തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ രാഹുൽ ഈശ്വറിനു കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതു കോടതി 17 ലേക്കു മാറ്റി.
പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വാദം പറയുന്നതു രണ്ടു തവണ മാറ്റിവച്ചുവെങ്കിൽ ഇത്തവണ കേസ് പരിഗണിക്കുന്നതു കോടതി മാറ്റുകയായിരുന്നു.
ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ രാഹുലിനു കോടതി നേരത്തേ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നു പ്രോസിക്യൂഷൻ പറയുന്നു. ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിനു തുല്യമാണെന്നാണു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.