കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്നും അദ്ദേഹം വിചാരണ നേരിടണമെന്നും ഹൈക്കോടതി. തനിക്കെതിരായ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഇടക്കാല അപേക്ഷ കോടതി നിരസിച്ചു.
അതേസമയം, തൃശൂരിലെ പച്ചക്കറി മാര്‍ക്കറ്റിലും പൊതുസ്ഥലങ്ങളിലും കുടകള്‍ വിതരണം ചെയ്തെന്ന അഴിമതി ആരോപണം കോടതി റദ്ദാക്കി. മറ്റ് ആരോപണങ്ങളില്‍ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രാഥമിക വാദങ്ങള്‍ കോടതി തള്ളി.
ഹര്‍ജിയിലെ 16ാം ഖണ്ഡികയില്‍ പറയുന്ന കുട വിതരണവുമായി ബന്ധപ്പെട്ട ആരോപണം സിപിസി ചട്ടപ്രകാരം ഒഴിവാക്കിയെങ്കിലും മറ്റ് അഴിമതി ആരോപണങ്ങളില്‍ വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി.തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്ത് എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.എസ്. ബിനോയ് ആണ് കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് പ്രകാരം സുരേഷ് ഗോപി അഴിമതി കാട്ടിയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് സുരേഷ് ഗോപി വിജയിച്ചത്.
വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.പി. അബ്ദുള്ളക്കുട്ടി ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന നടത്തി, സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്ഷന് വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്ഷന് തുക കൈമാറി, വോട്ടറുടെ മകള്‍ക്ക് കൈക്കൂലിയായി മൊബൈല്‍ ഫോണ്‍ നല്കി തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.