Kerala
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കളമശേരി പൊലിസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില് റിപ്പോര്ട്ടര് ചാനല് ഉടമ ആന്റോ അഗസ്റ്റിന്റെ ഹര്ജി.
അപകീര്ത്തി മാത്രം വിഷയമായ കേസില് മറ്റു വകുപ്പുകള് ചുമത്തി തനിക്കെതിരേ കേസെടുത്തത് നിയമപരമല്ലെന്നും പ്രഥമദൃഷ്ട്യാ തെളിവുകളില്ലാതെയാണ് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല് വകുപ്പുകള് ചുമത്തി കേസെടുത്തിരിക്കുന്നതെന്നും ആരോപിച്ചാണു ഹര്ജി.
കോണ്ഗ്രസ് വക്താവ് രാജു പി. നായര് നല്കിയ പരാതിയിലാണ് കേസ്. ഹര്ജി തീര്പ്പാകുംവരെ കേസിലെ തുടര്നടപടികള് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സ്റ്റേറ്റ് പ്ലാനിംഗ് ബോര്ഡ് ചീഫ് തസ്തികയിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിന്മേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്ക്കാര് ഉത്തരവും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നല്കിയ ഹര്ജി പരിഗണിച്ചു തീര്പ്പാക്കാന് ഹൈക്കോടതി സിംഗിള് ബെഞ്ചിനു ഡിവിഷന് ബെഞ്ചിന്റെ നിര്ദേശം.
എഫ്ഐആര് റദ്ദാക്കാനായി റിട്ട് പെറ്റീഷന് ഫയല് ചെയ്യാനാകില്ലെന്ന രജിസ്ട്രിയുടെ എതിര്പ്പ് അംഗീകരിച്ചു ഹര്ജി പരിഗണിക്കാതിരുന്ന സിംഗിള് ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ജസ്റ്റീസുമാരായ കെ.നടരാജന്, ജോണ്സണ് ജോണ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പിഎസ്സി നല്കിയ അപ്പീല് തീര്പ്പാക്കി.
പിഎസ്സി അംഗങ്ങള്ക്കും ജീവനക്കാര്ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിടാന് സര്ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി പിഎസ്സി നല്കിയ ഹര്ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
നിയമനവുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങളുടെ മൂല്യനിര്ണയം നടത്താതെ പോയത് മനഃപൂര്വമല്ലെന്നാണു ഹര്ജിയിലെ വാദം. ഈ വീഴ്ച പിഎസ്സിതന്നെ പരിഹരിച്ചിട്ടുമുണ്ട്.
ക്രൈംബ്രാഞ്ച് രജിസ്റ്റര് ചെയ്ത എഫ്ഐആറില് കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള് വ്യക്തമാക്കിയിട്ടില്ലെന്നും ഹര്ജിയില് പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്ക്കാര് ഉത്തരവിനെത്തുടര്ന്നാണ് കേസെടുത്തത്. ഇതിനു പിന്നാലെ അംഗങ്ങളടക്കമുള്ളവര്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന് നോട്ടീസും നല്കിയിട്ടുണ്ട്.
Kerala
കൊച്ചി: ചെക്കു കേസുകളില് ശിക്ഷിച്ചതിന്റെ പേരില് തന്നെ അയോഗ്യനാക്കണമെന്ന ഹര്ജി നിലനില്ക്കില്ലെന്നു മാണി സി. കാപ്പന് എംഎല്എ ഹൈക്കോടതിയില്.
ഭരണഘടനയുടെ 191, 192 അനുച്ഛേദങ്ങള് പ്രകാരം ഒരു എംഎല്എയെ അയോഗ്യനാക്കാനുള്ള അധികാരം ഗവര്ണര്ക്കു മാത്രമാണെന്നും പരാതിക്കാരനായ ദിനേഷ് മേനോന് നല്കിയ ഹര്ജി രാഷ്ട്രീയപ്രേരിതമാണെന്നുമടക്കം ചൂണ്ടിക്കാട്ടി നല്കിയ സത്യവാങ്മൂലത്തിലാണ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന് എട്ട്(മൂന്ന്) പ്രകാരം ഒരാള്ക്ക് അയോഗ്യത വരണമെങ്കില് കുറഞ്ഞത് രണ്ടു വര്ഷമെങ്കിലും തടവുശിക്ഷ ലഭിക്കണമെന്ന് സത്യവാങ്മൂലത്തില് പറയുന്നു.
നാലു വ്യത്യസ്ത കേസുകളിലായി ലഭിച്ച ശിക്ഷകള് കൂട്ടിച്ചേര്ത്താണ് മൂന്നര വര്ഷമെന്ന് ഹര്ജിക്കാരന് പറയുന്നത്. നാല് ചെക്കുകേസുകളിലും വെവ്വേറെ വിചാരണയും വിധിയുമാണുണ്ടായത്. ഇതില് മൂന്നു കേസുകളില് ഒരു വര്ഷം വീതവും ഒരു കേസില് ആറു മാസവുമാണ് ശിക്ഷ. ഒരു കേസില്പ്പോലും ശിക്ഷാ കാലാവധി രണ്ടു വര്ഷമോ അധിലധികമോ ഇല്ലെന്നും സത്യവാങ്മൂലത്തില് പറയുന്നു.
മഹാരാഷ്ട്ര ബോറിവാലി മജിസ്ട്രേറ്റ് കോടതിയില് ദിനേഷ് മേനോന് നല്കിയ നാല് ചെക്കുകേസുകളിലായി മാണി സി. കാപ്പനെ മൂന്നര വര്ഷം തടവിനു ശിക്ഷിച്ചത് ചൂണ്ടിക്കാട്ടിയാണ് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്നത്. കേസ് നാളെ പരിഗണിക്കും.
Kerala
മൂവാറ്റുപുഴ: കേരഫെഡ്, മിൽമ എന്നിവയുടെ വിദേശ വിപണന, കയറ്റുമതി കരാർ മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന സ്വകാര്യ സ്ഥാപനത്തിനു നൽകിയതിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ഹർജി, വിജിലൻസ് റിപ്പോർട്ട് നൽകാത്തതിനെതുടർന്ന് മാറ്റി.
അഴിമതിയുമായി ബന്ധപ്പെട്ട് പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ കഴിഞ്ഞ മാസം ഹാജരാക്കിയിരുന്നു.
പരാതിയിൽ പരിശോധന നടത്തുന്നതിനു വിജിലൻസ് ഡയറക്ടർക്കു ശിപാർശ കൈമാറിയതിന്റെ അടിസ്ഥാനത്തിൽ, തിരുവനന്തപുരത്തെ വിജിലൻസ് യൂണിറ്റ് വിശദമായ പരിശോധന നടത്തിവരികയാണെന്നാണു ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്.
തുടർന്നാണ്, പ്രത്യേക അന്വേഷണ യൂണിറ്റ് നടത്തുന്ന പരിശോധനയുടെ പൂർണ റിപ്പോർട്ട് 22നുള്ളിൽ കോടതിയിൽ സമർപ്പിക്കാൻ ജഡ്ജി ജി. രാജേഷ് ഉത്തരവിട്ടത്. എന്നാൽ വിജിലൻസ് ഇന്നലെ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് കേസ് ഒക്ടോബർ 22 ലേക്കു മാറ്റുകയായിരുന്നു.
Kerala
ന്യൂഡൽഹി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.
കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ സമാനമായ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വയനാട്ടിലെ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന വാദമാണ് ഹൈക്കോടതി നിരസിച്ചത്. തുടർന്ന് ചോറ്റാനിക്കര കോടതിയിൽ വിചാരണ പുനരാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
വയനാട് മേപ്പാടി റേഞ്ചിൽ നിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികൾ വനംവകുപ്പിന്റെ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തു എന്നതാണ് അമ്പലമേട് പൊലിസ് രജിസ്റ്റർ ചെയ്ത ഈ വഞ്ചനാ കേസ്. നിലവിൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീംകോടതിയിൽ നിന്ന് അടിയന്തര ആശ്വാസം തേടുന്നത്.
Kerala
കൊച്ചി: കുട്ടനാട് എംഎല്എ റെജി ചെറിയാന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹര്ജയില് ഹൈക്കോടതിയുടെ സമന്സ്.
നാമനിര്ദേശ പത്രികയില് ക്രിമിനല് കേസുകളെക്കുറിച്ചുള്ള വിവരങ്ങളടക്കം മറച്ചുവച്ച് സുതാര്യമല്ലാത്ത രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് ആരോപണം.
സ്വതന്ത്ര സ്ഥാനാര്ഥിയായിരുന്ന ജെയ്സപ്പന് മത്തായി സമര്പ്പിച്ച ഹര്ജി പ്രഥമദൃഷ്ട്യ നിലനില്ക്കുന്നതാണെന്ന് വിലയിരുത്തിയ ജസ്റ്റീസ് പി.വി. ബാലകൃഷ്ണന് മൂന്നാഴ്ചയ്ക്കകം മറുപടി നല്കാന് എംഎല്എയ്ക്ക് നിര്ദേശം നല്കി. ഹര്ജി വീണ്ടും 29ന് പരിഗണിക്കും.
Kerala
കൊച്ചി: ചെക്ക് കേസില് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില് ഹര്ജി. പരാതിക്കാരനായ ദിനേശ് മേനോന് ആണ് ഹര്ജി നല്കിയത്.
കണ്ണൂര് വിമാനത്താവളത്തില് ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളില് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പന് നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്.
രണ്ടു വര്ഷത്തില് കൂടുതല് തടവ് ശിക്ഷയുണ്ടെങ്കില് അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള് പ്രകാരം കാപ്പനെ മാറ്റിനിര്ത്തണമെന്നാണ് ആവശ്യം. മാണി സി. കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ല എന്നാണ് ഹൈക്കോടതിയില് പരാതിക്കാരന്റെ വാദം.
സെപ്റ്റംബര് ഒന്നു മുതല് മാണി സി. കാപ്പന് അയോഗ്യനാണെന്ന് പ്രഖ്യാപിക്കണം. പാലായില് ഉപതെരഞ്ഞെടുപ്പ് നടത്താന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്ദേശിക്കണം. ഹര്ജിയില് അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി. കാപ്പന്റെ എംഎല്എ ആനുകൂല്യങ്ങള് തടയണം എന്നീ ആവശ്യങ്ങളാണ് ഹര്ജിയിലുള്ളത്.
അതേസമയം, മാണി സി. കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്ക്കും ദിനേശ് മേനോന് പരാതി നല്കിയിരുന്നു. നാല് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വര്ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
Kerala
കൊച്ചി: യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ സാധാരണ പരോള് നീട്ടിയതിനെതിരായ കോടതിയലക്ഷ്യ ഹര്ജി ഹൈക്കോടതി തള്ളി.
നേരത്തേ പ്രതികള്ക്കു പരോള് അനുവദിച്ചപ്പോള് ജയിലധികൃതര് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബേക്കല് പൊലിസ് സ്റ്റേഷന് പരിധിയില് പ്രവേശിക്കരുത്, ഒരേസമയം ഒന്നിലധികം പേര്ക്കു പരോള് നല്കരുത് എന്നീ നിബന്ധനകളാണു കോടതി നീക്കിയത്.
ഇതിനുശേഷം നല്കിയ പരോള് അപേക്ഷകള് ജയിലധികൃതര് നിരസിച്ചത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്ജിയാണ് ജസ്റ്റീസ് ജി. ഗിരീഷ് തള്ളിയത്.
പ്രതികള് പരോളിലിറങ്ങിയപ്പോള് പ്രദേശത്തു വലിയ സംഘര്ഷങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായെന്നായിരുന്നു ജയില് ഡിജിപിയുടെയും കണ്ണൂര് സെന്ട്രല് ജയില് സൂപ്രണ്ടിന്റെയും വിശദീകരണം. പ്രതികളുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയുണ്ടെന്ന ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്ട്ടും അധികൃതര് ഹാജരാക്കി.
ക്രമസമാധാന പ്രശ്നങ്ങളുടെ പേരിലാണു പരോള് നീട്ടിയതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമായി കാണാനാകില്ലെന്നും വ്യക്തമാക്കിയ കോടതി തുടര്ന്ന് ഹർജി തള്ളുകയായിരുന്നു.
Kerala
കൊച്ചി: തന്നെ സംരക്ഷിക്കാന് മരുമകള്ക്കും 22 വയസുള്ള പേരക്കുട്ടിക്കും ബാധ്യതയുണ്ടെന്ന വാദവുമായി കൊച്ചി സ്വദേശിനിയായ മുന് ഉദ്യോഗസ്ഥ നല്കിയ ഹര്ജി ഹൈക്കോടതി തള്ളി.
സര്വീസിലിരിക്കെ മരിച്ച മകന്റെ പെന്ഷന് ആനുകൂല്യങ്ങള് മരുമകള്ക്ക് ലഭിക്കുന്നതിനൊപ്പം തനിക്കുകൂടി ഓഹരി ലഭിക്കണമെന്നതടക്കം ആവശ്യവുമായി കടവന്ത്ര സ്വദേശി തങ്കമ്മ നല്കിയ ഹര്ജിയാണു തള്ളിയത്.
യുക്തിരഹിതമായ ആവശ്യം മുത്തശിയില്നിന്നു പ്രതീക്ഷിക്കുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്.
Kerala
കൊച്ചി: തൃശൂര് പൂരം വെടിക്കെട്ടിന്റെ പ്രകമ്പനങ്ങള് പൈതൃകമന്ദിരമായ വടക്കുന്നാഥ ക്ഷേത്ര സമുച്ചയത്തിന്റെ നിലനില്പിനു ഭീഷണിയാണെന്ന പരാതിയിന്മേലുള്ള ഹര്ജി ഹൈക്കോടതി വിശദമായി പരിഗണിക്കും.
ക്ഷേത്രത്തിന്റെ സംരക്ഷണത്തില് വിട്ടുവീഴ്ച പാടില്ലെന്നു വ്യക്തമാക്കിയ ദേവസ്വം ബെഞ്ച് ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്, തൃശൂര് പൂരം എക്സിബിഷന് കമ്മിറ്റി എന്നിവരെ സ്വമേധയാ കക്ഷി ചേര്ത്തു. ഹര്ജി വീണ്ടും 23ന് പരിഗണിക്കും.
കഴിഞ്ഞ വര്ഷത്തെ വെടിക്കെട്ട് പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തോടു ചേര്ന്നാണ് നടത്തിയതെന്നും ഇത് ഗോപുരങ്ങള്ക്കും കൂത്തമ്പലത്തിനും ബലക്ഷയമുണ്ടാക്കിയെന്നും ആരോപിച്ച് ഭക്തനായ എന്.കെ. മോഹന്ദാസ് ഓംബുഡ്സ്മാന് പരാതി നല്കിയിരുന്നു.
വിഷയം ഓംബുഡ്സ്മാന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
National
ന്യൂഡൽഹി: നീറ്റ് പിജി 2026 പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി സുപ്രീംകോടതി ചെലവുസഹിതം തള്ളി.
നിയമപ്രക്രിയയെ ദുരുപയോഗം ചെയ്ത അഭിഭാഷകനെതിരേ നടപടി സ്വകരിക്കാൻ ബാർ കൗൺസിന് ജസ്റ്റീസ് പി.എം. നരസിംഹയം ജസ്റ്റീസ് അലോക് ആരാധെയും അടങ്ങുന്ന ബെഞ്ച് നിർദേശം നൽകുകയും ചെയ്തു.
സ്ഥിരം പൊതുതാത്പര്യ ഹർജികളുമായി കോടതികളെ സമീപിക്കുന്നയാളാണ് പരാതിക്കാരൻ. എവിടെ പരീക്ഷ നടന്നാലും അതിനെതിരേ ഹർജി നൽകുമെന്നും കോടതി പറഞ്ഞു.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലന്സ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള് പത്തു ദിവസത്തിനകം ഹാജരാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലന്സ് അന്വേഷണം ആവശ്യമില്ലെന്ന സര്ക്കാറിന്റെ ക്ലീന് ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ നിര്ദേശം.
മുദ്രവച്ച കവറില് രേഖകള് ഹാജരാക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ജസ്റ്റീസ് എ. ബദറുദീന് അധ്യക്ഷനായ സിംഗിള് ബെഞ്ച് നിര്ദേശം നല്കി. ഹര്ജിയില് മറുപടി നല്കാന് സര്ക്കാര് സാവകാശം തേടി.
എസ്. ശ്രീജിത്ത് ട്രാന്സ്പോര്ട്ട് കമ്മീഷണറായിരുന്ന സമയത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതില് ഉള്പ്പെടെ വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് എംവിഡി ഉദ്യോഗസ്ഥന് ദിപിന് എടവന നല്കിയ പുതിയ ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്.
ദിപിന് എടവന നല്കിയ പരാതിയും തെളിവുകളും കോടതി നേരിട്ട് പരിശോധിക്കും. സെപ്റ്റംബര് 7ന് ഹര്ജി വീണ്ടും പരിഗണിക്കും. ശ്രീജിത്തിനെതിരെ വിജിലന്സ് അന്വേഷണം വേണമെന്ന ഹര്ജിയില് ഇപ്പോള് അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്ഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതിയുടെ നിര്ദേശത്തെ തുടര്ന്നാണ് പരാതിക്കാരന് പുതിയ ഹര്ജി സമര്പ്പിച്ചത്.
National
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്ക് വ്യക്തമായ വിവരം നൽകാനും ആഘാതങ്ങളെക്കുറിച്ച് പഠിക്കാനും നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.
ഓരോ ഫ്യുവൽ ഇൻവോയ്സിലും പെട്രോളിലെ എഥനോളിന്റെ ശതമാനം വ്യക്തമായി രേഖപ്പെടുത്തണമെന്നും വാഹനം, മോഡൽ, എൻജിൻ തരം, നിർമിച്ച വർഷം എന്നിവപ്രകാരം ഏതെല്ലാം എഥനോൾ മിശ്രിതങ്ങളാണ് അനുയോജ്യമെന്നു വ്യക്തമാക്കുന്ന ഔദ്യോഗിക പബ്ലിക് ഡാറ്റാബേസ് തയാറാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പെട്രോളിയം, ഉപരിതല ഗതാഗത മന്ത്രാലയങ്ങൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, ഓട്ടോമൊബൈൽ എൻജിനിയർമാർ എന്നിവരടങ്ങുന്ന സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ച് ഇ20 പെട്രോളിന്റെ യഥാർഥ വാഹന അനുയോജ്യത, ഇന്ധനക്ഷമത, എൻജിൻ ആയുസ്, പരിപാലനച്ചെലവ്, പരിസ്ഥിതി-ഭക്ഷ്യസുരക്ഷാ ആഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ലഭ്യമാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല ദർശനം പോലീസ് തടഞ്ഞെന്ന ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിശദീകരണം തേടി.
വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി കഴിഞ്ഞ 20ന് പമ്പ ഗണപതികോവിലിനു സമീപമെത്തിയപ്പോൾ തന്നെ തടഞ്ഞെന്നാരോപിച്ച് തമിഴ്നാട് സ്വദേശി സത്യശ്രീ ശർമിള റഹ്മത്തലി(48) നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ പി. ഗോപിനാഥ്, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ജനുവരി മൂന്നിനും ഏപ്രിൽ 15നും താൻ തടസമില്ലാതെ ശബരിമല ദർശനം നടത്തിയതാണ്. വൈദ്യപരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ചിട്ടും വഴങ്ങാതിരുന്ന അധികൃതർ തമിഴ്നാട്ടിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് മടക്കി അയയ്ക്കുകയായിരുന്നു. ഇരുമുടിക്കെട്ട് ബലമായി പിടിച്ചുവാങ്ങിവച്ചത് വലിയ മാനസികവിഷമമുണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു. ഹർജി സെപ്റ്റംബർ മൂന്നിനു പരിഗണിക്കാൻ മാറ്റി.
National
മുംബൈ: മുംബൈയിൽ ആപ്പുകൾ മുഖേന പ്രവർത്തിക്കുന്ന ഓട്ടോ, ടാക്സി വാഹനങ്ങൾ ഓടിക്കാൻ മറാഠി ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ മഹാരാഷ്ട്ര സർക്കാർ തീരുമാനത്തിനെതിരേ കാബ് ഡ്രൈവർമാർ ബോംബൈ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
തീരുമാനം പൗരന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. ഹർജി ആക്ടിംഗ് ചീഫ് ജസ്റ്റീസ് വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്.
National
ന്യൂഡൽഹി: ഹോമിയോ മരുന്നായ അർസെനികം ആൽബം കേരളത്തിൽ വിതരണം ചെയ്യുന്നതു ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല.
കോവിഡ് 19 മഹാമാരി കാലത്ത് ശാസ്ത്രീയ പരീക്ഷണങ്ങളോ ട്രയലുകളോ ഇല്ലാതെയാണ് ഈ മരുന്ന് പ്രതിരോധശേഷി വർധിപ്പിക്കുന്നതായി പ്രചരിപ്പിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു ഹർജി.
Kerala
കൊച്ചി: ഗുരുവായൂര് ക്ഷേത്രത്തില് ഭക്തരോടു ദേവസ്വം ജീവനക്കാര് മോശമായി പെരുമാറുന്നതിനെതിരായ ഹര്ജിയില് ഹൈക്കോടതി ദേവസ്വത്തിന്റെ വിശദീകരണം തേടി. കഴിഞ്ഞ രണ്ടിനു രാവിലെ ആറരയോടെ ദര്ശനത്തിനായി ശ്രീകോവിലിനുമുമ്പില് ക്യൂ നില്ക്കവെ രണ്ടു ജീവനക്കാര് തങ്ങളെ തള്ളിനീക്കിയെന്നാരോപിച്ച് എറണാകുളം സ്വദേശി ആര്. ഹരിശങ്കറും ഭാര്യയും നല്കിയ ഹര്ജിയിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്.
സോപാനത്തിനുമുന്നില് ജീവനക്കാര് ഭക്തരെ തള്ളുകയും മര്ദിക്കുകയും ചെയ്തതായി ഹര്ജിയില് പറയുന്നു. മൂന്നു സെക്കന്ഡ് പോലും ദര്ശനം അനുവദിച്ചില്ല. സ്ത്രീകളടക്കമുള്ള ഭക്തരെ രണ്ടു പുരുഷ ജീവനക്കാര് ബലം പ്രയോഗിച്ച് മാറ്റുന്നത് ദര്ശനത്തിനുള്ള അവകാശത്തെയും അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശത്തെയും ലംഘിക്കുന്നതാണ്.
സ്ത്രീത്വത്തെ അപമാനിച്ചതിനു നടപടി വേണം. ഭക്തര്ക്കു ജീവനക്കാരില്നിന്ന് ഉപദ്രവം ഏല്ക്കാതിരിക്കാന് സുരക്ഷ ഉറപ്പാക്കണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: മുട്ടില് മരംമുറി തട്ടിപ്പ് കേസില് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള് നിര്ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോജി അഗസ്റ്റിന് നല്കിയ ഹര്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
വയനാട് വനഭൂമിയില് നിന്ന് മരം മുറിച്ചെന്ന കേസില് തീര്പ്പുണ്ടാകും വരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള് നിര്ത്തിവയ്ക്കണമെന്നാണ് ആവശ്യം.
വയനാട് മേപ്പാടിയില് നിന്ന് മുറിച്ച ഈട്ടിമരങ്ങള് വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകള് മലബാര് ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില് അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.
District News
കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭങ്ങളില് കാര്ഷിക വിളകള്ക്കുണ്ടായ നഷ്ടപരിഹാര കുടിശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആനക്കല്ല് ഫാര്മേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തില് കൃഷി മന്ത്രി ടി. സിദ്ദിഖിന് നിവേദനം നല്കി. കൃഷിനാശങ്ങള്ക്കുള്ള നഷ്ടപരിഹാരത്തുക ഉടന് ലഭ്യമാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി ഭാരവാഹികള് അറിയിച്ചു.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക 2021 ഒക്ടോബര് 16 മുതലുള്ളത് നല്കുവാനുണ്ട്. സംസ്ഥാന വിള ഇന്ഷ്വറന്സ് പദ്ധതി പ്രകാരം കര്ഷകര്ക്ക് 32 കോടിയലധികം തുക നഷ്ടപരിഹാരമായി നല്കുവാനുണ്ടെന്നും സൊസൈറ്റി ഭാരവാഹികള് അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിന്റെ നേതൃത്വത്തില് ആനക്കല്ല് ഫാര്മേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി റെജി പടിഞ്ഞാറേമുറി, ട്രഷറര് മനോജ് കപ്പലുമാക്കല്, കാഞ്ഞിരപ്പള്ളി സഹകരണ കാര്ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോര്ഡിന് കിഴക്കേത്തലയ്ക്കല്, ജോസ് ജോര്ജ് താഴത്ത് തകടിയേല്, ബിജു ചക്കാല എന്നിവരാണ് നിവേദനം നല്കിയത്.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികചൂഷണവും അതിക്രമങ്ങളുമടങ്ങിയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള വിവരം സമൂഹമാധ്യമങ്ങൾ അധികൃതരെ അറിയിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
2012ലെ പോക്സോ നിയമപ്രകാരവും അതിലെ ചട്ടങ്ങൾ പ്രകാരവും കുട്ടികൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ടെന്ന് 2024 സെപ്റ്റംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടനയാണു സുപ്രീംകോടതിയെ സമീപിച്ചത്.
നിയമപരമായ ഇത്തരം മുൻകരുതലുകൾ പാലിക്കാത്ത ഇടനിലക്കാർക്ക് ഐടി നിയമത്തിലെ സെക്ഷൻ 79 നൽകുന്ന സംരക്ഷണം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.
വിഷയം പരിഗണിച്ച ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയത്.
Kerala
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിലവിൽ വന്ന കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നിയമനടപടിയിലേക്ക്. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുംമായ ബിബിൻ ടി. ആലപ്പാട്ട് കോംപറ്റീഷ്യൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ ഹർജി നൽകി.
സ്വകാര്യ ബസ് മേഖലയുടെ വിപണിയിലെ മത്സരക്ഷമതയെ പൂർണ്ണമായും തകർക്കുന്നതാണ് ഈ പദ്ധതിയെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാ സ്ഥാപനത്തിന് മാത്രം അന്യായമായ മേൽക്കൈ നൽകുന്ന ഈ നീക്കം വിപണിയിലെ തുല്യതയ്ക്കും സ്വാഭാവിക നീതിക്കും എതിരാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
സൗജന്യ യാത്ര ലഭ്യമായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ വലിയൊരു വിഭാഗം സ്വകാര്യ ബസുകൾ ഉപേക്ഷിച്ച് കെഎസ്ആർടിസിയിലേക്ക് കൂട്ടത്തോടെ മാറി. ഇത് സ്വകാര്യ ബസ് മേഖലയുടെ വരുമാനത്തിൽ കനത്ത ഇടിവാണ് ഉണ്ടാക്കിയത്. നിലവിൽ ഈ മേഖലയിൽ സർവീസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് സാമ്പത്തികമായി തീർത്തും ലാഭകരമല്ലാതായി മാറിയിരിക്കുകയാണ്.
പദ്ധതി നിലവിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഇതിനോടകം തന്നെ 750-ഓളം സ്വകാര്യ ബസുകൾ സർവീസ് പൂർണമായി നിർത്തലാക്കിക്കഴിഞ്ഞു. ഈ ആനുകൂല്യം ഇതേ രീതിയിൽ മുന്നോട്ടുപോയാൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കാൻ ഉടമകൾ നിർബന്ധിതരാകും. ഇത് സ്വകാര്യ ബസ് മേഖലയിൽ വലിയ തോതിലുള്ള സാമ്പത്തിക ബാധ്യതയ്ക്കും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും കാരണമാകുമെന്നും ഹർജിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.
Movies
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി ഹർജി തീർപ്പാക്കി.
വീഡിയോ കോൺഫ്രൻസിംഗിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 1999ൽ ചെന്നൈയിൽ മതാചാരങ്ങൾ പ്രകാരവും വിവാഹിതരായിരുന്നു.
നേരത്തെ തന്നെ വിജയ്യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യ സംഗീത നൽകിയ വിവാഹമോചന നോട്ടീസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമമെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോര്ട്ട് ഉണ്ടായിരുന്നു.
Kerala
കൊച്ചി: പോലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റം ചോദ്യം ചെയ്തു കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് (കെപിഒഎ) നല്കിയ ഹര്ജിയിലും സര്ക്കാര് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
ഹര്ജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് കേരള പോലീസ് അസോസിയേഷന്റെ ഹര്ജിയിലെ സ്റ്റേ ഉത്തരവ് ഇതിലും ബാധകമാക്കുകയായിരുന്നു.
Kerala
കൊച്ചി: സിഎംആര്എല്എക്സാലോജിക് ഇടപാട് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് സിപിഎം പ്രവര്ത്തകരുടെ ജാമ്യ ഹര്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
പ്രതികളായ ശ്രീജിത്, ജീവന്, അനില് കുമാര്, പി.എസ്. കിരണ്, ഷെഫീക്, സിദ്ധാര്ഥ്, നിഷാദ് എന്നിവര് സമര്പ്പിച്ച ജാമ്യഹര്ജിയാണ് പരിഗണിക്കുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സെഷന്സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
ഇന്നലെ ഹര്ജി പരിഗണിച്ച ജസ്റ്റിസ് കൗസര് എടപ്പഗത്ത് സര്ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നടപടി ക്രമങ്ങള് പാലിക്കാതെ മാധ്യമങ്ങളില് എത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നുമാണ് പ്രതികളുടെ വാദം.
56 ദിവസമായി റിമാന്ഡിലാണ്. കേസില് തങ്ങള്ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല് നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. കൊലപാതകശ്രമം ഉള്പ്പെടെയുള്ള വകു പ്പുകള് ചുമത്തിയത് അനാവശ്യമാണെന്നും ഹര്ജിയില് പറയുന്നു.
മേയ് 27 ന് നടന്ന അക്രമ സംഭവത്തില് 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില് ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്സിപ്പല് സെഷന്സ് കോടതി നേരത്തേ തള്ളിയിരുന്നു.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റിക്കെതിരേ 'അമ്മ' സംഘടന പ്രസിഡന്റ് ശ്വേത മേനോന് നല്കിയ ഹര്ജി എറണാകുളം മുന്സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില് കക്ഷിചേരാന് ആവശ്യപ്പെട്ട് നടി അന്സിബ ഹസന് നല്കിയ അപേക്ഷയിലും ഇന്ന് വാദം നടക്കും. അന്സിബയെ കക്ഷിചേര്ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്ക്കങ്ങളില് നിന്നും പിന്മാറുന്നതായി രമേഷ് പിഷാരടി കോടതിയെ അറിയിച്ചിരുന്നു. നിയമപോരാട്ടത്തില് ഇനി മുന്നോട്ടു പോകാന് താത്പര്യമില്ലെന്ന് പിഷാരടിയുടെ അഭിഭാഷകന് മുഖേനെയാണ് കോടതിയെ അറിയിച്ചത്. കേസില് ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാഗ്മൂലവും രമേഷ് പിഷാരടി കോടതിയില് സമര്പ്പിച്ചിരുന്നു.
അതേസമയം, ജനറല് ബോഡി യോഗത്തിനിടെ ശ്വേത മേനോന് രാജി പ്രഖ്യാപിച്ച് പോയതിന് പിന്നാലെയായിരുന്നു സംഘടനയുടെ ദൈനംദിന പ്രവര്ത്തനങ്ങള്ക്കായി രമേഷ് പിഷാരടി കണ്വീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല് സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന് കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്ജി പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് വിലക്കേര്പ്പെടുത്തുകയും കണ്വീനറായ രമേശ് പിഷാരടിയെ എതിര്കക്ഷിയാക്കുകയും ചെയ്തിരുന്നു. തുടര്ന്നാണ് കേസില് നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്റെ നിലപാട് രമേഷ് പിഷാരടി കോടതിയെ അറിയിച്ചത്.
Kerala
കൊച്ചി: നടി അന്സിബ ഹസന് നല്കിയ ഹര്ജിയില് നടി ലക്ഷ്മി പ്രിയ, യൂ ട്യൂബ് ചാനല് ഉടമ, അവതാരകന് എന്നിവര്ക്കെതിരേ മാനനഷ്ടത്തിനു കേസെടുക്കാമെന്നു കോടതി.
സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അവഹേളിച്ചെന്നാരോപിച്ച് നല്കിയ പരാതിയിലാണ് എറണാകുളം ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീത്വത്തെ അവഹേളിച്ചതിനു കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു അന്സിബ പാലാരിവട്ടം പോലീസില് പരാതി നല്കിയിരുന്നത്. പോലീസ് കേസെടുക്കാത്തതിനെത്തുടര്ന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്ക്കും അന്സിബ പരാതി നല്കി. എന്നാല്, പരാതിയില് സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കാനാവില്ലെന്നാണു പോലീസ് കോടതിയെ അറിയിച്ചത്.
പ്രതികളുടെ പ്രവൃത്തി മാനനഷ്ടത്തിന് മാത്രമുള്ള കുറ്റകൃത്യമാണെന്നും അതനുസരിച്ച് വേണമെങ്കില് നേരിട്ട് കേസെടുക്കാന് അന്സിബയ്ക്കു കോടതിയെ സമീപിക്കാമെന്നും സര്ക്കാര് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്ത മാസം 29നു മുമ്പ് അന്സിബയ്ക്കു കോടതിയെ സമീപിച്ച് മൊഴി നല്കാം. എന്നാല്, തനിക്കെതിരേ പ്രതികള് നടത്തിയത് കേവലം മാനനഷ്ടക്കേസ് മാത്രമല്ലെന്നും തന്റെ സ്ത്രീത്വത്തെ പരസ്യമായി അവഹേളിക്കലാണെന്നും അന്സിബ വാദിച്ചു.
മാനനഷ്ടക്കേസില് നടപടികള് സ്വീകരിക്കുന്നതിനുള്ള പരാതിയല്ല താന് നല്കിയതെന്നും വ്യക്തമാക്കി. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരേ അന്സിബ ഹൈക്കോടതിയെ സമീപിച്ചേക്കും.
National
ന്യൂഡൽഹി: തൃശൂരിലെ ബിജെപി ലോക്സഭാംഗം സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്തുള്ള ഹർജി തള്ളാൻ വിസമ്മതിച്ച കേരള ഹൈക്കോടതി നടപടിക്കെതിരായ അപ്പീലിൽ സുപ്രീംകോടതി നോട്ടീസയച്ചു.
ഹർജി നിലനിൽക്കുമെന്നും നടപടികൾ ആരംഭിക്കാം എന്നുമുള്ള ഏപ്രിൽ ഒന്നിലെ ഹൈക്കോടതി ഉത്തരവിനെതിരേയാണ് സുരേഷ് ഗോപി സുപ്രീംകോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം സുരേഷ് ഗോപിയും ഏജന്റുമാരും അഴിമതിയും ക്രമക്കേടുകളും നടത്തിയെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്തെന്ന ആരോപണം മാത്രം ഒഴിവാക്കി ബാക്കി ഗുരുതരമായ ആരോപണങ്ങളിൽ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അടുത്ത മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില് അധികാര തര്ക്കവും പരസ്യ പോരും രൂക്ഷം. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകള് ഇന്ന് കോടതി പരിഗണിക്കും. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ശ്വേത മേനോന് എറണാകുളം മുന്സിഫ് കോടതിയില് നല്കിയ ഹര്ജി പരിഗണിക്കും.
കമ്മിറ്റിയുടെ പ്രവര്ത്തനം നിര്ത്തി വയ്ക്കണമെന്ന കോടതി വിധിയില് കമ്മിറ്റി കണ്വീനര് ആയിരുന്ന രമേഷ് പിഷാരടിയുടെ വാദവും കേസില് കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്സിബ നല്കിയ അപേക്ഷയും കോടതി പരിഗണിക്കും. അന്സിബയെ കക്ഷി ചേര്ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ലക്ഷ്മിപ്രിയക്കും ഓണ്ലൈന് ചാനലിനും ശ്വേത മേനോനുമെതിരെ അന്സിബ പാലാരിവട്ടം പോലീസില് നല്കിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന അന്സിബയുടെ പരാതിയില് കേസെടുക്കാനാവില്ലെന്ന പോലീസ് നടപടിക്കെതിരെയു അന്സിബ പരാതി നല്കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്ക്കും പാലാരിവട്ടം എസ്എച്ച്ഒക്കുമെതിരെയാണ് പരാതി നല്കിയത്.
ഇതിനിടെ സംഘടനയില് രജിസ്ട്രാര് ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാര് സഹകരണ സൊസൈറ്റി രജിസ്ട്രാര്ക്ക് കത്തയച്ചു. രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ ശ്വേത മേനോന് ഭരിക്കാന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രധാന നീക്കം. അന്സിബ, മാല പാര്വതി, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവര് ചേര്ന്നാണ് രജിസ്ട്രാര്ക്ക് കത്തയച്ചത്.
രാജി വെച്ചു പോയവര് ചെക്ക് ദുരുപയോഗം ചെയ്യാന് സാധ്യതയുണ്ട്. ആറു കോടി രൂപ ബാലന്സ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകള് നിയമവിരുദ്ധമായി ഉപയോഗിക്കാന് സാധ്യതയുണ്ടെന്നും ഉത്തരവാദികള്ക്കെതിരെ നിയമപരമായ നടപടിക്രമങ്ങള് സ്വീകരിക്കണമെന്നുമാണ് കത്തില് ആവശ്യപ്പെടുന്നത്. രാജി വെച്ചു പോയവര് തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണെന്നും കത്തില് പറയുന്നുണ്ട്.
Kerala
കൊച്ചി: കോടതി ഉത്തരവുണ്ടായിട്ടും പോലീസ് ഉദ്യോഗസ്ഥര് പീഡിപ്പിച്ചെന്ന പരാതിയില് പ്രതികളെ രക്ഷിക്കുന്ന രീതിയിലാണു കേസെടുത്തിരിക്കുന്നതെന്ന് ആരോപിച്ച് അതിജീവിത നല്കിയ ഹര്ജി പിന്വലിച്ചു.
പ്രതികളുടെ പേര് എഫ്ഐആറില് ഒഴിവാക്കിയെന്നും തന്റെ പേര് വെളിപ്പെടുത്തിയെന്നുമടക്കം ആരോപിച്ചാണ് അതിജീവിത കോടതിയെ സമീപിച്ചത്.
മൂന്ന് പോലീസ് ഉദ്യോഗസ്ഥര് പീഡനം നടത്തിയ സംഭവം ഒറ്റക്കേസായാണു പരിഗണിക്കേണ്ടതെന്ന ആവശ്യവും പോലീസ് തള്ളിയതായും ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു.
National
മുംബൈ: നീറ്റ് പരീക്ഷാ ഫലത്തില് ഗുരുതര ക്രമക്കേട് ആരോപിച്ച് മഹാരാഷ്ട്രയില്നിന്നുള്ള വിദ്യാര്ഥി ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്നിന്നുള്ള വിദ്യാര്ഥിയായ സോഹം ഗാവ്തെയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില് റിട്ട് ഹര്ജി ഫയല് ചെയ്തത്.
ഔദ്യോഗിക ആന്സര് കീയും തന്റെ ഒഎംആര് ഷീറ്റും ഒത്തുനോക്കിയപ്പോള് എഴുതിയ 148 ചോദ്യങ്ങളില് 136 എണ്ണം ശരിയും 12 എണ്ണം തെറ്റുമാണെന്നു കണ്ടെത്തി. ഇതുപ്രകാരം 720ല് 522 മാര്ക്ക് ലഭിക്കേണ്ട സ്ഥാനത്ത്, എന്ടിഎ പുറത്തുവിട്ട അന്തിമ സ്കോര് കാര്ഡില് തനിക്ക് 95 മാര്ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്ഥി ആരോപിക്കുന്നു.
മാര്ക്കിലെ അപാകത ചൂണ്ടിക്കാട്ടി നാഷണല് ടെസ്റ്റിംഗ് ഏജന്സിക്ക് (എന്ടിഎ) ഇ-മെയില് അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. തുടര്ന്ന് ബോംബെ ഹൈക്കോടതിയില് ഹര്ജി നല്കുകയായിരുന്നു.
കേസ് നാളെ കോടതി വാദം കേള്ക്കാന് മാറ്റിവച്ചിട്ടുണ്ട്. സോഹത്തിനു പത്താം ക്ലാസില് 94.6% മാര്ക്കും പന്ത്രണ്ടാം ക്ലാസില് 74.17% മാര്ക്കും ലഭിച്ചിരുന്നു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഡൽഹി ജന്തർ മന്തറിൽ 19 ദിവസമായി നിരാഹാരമിരിക്കുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ ഹർജി.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്ന് ഹർജി കേൾക്കുമെന്നു വ്യക്തമാക്കിയ കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും പ്രതികരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്.
Kerala
കൊച്ചി: മട്ടന്നൂര് ഷുഹൈബ് വധക്കേസിലെ പ്രതികളുടെ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹര്ജിയില് തലശേരി അഡീഷണല് സെഷന്സ് കോടതിയില്നിന്ന് ഹൈക്കോടതി റിപ്പോര്ട്ട് തേടി.
നിലവിലെ ജഡ്ജിയില് നിന്ന് നീതി ലഭിക്കുമെന്ന കാര്യത്തില് ആശങ്കയുള്ളതിനാല് തലശേരി അഡീഷണല് സെഷന്സ് കോടതി മൂന്നില് നടക്കുന്ന വിചാരണ വേറെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരി അടക്കം കേസിലെ പ്രതികള് നല്കിയ ഹര്ജിയുടെ പകര്പ്പ് വിചാരണക്കോടതിയായ തലശേരി സെഷന്സിന് അയച്ചു നല്കിയ ശേഷം റിപ്പോര്ട്ട് തേടാനാണ് രജിസ്ട്രിക്ക് ജസ്റ്റീസ് സി.എസ്. ഡയസ് നിര്ദേശം നല്കിയത്.
വിചാരണ നടപടികള് താല്ക്കാലികമായി തടഞ്ഞ ജൂണ് പത്തിലെ ഇടക്കാല ഉത്തരവ് ഒരു മാസത്തേക്ക് തുടരാനും കോടതി നിര്ദേശിച്ചു.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴുമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രോസിക്യൂഷന് അനുമതി നല്കിയ വിവാദ ഉത്തരവില് കെ. ബിജു ഐഎഎസ് ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ സമര്പ്പിച്ചിരുന്നു.
വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല് ആ ഉത്തരവില് ഒരിക്കലും ഉള്പ്പെടുത്താന് പാടില്ലാത്ത ചില നിരീക്ഷണങ്ങള് കടന്നുകൂടാന് ഇടയായെന്നും പുതിയ സത്യവാഗ്മൂലത്തില് പറയുന്നുണ്ട്. പുതിയ ഉത്തരവ് മനസിരുത്തിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ആദ്യ ഉത്തരവിലെ അപകീര്ത്തികരമായ പ്രസ്താവനകള്ക്ക് മാപ്പു പറയുന്നതായും കെ. ബിജു വ്യക്തമാക്കി.
നേരത്തെ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില് നേരിട്ടു ഹാജരായി മാപ്പപേക്ഷ നല്കിയിരുന്നെങ്കിലും ശരിയായ രീതിയിലല്ല മാപ്പപേക്ഷ തയാറാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ. ബദറുദീന് ഇത് സ്വീകരിച്ചിരുന്നില്ല. തുടര്ന്നാണ് വീണ്ടും മാപ്പപേക്ഷ നല്കിയത്.
കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്ടിയുസി നേതാവ് ആര്.ചന്ദ്രശേഖരന്, കശുവണ്ടി വികസന കോര്പറേഷന് മുന് മാനേജിംഗ് ഡയറക്ടര് കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന് സിബിഐക്ക് അനുമതി നല്കുന്നതില് പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.
National
ചെന്നൈ: ഡിഎംകെ നേതാവും മുൻമന്ത്രിയുമായ വി.സെന്തിൽ ബാലാജിയുടെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നുള്ള സെന്തിലിന്റെ വിജയം ചോദ്യം ചെയ്ത് ഇറോഡ് സ്വദേശി പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് നടപടി.വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
എന്നാൽ, ഹർജി നൽകിയ വ്യക്തി മണ്ഡലത്തിന് പുറത്തുനിന്നുള്ള വോട്ടറാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷ് ഹർജി തള്ളുകയായിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം, അതാത് മണ്ഡലത്തിലെ വോട്ടർമാർക്ക് മാത്രമേ ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാൻ അവകാശമുള്ളുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച ആരോപണത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് 13ന് പരിഗണിക്കും.
വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല.
Kerala
കൊച്ചി: മകന്റെ അപകടമരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി പിതാവ് ഡിജിപിക്കു നല്കിയ നിവേദനത്തില് 30 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഹൈക്കോടതി.
2023 ഓഗസ്റ്റ് മൂന്നിന് പുലര്ച്ചെയുണ്ടായ അപകടത്തില് മരിച്ച വൈശാഖ് വിശ്വത്തിന്റെ പിതാവ് തൊടുപുഴ ഉടുമ്പന്നൂര് സ്വദേശി എ.ആര്. വിശ്വന് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്. ആവശ്യമെങ്കില് ഹര്ജിക്കാരനെക്കൂടി കേട്ട് തീരുമാനമെടുക്കാനാണു നിര്ദേശം.
വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. വൈശാഖിന്റെ പിഴവാണ് അപകടകാരണമെന്നാണ് വാഴക്കുളം പോലീസിന്റെ റിപ്പോര്ട്ട്.
എന്നാല്, പോലീസ് അന്വേഷണത്തില് അപാകതകളുണ്ടെന്നും തൃപ്തികരമായ അന്വേഷണമല്ല നടക്കുന്നതെന്നും പിക്കപ്പ് ജീപ്പിന്റെ അമിത വേഗതയാണ് അപകടകാരണെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്കു നിവേദനം നല്കിയിട്ടും നടപടിയില്ലാതിരുന്നതിനെ തുടര്ന്നാണ് വിശ്വൻ കോടതിയെ സമീപിച്ചത്.
Movies
താരസംഘടനയായ 'അമ്മ' അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്റെ ഹര്ജിയില് അന്സിബ ഹസനും കക്ഷിചേരും. എറണാകുളം മുന്സിഫ് കോടതിയില് ഇന്ന് അപേക്ഷ നല്കി.
ശ്വേത മേനോന്റെ ഹര്ജിയില് രമേഷ് പിഷാരടി കണ്വീനര് ആയ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനത്തിന് കോടതി വിലക്ക് ഏര്പ്പെടുത്തിയിരുന്നു.
അമ്മയുടെ ബൈലോയ്ക്ക് വിരുദ്ധമായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു എന്നായിരുന്നു ശ്വേത മേനോന്റെ വാദം. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനം കോടതി തടഞ്ഞത്. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കാനിരിക്കവെയാണ് അന്സിബ വീണ്ടും കക്ഷി ചേര്ന്നിരിക്കുന്നത്.
അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക് ഏര്പ്പെടുത്തിയതിന് പിന്നാലെ കോടതി ഉത്തരവിനു പിന്നാലെ കണ്വീനര് സ്ഥാനത്തു നിന്നും രമേഷ് പിഷാരടി രാജിവച്ചിരുന്നു. സംഘടനയെ കോടതി കയറ്റാന് ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധിയെ മാനിക്കുന്നു എന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം.
Kerala
കൊച്ചി: ആദായനികുതി ചട്ടങ്ങളുമായി ബന്ധപ്പെട്ടു നായര് സര്വീസ് സൊസൈറ്റി (എന്എസ്എസ്) നിയമാവലിയില് കൊണ്ടുവന്ന ഭേദഗതി തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില് ഹര്ജി. റാന്നി സ്വദേശി പ്രഫ. പി. ഗോപകുമാറാണു ഹര്ജി നല്കിയത്.
ഹര്ജി പരിഗണിക്കുന്നതില്നിന്ന് ജസ്റ്റീസ് ഹരിശങ്കര് വി. മേനോന് പിന്മാറി. ഹര്ജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും.
National
കോല്ക്കത്ത: ഭവാനിപുരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് പശ്ചിമബംഗാള് മുന് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് അധ്യക്ഷയുമായ മമത ബാനര്ജി നല്കിയ ഹര്ജി കോല്ക്കത്ത ഹൈക്കോടതി സ്വീകരിച്ചു.
വോട്ടിംഗ് മെഷീനും വിവി പാറ്റും സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും കോടതി നിര്ദേശിച്ചു. നാലാഴ്ചയ്ക്കകം സുവേന്ദു അധികാരി സത്യവാങ്മൂലം നല്കണമെന്ന് കോടതി അറിയിച്ചു.
Kerala
കൊച്ചി: മട്ടന്നൂര് ഷുഹൈബ് വധക്കേസില് സിബിഐ അന്വേഷണത്തിനുള്ള സിംഗിള് ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാര്ക്കെതിരേ അപകീര്ത്തികരമായ പരാമര്ശങ്ങള് നടത്തിയെന്ന കെ. സുധാകരന് എംപിക്കെതിരായ കോടതിയലക്ഷ്യ ഹര്ജി പത്തു ദിവസത്തിനുശേഷം പരിഗണിക്കാന് മാറ്റി.
District News
മഞ്ചേരി: വാണിജ്യ കെട്ടിടങ്ങളുടെ മുകള് നിലയിലെ ചോര്ച്ച തടയുന്നതിന് ഷീറ്റുകള് മേഞ്ഞതിന് ഈടാക്കിയ വന് തോതിലുള്ള പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബില്ഡിംഗ് ഓണേഴ്സ് അസോസിയേഷന് മന്ത്രി കെ. എം. ഷാജിക്ക് നിവേദനം നല്കി. പുതിയ കെട്ടിടങ്ങള്ക്ക് ഈടാക്കുന്ന നിര്മാണ തൊഴിലാളി സെസ് തൊഴിലാളി വേതനത്തിന്റെ അടിസ്ഥാനത്തിലാക്കണമെന്നും കെട്ടിട നികുതി വര്ധനവ് അഞ്ച് വര്ഷത്തില് ഒരിക്കല് അഞ്ച് ശതമാനം വര്ധനവാക്കി ചുരുക്കണമെന്നും നിവേദനത്തില് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ്, ഫക്രുദ്ധീന് തങ്ങള്, അവുലന് അബ്ദുള്ള, കെ.കെ.ബി. ഉസ്മാന്, മുഹമ്മദ് ഇസ്മായില്, വി. അബ്ദുറസാഖ്, റസാഖ് കുരിക്കള്, പി.പി. അബ്ദുൾ റസാഖ് എന്നിവര് നിവേദന സംഘത്തിലുണ്ടായിരുന്നു.
Kerala
കൊച്ചി: ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര് സ്ഥാനത്തുനിന്ന് നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) ഉത്തരവിനെതിരേ സര്ക്കാര് ഹൈക്കോടതിയില് സമർപ്പിച്ച ഹര്ജിയില് ഇന്നു വിധി പറയും.
കേസുമായി ബന്ധപ്പെട്ട വസ്തുതകള് പരിശോധിക്കേണ്ടതു ട്രൈബ്യൂണലാണെന്നും ഇടക്കാല ഉത്തരവില് ഇടപെടേണ്ട സാഹചര്യമുണ്ടോയെന്നു മാത്രമാകും പരിശോധിക്കുകയെന്നും ജസ്റ്റീസുമാരായ അനില് കെ. നരേന്ദ്രന്, എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സ്ഥലംമാറ്റത്തില് നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ട്രൈബ്യൂണല് ഉത്തരവ് വസ്തുതകള് പരിശോധിക്കാതെയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹര്ജി നൽകിയത്. 2026 ഫെബ്രുവരിയില് റീനയുടെ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചതാണ്.
തസ്തിക അപ്ഗ്രേഡ് ചെയ്തശേഷമാണ് എറണാകുളം റീജണല് പബ്ലിക് ഹെല്ത്ത് ലബോറട്ടറി ചുമതലയിലേക്കു മാറ്റിയതെന്നും സര്ക്കാര് ചൂണ്ടിക്കാട്ടി. എന്നാല് മാനദണ്ഡങ്ങള് പാലിക്കാതെയാണു സ്ഥലംമാറ്റമെന്നും ആദ്യ ഉത്തരവ് സര്ക്കാര് തിരുത്തുന്ന സാഹചര്യമുണ്ടായെന്നുമായിരുന്നു ഡോ. റീനയുടെ വാദം.
District News
ഷൊർണൂർ: ഓങ്ങല്ലൂർ- മഞ്ഞളുങ്ങൽ പാലം നിർമാണവും പട്ടാമ്പി ടൗൺ ഡ്രെയിനേജ് പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് മുഹ്സിൻ എംഎൽഎ വകുപ്പുമന്ത്രി പി.കെ. ബഷീറിനെ കണ്ടു.
ഈ റോഡിൽ 17 കലുങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ആദ്യഘട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ പാലം പുനർനിർമിക്കുന്നതിനുപകരം രണ്ട് സൈഡിലും നീളം കൂട്ടുന്നതിനു മാത്രമാണ് തീരുമാനിച്ചത്.
എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ പാലം പുനർനിർമിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇതുകൂടി പദ്ധതിയുടെ ഭാഗമാക്കിയത്.
നിർമാണ പ്രവർത്തനങ്ങൾക്കായി ചുരുങ്ങിയത് രണ്ടര മാസത്തോളം റോഡ് പൂർണമായി അടച്ചിടേണ്ടി വരുമെന്നാണ് അന്ന് നിർമ്മാണക്കമ്പനി അറിയിച്ചത്. എന്നാൽ ദീർഘനാൾ റോഡ് അടച്ചിടുന്നത് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാൽ അടച്ചിടുന്നതിനെ ശക്തമായി എതിർക്കുകയും ബദൽമാർഗം കാണണമെന്നും ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് എംഎൽഎ പറഞ്ഞു. മഴക്കാലത്ത് പട്ടാമ്പി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാൻ ഡ്രെയിനേജ് നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവും മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
Kerala
കൊച്ചി: പ്രിയദര്ശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്ജിയില് ചോദ്യങ്ങളുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് വാഗ്ദാനം ആണെങ്കിലും വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്നാണ് കോടതി ചോദിച്ചത്. സ്ത്രീശാക്തീകരണമാണ് ലക്ഷ്യം എന്നാണ് സര്ക്കാരിന്റെ വാദം. പൊതുതാത്പര്യ ഹര്ജി വിധി പറയാന് മാറ്റി.
എറണാകുളം തമ്മനം സ്വദേശി മുഹമ്മദ് ഫിര്ദൗസ് ആണ് ഹര്ജി നല്കിയത്. വരുമാന പരിധിയോ താമസയോഗ്യതയോ പിന്നോക്കാവസ്ഥയോ ഒന്നും പരിഗണിക്കാതെ ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്കുന്നത് ഭരണഘടനയുടെ ആര്ട്ടിക്കിള് 14, 15 (1) എന്നിവ ഉറപ്പു നല്കുന്ന സമത്വത്തിന്റെയും വിവേചനമില്ലായ്മയുടെയും ലംഘനമാണ് എന്നതായിരുന്നു ഹര്ജിക്കാരന്റെ പ്രധാന വാദം.
ഒരു പഠനം പോലും നടത്താതെയാണ് അധികാരത്തിലെത്തി പിറ്റേ ദിവസം മുതല് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയത് എന്നും ഹര്ജിക്കാരന് ഉന്നയിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന ഹര്ജിക്കാരന്റെ വാദത്തോട് വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്ന് കോടതി ചോദിച്ചു.
പദ്ധതി നിര്ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടി ചോദിച്ചു. കര്ണാടകയിലും തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അത് വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും സര്ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല് കോടതിയെ അറിയിച്ചു.
National
കോല്ക്കത്ത: പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പില് ഭവാനിപുര് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് തൃണമൂല് കോണ്ഗ്രസ് അധ്യക്ഷ മമത ബാനര്ജി കോല്ക്കത്ത ഹൈക്കോടതിയില് ഹര്ജി ഫയല് ചെയ്തു.
ബിജെപിയുടെ സുവേന്ദു അധികാരിയോടാണു മമത ഈ മണ്ഡലത്തില് പരാജയപ്പെട്ടത്. 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.
Kerala
കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
സാമ്പത്തിക മാനദണ്ഡങ്ങളോ താമസ യോഗ്യതകളോ ഇല്ലാതെ കേവലം ലിംഗത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ ഉറപ്പുനൽകുന്ന സമത്വത്തിന്റേയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.
ഈ പദ്ധതിയിലൂടെ പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിച്ച കോണ്ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പുഹർജി നൽകാനുള്ള അവകാശം നിലനിർത്തി റിട്ട് ഹർജി തള്ളുകയായിരുന്നു. സുപ്രീംകോടതി നടപടിയോടെ തെരഞ്ഞെടുപ്പുഹർജിയുമായി മീനാക്ഷി നടരാജന് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ വിഷയത്തിൽ തീർപ്പുണ്ടാകാൻ കാലതാമസമെടുത്തേക്കും.
പത്രിക തള്ളിയത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെങ്കിൽ കോടതിക്ക് ഇടപെടാമെന്ന ഹർജിക്കാരിയുടെ വാദം ഭരണഘടനയുടെ 329(ബി) അനുച്ഛേദമനുസരിച്ച് നിലനിൽക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടന്ന് യാതൊരു നിരീക്ഷണവും നടത്തുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
നാമനിർദേശം തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ഏകപക്ഷീയവും തീർത്തും നിയമവിരുദ്ധവുമാണെന്ന് മീനാക്ഷി നടരാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ കോടതി ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതിനുമുന്പ് ഇത്തരം സാഹചര്യത്തിൽ കോടതി ഇടപെടൽ നടത്തിയ ഏതെങ്കിലും കേസുണ്ടോയെന്ന് നാമനിർദേശം നിരസിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പുഹർജി മാത്രമേ നിലനിൽക്കൂവെന്ന ചട്ടം ഓർമിപ്പിച്ചുകൊണ്ട് കോടതി ചോദിച്ചു.
തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാമനിർദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്തു വ്യാഴാഴ്ചയാണ് മീനാക്ഷി നടരാജൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയം വെള്ളിയാഴ്ച പരിഗണിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.
മധ്യപ്രദേശിൽ ബിജെപിക്ക് രണ്ടു സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കോണ്ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ മൂന്നാമത് നിർത്തിയ സ്ഥാനാർഥിയെ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയാണുണ്ടായത്.
National
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് നടപ്പാക്കിയ ഓണ് സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിലെ ക്രമക്കേടുകൾ ആരോപിച്ച് കോണ്ഗ്രസ് വിദ്യാർഥിസംഘടനയായ എൻഎസ്യുഐ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും പ്രതികരണം തേടി.
ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് ബോർഡ് വ്യക്തമാക്കിയെങ്കിലും ജസ്റ്റീസുമാരായ നീന ബൻസാൽ കൃഷ്ണ, മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രതികരണം തേടാൻ തീരുമാനിക്കുകയായിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില് ഹര്ജി.
കൗണ്സില് ഓഫ് സിബിഎസ്ഇ സ്കൂള്സ് കേരളയ്ക്കുവേണ്ടി ഡോ. ഇന്ദിര രാജനും പുനര്മൂല്യനിര്ണയത്തിന് അപേക്ഷ സമര്പ്പിച്ച വിദ്യാര്ഥികളും നല്കിയ ഹര്ജിയില് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് സര്ക്കാരിന്റെ വിശദീകരണം തേടി. ഹര്ജി ചൊവ്വാഴ്ച പരിഗണിക്കും.
സിബിഎസ്ഇ ഈ വര്ഷം മുതല് പ്ലസ് ടു പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്ണയം ഓണ് സ്ക്രീന് മാര്ക്കിംഗ് സംവിധാനത്തിലേക്കു മാറ്റിയിരുന്നു. ഇതിന്റെ പോരായ്മകള്ക്കെതിരേ വ്യാപക പരാതി ഉയര്ന്നതിനെത്തുടര്ന്ന് പുനര്മൂല്യനിര്ണയത്തിനായി അപേക്ഷ നല്കാന് ജൂണ് ആറുവരെ അവസരം നല്കി. ഇതിനിടയിലാണ് ജൂണ് ഏഴിനകം 12ാം ക്ലാസ് മാര്ക്ക് അപ്ലോഡ് ചെയ്യണമെന്ന് കേരള പ്രവേശനപരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനമുണ്ടായത്.
പുനര്മൂല്യനിര്ണയത്തിലൂടെ മാര്ക്കില് ചെറിയ വര്ധനയുണ്ടായാല്പ്പോലും റാങ്കിനെ ബാധിക്കുമെന്നിരിക്കെ പുനര് മൂല്യനിര്ണയ ഫലം വരുന്നതിനുമുമ്പുളള മാര്ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്ന് ഹര്ജിയില് പറയുന്നു.
Kerala
തിരുവനന്തപുരം: പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നും ഭീമമായ പെൻഷൻ ഘടന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി.
കഴിഞ്ഞ ഏഴു വർഷമായി എൽഡിഎഫ് പ്രതിനിധികളുടെ മാത്രം പൂർണ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനിൽ യുഡിഎഫിന്റെ അഞ്ച് പ്രതിനിധികൾ കൂടി പുതുതായി നിയമിതരാകും.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്പ് രണ്ടുപേരെ പിഎസ്സി അംഗങ്ങളായി നിയമിക്കാൻ ശിപാർശ ചെയ്തെങ്കിലും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ഇത് അംഗീകരിച്ചില്ല.
ഗവർണറേക്കാൾ ശന്പളം പറ്റുന്ന പിഎസ്സി അംഗങ്ങളായി വിസിമാരുടേതിന് സമാനമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കുവാൻ പാടുള്ളൂവെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പിഎസ്സിയിലുണ്ടായ അഞ്ച് ഒഴിവുകളിൽ യുഡിഎഫിന് അവസരം ഒരുങ്ങുന്നുവെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മൂന്നെണ്ണം കോണ്ഗ്രസും രണ്ടെണ്ണം മുസ്ലിംലീഗും കേരള കോണ്ഗ്രസുമായി പങ്കിടാനാണു സാധ്യത.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസില് തന്ത്രി കണ്ഠര് രാജീവര്ക്ക് വിജിലന്സ് കോടതി ജാമ്യം അനുവദിച്ചതു ചോദ്യം ചെയ്യുന്ന ഹര്ജിയില് ഹൈക്കോടതി വിശദ വാദം കേള്ക്കും.
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്നിന്നു സ്വര്ണം കവര്ന്ന കേസില് 13-ാം പ്രതിയും ദ്വാരപാലകശില്പ കേസില് 16-ാം പ്രതിയുമായ തന്ത്രി രാജീവര്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനും കോടതി നടത്തിയ പരാമര്ശങ്ങള് നീക്കം ചെയ്യാനും എസ്ഐടി നല്കിയ ഹര്ജിയാണു ജസ്റ്റീസ് എ. ബദറുദ്ദീന് പരിഗണിച്ചത്.
പരാമര്ശങ്ങള് ആവശ്യമില്ലാത്തതും ഒഴിവാക്കേണ്ടതുമാണെന്ന് ഹര്ജി പരിഗണിക്കവെ കോടതി വാക്കാല് പറഞ്ഞു. എന്നാല്, ഇതിനെ ഹര്ജിക്കാരന്റെ അഭിഭാഷകന് എതിര്ത്തു. തുടര്ന്നാണ് ഹര്ജിയില് വിശദവാദം കേള്ക്കാമെന്നു കോടതി വ്യക്തമാക്കിയത്. തുടര്ന്ന് ഹര്ജി വീണ്ടും ഒമ്പതിന് പരിഗണിക്കാന് മാറ്റി.
തന്ത്രിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവിന്റെ കണികപോലുമില്ലെന്നായിരുന്നു വിജിലന്സ് കോടതിയുടെ പരമാര്ശം.
NRI
റോം: വേൾഡ് മലയാളി കൗൺസിൽ ഇറ്റലിയുടെ റോം പ്രൊവിൻസ് ചെയർമാൻ ജെജി മാന്നാറും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂരും മന്ത്രി പി.സി. വിഷ്ണുനാഥിന്റെ വസതിയിൽ എത്തി നിവേദനം നൽകി.
കേരളത്തിന്റെ ടൂറിസം മേഖലയെ യൂറോപ്യൻ മാതൃകയിൽ വികസിപ്പിച്ചാൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രധാനമായും സുസ്ഥിര ടൂറിസം രീതികൾ, അതായത് പരിസ്ഥിതിക്ക് കോട്ടമില്ലാത്ത രീതിയിലുള്ള വികസനം, യൂറോപ്പിൽ വളരെ സജീവമാണ്.
കൂടാതെ, ചരിത്രപരമായ സ്മാരകങ്ങളുടെ സംരക്ഷണം, മികച്ച പൊതുഗതാഗത സൗകര്യങ്ങൾ, ഗ്രാമീണ ടൂറിസം എന്നിവയും കേരളത്തിന് അനുകരിക്കാവുന്ന കാര്യങ്ങളാണ്. കേരളത്തിൽ നടപ്പാക്കാവുന്ന യൂറോപ്യൻ മാതൃകകളിൽ പ്രധാനം മാലിന്യ സംസ്കരണമാണ്. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുക എന്നത് ഇതിന്റെ പ്രധാന ഭാഗമാണ്.
രണ്ടാമത്തേത്, കൂടുതൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങളാണ്. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ഉൾപ്പെടുന്നു. മൂന്നാമതായി, സോളാർ എനർജി പോലുള്ള പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത് വഴി ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും.
പൊതുഗതാഗതവും ടൂറിസവും സംയോജിപ്പിച്ചുള്ള ഒരു ഡിജിറ്റൽ ആപ്പ് കേരളത്തിന് വളരെ വലിയ നേട്ടമാകും. ഈ ആപ്പിലൂടെ ആളുകൾക്ക് വിവിധ പൊതുഗതാഗത സംവിധാനങ്ങൾ, അതായത് ബസ്, ട്രെയിൻ, മെട്രോ എന്നിവയുടെ വിവരങ്ങൾ ഒരിടത്തുനിന്ന് തന്നെ മനസിലാക്കാനും ബുക്ക് ചെയ്യാനും സാധിക്കും.
കൂടാതെ, കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാ മാർഗ്ഗങ്ങളും, ടിക്കറ്റുകളും, കാഴ്ചക്കാരുടെ വിവരങ്ങളും ലഭ്യമാകും. ഇതൊരു ഡിജിറ്റൽ ടൂറിസം ഗൈഡ് ആയി പ്രവർത്തിക്കുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Kerala
കല്പ്പറ്റ: വയനാട്ടിലെ മുട്ടില് സൗത്ത് വില്ലേജില് റവന്യു പട്ടയഭൂമികളില്നിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില് സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള് ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമര്പ്പിച്ച ഹര്ജി തീര്പ്പായില്ല.
ഹര്ജി പരിഗണിച്ച ബത്തേരി ജൂഡീഷല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കുന്നതിന് ജൂണ് മൂന്നിലേക്ക് മാറ്റി. കുപ്പാടി ഡിപ്പോയില് സൂക്ഷിച്ചിരുന്ന തടികളുടെ പൂര്ണമായ കണക്ക് മുട്ടില് മരംമുറിക്കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘം സമര്പ്പിക്കാത്ത സാഹചര്യത്തിലാണ് ഹര്ജി മാറ്റിവച്ചത്.
പിടിച്ചെടുത്ത ഈട്ടികളുടെ മഹസര് പ്രത്യേക അന്വേഷണ സംഘം ഒരാഴ്ച മുമ്പ് കോടതിയില് ഹാജരാക്കിയിരുന്നു. തടികളുടെ കണക്കെടുപ്പ് കോടതി നിര്ദേശപ്രകാരം വീണ്ടും നടത്തിയാണ് മഹസര് തയാറാക്കിയത്.
800 കഷണം ഈട്ടിയാണ് ഡിപ്പോയില് സൂക്ഷിച്ചിരിക്കുന്നത്. തടികളുടെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് മഹസര് സമര്പ്പിച്ചത്. തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസില് ഉള്പ്പെട്ട വാഴവറ്റ അഗസ്റ്റിന് സഹോദരന്മാര് സമര്പ്പിച്ച ഹര്ജി നേരത്തേ കോടതി തള്ളിയിരുന്നു.
മുട്ടില് സൗത്ത് വില്ലേജില് അനധികൃതമായി മുറിച്ചതില് 231 ക്യുബിക് മീറ്റര് ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. തടികള് വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹര്ജി സമര്പ്പിച്ചത്. തടികള് ലേലം ചെയ്ത് തുക ഖജനാവില് സൂക്ഷിച്ചാല് അവ നശിക്കുന്നതുമൂലമുള്ള നഷ്ടത്തിന്റെ തോത് കുറയ്ക്കാന് കഴിയും.
വനം വകുപ്പ് കസ്റ്റഡിയില് സൂക്ഷിക്കുന്ന തടികള് മരക്കച്ചവടക്കാരായ തങ്ങള് ഭൂവുടമകളില്നിന്നു വിലയ്ക്കുവാങ്ങിയതാണെന്ന വാദം അഗസ്റ്റിന് സഹോദരന്മാര് കോടതിയില് ഉന്നയിച്ചിരുന്നു. മുറിച്ച മരങ്ങളുടെ പ്രായം നിര്ണയിച്ച സര്ട്ടിഫിക്കറ്റ് ഹാജരാക്കാന് അനുവദിക്കണമെന്ന ഡിഎഫ്ഒയുടെ ഹര്ജി കഴിഞ്ഞ ജൂണില് കോടതി നിരസിക്കുകയുമുണ്ടായി.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തടികളുടെ സംരക്ഷണത്തിന് 2023 ജനുവരി ആറിന് ജില്ലാ കോടതി നല്കിയ നിര്ദേശങ്ങള് വനം വകുപ്പ് പാലിച്ചിരുന്നില്ല. തടികള് മേല്ക്കൂരയുള്ള ഷെഡില് നിലത്തുനിന്നു മതിയായ ഉയരത്തില് വെിലോ മഴയോ ഈര്പ്പമോ തട്ടാതെ കേസ് തീര്പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്ദേശം.
ഉത്തരവ് തീയതി മുതല് ഒരു മാസത്തിനകം തടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിര്ദേശിച്ചിരുന്നു.തടികളുടെ സംരക്ഷണത്തിനു തക്കതായ നടപടികള് സ്വീകരിക്കാതെയാണ് ലേലത്തിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര് 24ന് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് റവന്യു പട്ടയഭൂമികളില് അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. മുട്ടില് സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില് 2020 നവംബര്, ഡിസംബര്, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അനധികൃത ഈട്ടിമുറി നടന്നത്.
ഇത് വിവാദമായതിനെത്തുടര്ന്ന് ജില്ലാ കളക്ടറുടെ നിര്ദേശപ്രകാരം 2021 ജൂണ് മൂന്നിന് വൈത്തിരി തഹസില്ദാര് നല്കിയ പരാതിയില് മീനങ്ങാടി പോലീസ് 281/2021 നമ്പറായി കേസ് രജിസ്റ്റര് ചെയ്തു. ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് 2023 ഡിസംബര് രണ്ടിന് ബത്തേരി കോടതിയില് കുറ്റപത്രം സര്പ്പിച്ചത്.
കേസ് നടന്നുവരികയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര് ചെയ്ത ഒആര് 01/2021 മുതല് 43/2021 വരെയുള്ള കേസുകളില് കുറ്റപത്ര സമര്പ്പണം വൈകുകയാണ്.
Kerala
കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി. അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജി. സമാഹരിച്ച തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ എത്തിക്കും.
ഇഡിക്കുവേണ്ടി കോടതിയിൽ ഹാജരാകുക അഡീഷണൽ സോളിസിറ്റർ ജനറൽ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎൽ.
മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്എല് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. കേസില് ലഭിച്ച തെളിവുകള് മുദ്രവച്ച കവറില് ഹൈക്കോടതിയില് സമര്പ്പിച്ച് സിഎംആര്എല് ഹര്ജിയെ എതിര്ക്കാനാണ് ഇഡി തീരുമാനം.
Kerala
കൊച്ചി: ശബരിമല തീര്ഥാടകര് പമ്പാനദിയില് വസ്ത്രങ്ങള് ഉപേക്ഷിക്കുന്നതിനെതിരേ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്ജി തീര്പ്പായി.
നദിയില് അടിഞ്ഞുകൂടിയ മാലിന്യത്തിന്റെ 97 ശതമാനവും നീക്കം ചെയ്തതായി കോടതി വിലയിരുത്തി. ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
പമ്പയില് വസ്ത്രങ്ങള് നിക്ഷേപിക്കുന്നത് കര്ശനമായി തടയണമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡിനും പ്രാദേശിക അധികാരികള്ക്കും കോടതി നിര്ദേശം നല്കി. മുന് ഉത്തരവുകള് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
നിര്ദേദേശങ്ങള് ലംഘിക്കപ്പെട്ടാല് സ്പെഷല് കമ്മീഷണര്ക്കോ മറ്റ് എതിര്കക്ഷികള്ക്കോ കോടതിയെ സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
2026 നവംബര് 15ന് അടുത്ത തീര്ഥാടന സീസണ് ആരംഭിക്കുന്നതിനു മുമ്പ് പമ്പാനദി പൂര്ണമായും ശുദ്ധീകരിക്കപ്പെടണം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതികള് അവലംബിക്കണമെന്നും കോടതി ഉത്തരവിട്ടു.
Kerala
കൊച്ചി: മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണ വിജയന് ഉള്പ്പെട്ട മാസപ്പടി കേസില് ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്എല് കമ്പനിയും ജീവനക്കാരും നല്കിയ ഹര്ജികള് ഹൈക്കോടതി തള്ളി.
മാസപ്പടി കേസില് സിഎംആര്എല് കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള് റദ്ദാക്കണം എന്നായിരുന്നു ഹര്ജിയിലെ ആവശ്യം. എന്നാല് അന്വേഷണത്തില് ഇടപെടാന് കോടതി വിസമ്മതിച്ചു. നേരത്തെ കേസില് ചില ഉദ്യോഗസ്ഥര്ക്കെതിരെയുള്ള കര്ശന നടപടികള് കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല് ഈ തടസം നീങ്ങും.
സിഎംആര്എല് മാനേജിംഗ് ഡയറക്ടര് ശശിധരന് കര്ത്ത, ചീഫ് ഫിനാന്ഷ്യല് ഓഫീസര് കെ.എസ് സുരേഷ് കുമാര്, സീനിയര് മാനേജര് എന്.സി. ചന്ദ്രശേഖരന്, സീനിയര് ഓഫീസര് അഞ്ജു റേച്ചല് കുരുവിള എന്നിവരാണ് ഇഡി സമന്സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി നല്കിയിരുന്നത്.
വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും. സിഎംആര്എല് മാനേജിംഗ് ഡയറക്ടര് ശശിധരന് കര്ത്ത ഉള്പ്പെടെയുള്ളവര്ക്ക് ഇഡി സമന്സ് അയക്കും. അടുത്ത സമന്സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്എല് കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.
ഇല്ലാത്ത സേവനത്തിന് സിഎംആര്എല് കമ്പനി എക്സാലോജിക്കിന് 1.72 കോടി രൂപ നല്കി എന്നായിരുന്നു കണ്ടെത്തല്. കേസില് എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
Kerala
പത്തനംതിട്ട/ ചങ്ങനാശേരി: സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു നിവേദനം നൽകി.
ശക്തമായ പ്രതിഷേധത്തിൽ പദ്ധതിപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിൻവലിക്കുകയെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിഞ്ഞ സർക്കാർ തയാറായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഇന്നു നടക്കുന്ന മന്ത്രിസഭായോഗം സില്വര്ലൈന് പദ്ധതി ചര്ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് സില്വര്ലൈന് സമരസമിതി നേതാക്കള്ക്ക് ഉറപ്പുനല്കി.
കഴിഞ്ഞ സര്ക്കാര് ഇറക്കിയ ഉത്തരവുകള് സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടികള് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി സില്വര്ലൈന് വിരുദ്ധ ജനകീയസമിതി സംസ്ഥാന ചെയര്മാന് എം.പി. ബാബുരാജ്, കോട്ടയം ജില്ലാ ചെയര്മാന് ബാബു കുട്ടന്ചിറ എന്നിവര് പറഞ്ഞു.
സില്വര്ലൈന് സമരക്കാര്ക്കെതിരേ സംസ്ഥാനവ്യാപകമായി പോലീസ് എടുത്തിട്ടുള്ള കേസുകളും പിന്വലിക്കുമെന്നും മുഖ്യമന്ത്രി സമരസമിതി നേതാക്കളെ അറിയിച്ചു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
പരീക്ഷാനടത്തിപ്പിന് കുറ്റമറ്റ പുതിയ സംവിധാനം വേണമെന്നും പരീക്ഷാസന്പ്രദായത്തിൽ ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുമാണ് യുനൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് ഹർജി നൽകിയത്.
നിലവിലുള്ള എൻടിഎ പിരിച്ചുവിട്ട് സുതാര്യതവും വ്യക്തവുമായ മാനദണ്ഡങ്ങളോടെ പുതിയൊരു സംവിധാനം ഉണ്ടാകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഇതിനായി പാർലമെന്റിൽ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിനോടു നിർദേശിക്കണമെന്നും ഹർജിയിലുണ്ട്.
Sports
ന്യൂഡൽഹി: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം ഇന്ത്യയിൽ സംപ്രേഷണം ചെയ്യണമെന്നുള്ള ഹർജിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.
ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തിയിരിക്കുന്നത്.
രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം.
2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.
എന്നാൽ സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാൽത്തന്നെ പൊതുജനങ്ങൾക്ക് ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയിൽ വ്യക്തമാക്കി.
ഡിഡി സ്പോർട്സും ഡിഡി ഫ്രീ ഡിഷും വേവ്സ് ഒടിടി പ്ലാറ്റ്ഫോമുമുള്ള പ്രസാർ ഭാരതിക്ക് ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
എറണാകുളം: പോളിംഗ് ഉദ്യോഗസ്ഥര്ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
എൻജിഒ യൂണിയൻ ഉൾപ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്ജിയിലൂടെയാണെന്നും റിട്ട് ഹര്ജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.നേരത്തെ കേസ് പരിഗണിച്ചപ്പോള് റൂള് 27 പ്രകാരം വോട്ടവകാശം നൽകാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്.
20,000 ഉദ്യോഗസ്ഥര്ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്ശിച്ചിരുന്നു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമര്ശിച്ചു.
ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.