ വാദം പരിഗണിക്കുമെന്നും കോടതി അറിയിച്ചു
രാഹുൽ ഈശ്വറിന് കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ മാത്രമേ എതിർ വാദം ഉന്നയിക്കാൻ കഴിയു എന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് പ്രതിഭാഗത്തിന് മുഴുവൻ രേഖകളും കൈമാറാൻ കോടതി പ്രോസിക്യൂഷൻ നിർദേശം നൽകി. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.
ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ കോടതി രാഹുലിന് നേരത്തെ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും അതിക്ഷേപിക്കാൻ ശ്രമിച്ചു, ഇത് അതിജീവിതയെ ഭയപ്പെടുത്തതിന് തുല്യമാണ് എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന്റെ അപ്പീൽ പരിഗണിക്കുന്നത് 24 ലേക്കു മാറ്റി. ശനിയാഴ്ച ജില്ലാ കോടതി അവധി ആയതിനാൽ മറ്റൊരു അഡീഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്.
നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ച മൂന്നു വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്നാണ് അപ്പീലിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം കണ്ട കോടതി ഇത്തരം ആവശ്യങ്ങൾ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഫയൽ ചെയ്തു കാണുകയുള്ളൂ എന്നു വാക്കാൽ പ്രതിഭാഗത്തോട് പറഞ്ഞു.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്കു ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് ആന്റണി രാജുവിനു കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയാണ് അദ്ദേഹം.
National
ന്യൂഡൽഹി: പതിമൂന്ന് വർഷമായി ചലനശേഷിയില്ലാതെ അബോധാവസ്ഥയിൽ കിടക്കുന്ന മകന്റെ ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ജീവൻ നിലനിർത്താൻ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എടുത്തുമാറ്റി 32കാരനായ മകന് നിഷ്ക്രിയ ദയാവധം (പാസിവ് എത്തനേഷ്യ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച രണ്ട് മെഡിക്കൽ ബോർഡും മകൻ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നു വിധിയെഴുതി കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ നീക്കംചെയ്ത് നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ അനുവദനീയമാണ്.
ഇതിന് കോടതി നിയോഗിക്കുന്ന പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡുകൾ രോഗിയെ പരിശോധിച്ച് ജീവിതത്തിലേക്കു മടങ്ങിവരില്ല എന്ന് സാക്ഷ്യപ്പെടുത്തണം.
ഈ കേസിൽ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചാൽ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം നടപടിക്രമങ്ങൾ പാലിച്ചുള്ള ഇന്ത്യയിലെ ആദ്യ കേസായിരിക്കുമിത്.
Kerala
തിരുവനന്തപുരം: കേരളത്തിനു വൻ വികസന കുതിപ്പു നൽകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാംഘട്ട വികസന ഉദ്ഘാടനം അനിശ്ചിതമായി വൈകുന്നു. കഴിഞ്ഞ നവംബറിൽ നടത്തേണ്ട ഉദ്ഘാടനം വീണ്ടും നീളുകയാണ്. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനും സംസ്ഥാന സർക്കാരിനു ഗുണം കിട്ടാനും ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
2015ൽ അദാനി കന്പനി കരാർ എടുത്തുതുടങ്ങിയ തുറമുഖ പദ്ധതി 2024ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും 2025 മേയിൽ ആയിരുന്നു ഉദ്ഘാടനം. മൂന്നു ഘട്ടമായുള്ള പദ്ധതിയുടെ രണ്ടാം ഭാഗം 2025 നവംബറിൽ ഉദ്ഘാടനം നടത്തുമെന്ന് ആദ്യമേ അറിയിച്ചെങ്കിലും പലതവണ മാറ്റിവച്ചു. പുതുവർഷം ജനുവരിയിൽത്തന്നെ ഉദ്ഘാടനം നടത്തുമെന്നു കരുതിയിരുന്നെങ്കിലും അതും ഇപ്പോൾ നീളുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ഇപ്പോൾ അറിയുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിതലത്തിൽ തീരുമാനത്തിനു കാത്തിരിക്കുകയാണ് കന്പനി അധികൃതർ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുന്പേ ഇനി ഉദ്ഘാടനത്തിനു സാധ്യതയുള്ളൂ.
2028ൽ പൂർത്തിയാക്കേണ്ട രണ്ടാംഘട്ടത്തിൽ കേന്ദ്ര മാരിടൈം ബോർഡ് നിർദേശിച്ച മാറ്റങ്ങളെല്ലാം നടപ്പാക്കേണ്ടതുണ്ട്. തുറമുഖത്തിന്റെ മൊത്തം ശേഷിയും ആഴവും കൂട്ടുക, ചരക്ക് വിനിമയശേഷി 6.2 ദശലക്ഷം ടിഇയുവായി വർധിപ്പിക്കുക, വിമാന, റോഡ്, ട്രെയിൻ മാർഗങ്ങളിലുള്ള ബന്ധം വികസിപ്പിക്കുക എന്നിവയാണു പൊതുവായി രണ്ടാംഘട്ടത്തിൽ വേണ്ടത്. കപ്പൽ ബർത്തിന്റെ ശേഷി 1200 മീറ്റർ വർധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്ടെയ്നർ യാർഡ് നിർമിക്കുക, ആഴക്കടൽ ചാനലിന്റെ ദൃഢത ശക്തമാക്കുക എന്നിവയും ലക്ഷ്യമാണ്.
രണ്ടാം ഘട്ടം തുക ഇരട്ടിയാക്കി അദാനി
അതേസമയം, ഉദ്ഘാടനം ഔപചാരിക കാര്യമാണെന്നും തങ്ങൾ ഒക്ടോബറിൽത്തന്നെ രണ്ടാംഘട്ട പണി തുടങ്ങിയെന്നുമാണ് തുറമുഖ കന്പനി അധികൃതർ പറയുന്നത്. ബ്രേക്ക് വാട്ടർ, ബർത്ത് വിപുലീകരണം തുടങ്ങിയവ 20 ശതമാനം നടത്തിയെന്നാണ് കന്പനി പറയുന്നത്. 9,700 കോടിയുടെ പണികളാണു മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്നതെങ്കിലും തങ്ങൾ 20,000 കോടിയെങ്കിലും ഇതിനായി നിക്ഷേപിക്കുന്നുണ്ടെന്ന് കന്പനി പറയുന്നു.
കണ്ടെയ്നർ കൈമാറ്റം മാത്രമല്ല, യാത്രക്കാരുടെ ക്രൂസ് ടെർമിനൽ വിപുലീകരണം, ബങ്കറിംഗ് എന്നറിയപ്പെടുന്ന മറ്റു കപ്പലുകൾക്കുള്ള ഇന്ധനം നിറയ്ക്കൽ, ലിക്വിഡ് ബർത്ത് എന്നറിയപ്പെടുന്ന ദ്രാവക കാർഗോ ക്രൂഡോയിൽ, പ്രകൃതിവാതക കപ്പലുകളുടെ കൈമാറ്റം എന്നിവയും അദാനി ലക്ഷ്യമിടുന്നുണ്ട്.
അദാനി പോർട്ട് എന്നത് വിഴിഞ്ഞം എന്ന മേൽവിലാസമായി മാറ്റണമെന്ന് കന്പനി കരുതുന്നു. മൂന്നാംഘട്ടത്തിൽ ലോകത്തെതന്നെ ഏറ്റവും മികച്ച ആഴക്കടൽ തുറമുഖമാക്കി മാറ്റാനും അവർ ആലോചിക്കുന്നുണ്ട്. ജലഗതാഗത, റോഡ് സൗകര്യങ്ങൾ 2028ഓടെ ലോകനിലവാലത്തിലെത്തുമെന്നും കന്പനി കരുതുന്നു. ഇപ്പോൾത്തന്നെ നിരവധി ഹൈവേ പദ്ധതികൾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അടുത്തഘട്ടത്തോടെ പോർട്ടിനെ നിയന്ത്രിക്കുന്ന വിസിൽ എന്ന കേരള ഗവണ്മെന്റിന്റെ നിയന്ത്രണ സംവിധാനത്തെക്കാൾ കേന്ദ്ര മാരിടൈം ബോർഡിന്റെ ഭാഗമായി വിഴിഞ്ഞം മാറേണ്ടി വരും. കേന്ദ്ര ബോർഡിന്റെ ഭാഗമായുള്ള ഇനിയുള്ള പണികളിൽ കേരള ഗവണ്മെന്റിനു ചെലവോ മറ്റു നിക്ഷേപങ്ങളോ ഇല്ല.
ഇത്തരം തുറമുഖങ്ങൾ സംബന്ധിച്ച് കേന്ദ്രവുമായി ചർച്ച നടത്തി പുതിയനയവും നിയമനിർമാണവും കൊണ്ടുവന്നാലേ വിസിൽ പോലുള്ള നിയന്ത്രണ സംവിധാനങ്ങൾക്കു പ്രസക്തിയുള്ളൂ. ഇപ്പോൾത്തന്നെ വിസിലിനു തുറമുഖത്ത് നിരീക്ഷണ അധികാരം മാത്രമേയുള്ളൂ.
അദാനി കന്പനിയുടെ നേതൃത്വത്തിൽ തുറമുഖ വികസന പദ്ധതികൾ മുടക്കം കൂടാതെ നടക്കുന്നെങ്കിലും രണ്ടാംഘട്ട ഉദ്ഘാടനം വൈകുന്നതു കേന്ദ്രത്തിന്റെ ഈ മേഖലയിലെ പദ്ധതികളെ വൈകിപ്പിക്കാനിടയുണ്ട്.
രാജ്യത്തിന്റെ നാവിക മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രമായാണ് പ്രതിരോധ, നാവിക മന്ത്രാലയങ്ങൾ വിഴിഞ്ഞത്തെ കാണുന്നത്. കേന്ദ്രമാരി ടൈം ബോർഡിന്റെ നിലപാട് മാറിയാൽ അതു പദ്ധതിയുടെ മൂന്നാംഘട്ടത്തെ ബാധിക്കുമെന്ന ആശങ്ക ഗൗരവതരംതന്നെയെന്ന് ഈ രംഗത്ത് വിദഗ്ധരും വിലയിരുത്തുന്നു.
Kerala
കൊച്ചി: ശിക്ഷ റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹർജി പരിഗണിക്കാൻ മാറ്റി ഹൈക്കോടതി. ഫെബ്രുവരി നാലിലേയ്ക്കാണ് ഹൈക്കോടതി കേസ് മാറ്റിയത്.
ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. മറ്റ് രണ്ട് പ്രതികളുടെയും അപ്പീൽ ഹർജികൾക്കൊപ്പമായിരിക്കും മാർട്ടിൻ ആന്റണിയുടെ ഹർജിയും പരിഗണിക്കുക.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹർജികൾ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ കുറ്റവിമുക്തനായ ദിലീപ് നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയാണ് കോടതി അലക്ഷ്യ ഹർജി.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നു ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്.
സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണു റിലീസ് മാറ്റിവയ്ക്കാൻ കാരണം. നിർമാതാക്കളുടെ ഹർജിയിൽ ഇന്നു കോടതി വിധി പറയും.
National
ചെന്നൈ: വിജയ്യുടെ അവസാന ചിത്രമായ ജനനായകൻ റിലീസ് മാറ്റി.വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യില്ലെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജിയിൽ ഒമ്പതിനാണ് മദ്രാസ് ഹൈക്കോടതി വിധി പറയുന്നത്. ചിത്രം റിലീസാവാനിരുന്നതും അതേ ദിവസമാണ്. അതിനാലാണ് റിലീസ് തീയതി മാറ്റിയത്.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒമ്പതിനു നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് പത്തിലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നു കോടതി ചോദിച്ചിരുന്നു.
National
ന്യൂഡൽഹി: മാർച്ച് മൂന്നിന് സിബിഎസ്ഇ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ ഷെഡ്യൂൾ ബോർഡ് പുറത്തിറക്കിയെന്നും ഇതു സംബന്ധിച്ച അറിയിപ്പ് സ്കൂളുകൾക്ക് നൽകിയെന്നും പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് പറഞ്ഞു.
പത്താം ക്ലാസിലെ ടിബറ്റൻ, ജർമ്മൻ, നാഷണൽ കേഡറ്റ് കോർപ്സ്, ഭോട്ടി, ബോഡോ, തംഗ്ഖുൽ, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കാഷ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്സ് ഓഫ് ബുക്ക് കീപ്പിംഗ് ആൻഡ് അക്കൗണ്ടൻസി എന്നീ വിഷയങ്ങളുടെ പരീക്ഷ മാർച്ച് 11 ന് നടക്കും.
പന്ത്രണ്ടാം ക്ലാസ് നിയമ പഠന പരീക്ഷ ഏപ്രിൽ 10 ന് നടത്തും. മറ്റെല്ലാ പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിച്ചെന്നും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
Kerala
തിരുവനന്തപുരം: 2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി ശനിയാഴ്ച നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു.
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്കുശേഷം ജനുവരി അഞ്ചിന് നടത്തും.
അതേസമയം അപ്രതീക്ഷിതമായി പരീക്ഷ മാറ്റിയ സംഭവത്തില് പ്രതിഷേധവുമായി അധ്യാപക സംഘടന രംഗത്തെത്തി.
National
ന്യൂഡൽഹി: അപ്രതീക്ഷിത കേന്ദ്ര ഇടപെടലിനെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രഖ്യാപനം നീട്ടിവച്ചതായി പിന്നീട് അധികൃതർ അറിയിക്കുകയായിരുന്നു.
അഡ്മിനിട്രേറ്റീവ് കാരണങ്ങൾകൊണ്ടാണു പ്രഖ്യാപനം നീട്ടിവയ്ക്കുന്നതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും എഴുത്തുകാരനുമായ കെ.പി. രാമനുണ്ണി പറഞ്ഞെങ്കിലും മറ്റെന്തോ കാരണമുണ്ടെന്നാണ് സൂചന.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന വാർത്താസമ്മേളനത്തിൽ വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്. അവാർഡിന് അർഹരായവരുടെ പട്ടികയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് യോഗം അംഗീകാരം നൽകിയതിനു ശേഷമായിരുന്നു പത്രസമ്മേളന അറിയിപ്പ്.
എന്നാൽ പത്രസമ്മേളനത്തിന് തൊട്ടുമുന്പ് അവാർഡ് പ്രഖ്യാപനം മാറ്റുന്നതായി അധികൃതർ അറിയിക്കുകയായിരുന്നു. പ്രഖ്യാപനം ഉപേക്ഷിച്ചതു ശരിയല്ലെന്നും സാഹിത്യ അക്കാഡമിയുടെ പാരന്പര്യത്തിനു വിരുദ്ധമായിട്ടുള്ള കാര്യമാണെന്നു സാംസ്കാരിക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.പി. രാമനുണ്ണി പറഞ്ഞു. കേന്ദ്രത്തിൽനിന്ന് ഇത്തരമൊരു ഇടപെടലുണ്ടാകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും രാമനുണ്ണി കൂട്ടിച്ചേർത്തു.
Kerala
ന്യൂഡല്ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് അവാർഡ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
സമഗ്ര സംഭാവന അടക്കം വിവിധ മേഖലകളിലുള്ള അവാർഡുകളാണ് പ്രഖ്യാപിക്കാനിരുന്നത്. അവാർഡ് ജേതാക്കളായ മലയാളി എഴുത്തുകാരുടെ പേരുകളും പുറത്തുവിടുമെന്ന വിവരവും ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് അൽപ്പസമയം മുമ്പാണ് നീട്ടിയത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
അവസാന നിമിഷം സാംസ്കാരിക മന്ത്രാലയം ഇടപെട്ടാണ് പ്രഖ്യാപനം തടഞ്ഞതെന്ന് കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം കെ.പി. രാമനുണ്ണി പറഞ്ഞു. വ്യക്തമായ കാരണം പറയാതെയാണ് ഇത്തരമൊരു നടപടി. ആദ്യമായാണ് കേന്ദ്ര സര്ക്കാര് ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്.
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് തിങ്കളാഴ്ച ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
Kerala
കൊച്ചി: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്ത് 10-ാം (ഓണക്കൂർ) വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റി. യുഡിഎഫ് സ്ഥാനാർഥി സി.എസ്.ബാബുവിന്റെ (59) മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ചൊവ്വാഴ്ച പുലർച്ചെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറവം മര്ച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് സി.എസ്.ബാബു. തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാർഡിലെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതേതുടര്ന്ന് വിഴിഞ്ഞം വാര്ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.