തിരുവനന്തപുരം: കേരളത്തിനു വൻ വികസന കുതിപ്പു നൽകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാംഘട്ട വികസന ഉദ്ഘാടനം അനിശ്ചിതമായി വൈകുന്നു. കഴിഞ്ഞ നവംബറിൽ നടത്തേണ്ട ഉദ്ഘാടനം വീണ്ടും നീളുകയാണ്. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനും സംസ്ഥാന സർക്കാരിനു ഗുണം കിട്ടാനും ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
2015ൽ അദാനി കന്പനി കരാർ എടുത്തുതുടങ്ങിയ തുറമുഖ പദ്ധതി 2024ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും 2025 മേയിൽ ആയിരുന്നു ഉദ്ഘാടനം. മൂന്നു ഘട്ടമായുള്ള പദ്ധതിയുടെ രണ്ടാം ഭാഗം 2025 നവംബറിൽ ഉദ്ഘാടനം നടത്തുമെന്ന് ആദ്യമേ അറിയിച്ചെങ്കിലും പലതവണ മാറ്റിവച്ചു. പുതുവർഷം ജനുവരിയിൽത്തന്നെ ഉദ്ഘാടനം നടത്തുമെന്നു കരുതിയിരുന്നെങ്കിലും അതും ഇപ്പോൾ നീളുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ഇപ്പോൾ അറിയുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിതലത്തിൽ തീരുമാനത്തിനു കാത്തിരിക്കുകയാണ് കന്പനി അധികൃതർ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുന്പേ ഇനി ഉദ്ഘാടനത്തിനു സാധ്യതയുള്ളൂ.
2028ൽ പൂർത്തിയാക്കേണ്ട രണ്ടാംഘട്ടത്തിൽ കേന്ദ്ര മാരിടൈം ബോർഡ് നിർദേശിച്ച മാറ്റങ്ങളെല്ലാം നടപ്പാക്കേണ്ടതുണ്ട്. തുറമുഖത്തിന്റെ മൊത്തം ശേഷിയും ആഴവും കൂട്ടുക, ചരക്ക് വിനിമയശേഷി 6.2 ദശലക്ഷം ടിഇയുവായി വർധിപ്പിക്കുക, വിമാന, റോഡ്, ട്രെയിൻ മാർഗങ്ങളിലുള്ള ബന്ധം വികസിപ്പിക്കുക എന്നിവയാണു പൊതുവായി രണ്ടാംഘട്ടത്തിൽ വേണ്ടത്. കപ്പൽ ബർത്തിന്റെ ശേഷി 1200 മീറ്റർ വർധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്ടെയ്നർ യാർഡ് നിർമിക്കുക, ആഴക്കടൽ ചാനലിന്റെ ദൃഢത ശക്തമാക്കുക എന്നിവയും ലക്ഷ്യമാണ്.
രണ്ടാം ഘട്ടം തുക ഇരട്ടിയാക്കി അദാനി
അതേസമയം, ഉദ്ഘാടനം ഔപചാരിക കാര്യമാണെന്നും തങ്ങൾ ഒക്ടോബറിൽത്തന്നെ രണ്ടാംഘട്ട പണി തുടങ്ങിയെന്നുമാണ് തുറമുഖ കന്പനി അധികൃതർ പറയുന്നത്. ബ്രേക്ക് വാട്ടർ, ബർത്ത് വിപുലീകരണം തുടങ്ങിയവ 20 ശതമാനം നടത്തിയെന്നാണ് കന്പനി പറയുന്നത്. 9,700 കോടിയുടെ പണികളാണു മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്നതെങ്കിലും തങ്ങൾ 20,000 കോടിയെങ്കിലും ഇതിനായി നിക്ഷേപിക്കുന്നുണ്ടെന്ന് കന്പനി പറയുന്നു.
കണ്ടെയ്നർ കൈമാറ്റം മാത്രമല്ല, യാത്രക്കാരുടെ ക്രൂസ് ടെർമിനൽ വിപുലീകരണം, ബങ്കറിംഗ് എന്നറിയപ്പെടുന്ന മറ്റു കപ്പലുകൾക്കുള്ള ഇന്ധനം നിറയ്ക്കൽ, ലിക്വിഡ് ബർത്ത് എന്നറിയപ്പെടുന്ന ദ്രാവക കാർഗോ ക്രൂഡോയിൽ, പ്രകൃതിവാതക കപ്പലുകളുടെ കൈമാറ്റം എന്നിവയും അദാനി ലക്ഷ്യമിടുന്നുണ്ട്.
അദാനി പോർട്ട് എന്നത് വിഴിഞ്ഞം എന്ന മേൽവിലാസമായി മാറ്റണമെന്ന് കന്പനി കരുതുന്നു. മൂന്നാംഘട്ടത്തിൽ ലോകത്തെതന്നെ ഏറ്റവും മികച്ച ആഴക്കടൽ തുറമുഖമാക്കി മാറ്റാനും അവർ ആലോചിക്കുന്നുണ്ട്. ജലഗതാഗത, റോഡ് സൗകര്യങ്ങൾ 2028ഓടെ ലോകനിലവാലത്തിലെത്തുമെന്നും കന്പനി കരുതുന്നു. ഇപ്പോൾത്തന്നെ നിരവധി ഹൈവേ പദ്ധതികൾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അടുത്തഘട്ടത്തോടെ പോർട്ടിനെ നിയന്ത്രിക്കുന്ന വിസിൽ എന്ന കേരള ഗവണ്മെന്റിന്റെ നിയന്ത്രണ സംവിധാനത്തെക്കാൾ കേന്ദ്ര മാരിടൈം ബോർഡിന്റെ ഭാഗമായി വിഴിഞ്ഞം മാറേണ്ടി വരും. കേന്ദ്ര ബോർഡിന്റെ ഭാഗമായുള്ള ഇനിയുള്ള പണികളിൽ കേരള ഗവണ്മെന്റിനു ചെലവോ മറ്റു നിക്ഷേപങ്ങളോ ഇല്ല.
ഇത്തരം തുറമുഖങ്ങൾ സംബന്ധിച്ച് കേന്ദ്രവുമായി ചർച്ച നടത്തി പുതിയനയവും നിയമനിർമാണവും കൊണ്ടുവന്നാലേ വിസിൽ പോലുള്ള നിയന്ത്രണ സംവിധാനങ്ങൾക്കു പ്രസക്തിയുള്ളൂ. ഇപ്പോൾത്തന്നെ വിസിലിനു തുറമുഖത്ത് നിരീക്ഷണ അധികാരം മാത്രമേയുള്ളൂ.
അദാനി കന്പനിയുടെ നേതൃത്വത്തിൽ തുറമുഖ വികസന പദ്ധതികൾ മുടക്കം കൂടാതെ നടക്കുന്നെങ്കിലും രണ്ടാംഘട്ട ഉദ്ഘാടനം വൈകുന്നതു കേന്ദ്രത്തിന്റെ ഈ മേഖലയിലെ പദ്ധതികളെ വൈകിപ്പിക്കാനിടയുണ്ട്.
രാജ്യത്തിന്റെ നാവിക മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രമായാണ് പ്രതിരോധ, നാവിക മന്ത്രാലയങ്ങൾ വിഴിഞ്ഞത്തെ കാണുന്നത്. കേന്ദ്രമാരി ടൈം ബോർഡിന്റെ നിലപാട് മാറിയാൽ അതു പദ്ധതിയുടെ മൂന്നാംഘട്ടത്തെ ബാധിക്കുമെന്ന ആശങ്ക ഗൗരവതരംതന്നെയെന്ന് ഈ രംഗത്ത് വിദഗ്ധരും വിലയിരുത്തുന്നു.
Tags : vizhinjam port II opening ceremony postponed indefinitely adani vizhinjam port