അബൂജ: ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നതിനിടെ സുരക്ഷാഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നൈജീരിയയിലെ പള്ളികളിൽ ഈസ്റ്റർ ദിനത്തിലെ വിശുദ്ധ കുര്‍ബാന നേരത്തേ ക്രമീകരിക്കാന്‍ തീരുമാനം.
മുന്‍വര്‍ഷങ്ങളില്‍ പുലർച്ചെ നടന്നുവന്ന വിശുദ്ധ കുർബാനയർപ്പണം ശനിയാഴ്ച വൈകുന്നേരം അഞ്ചിനു നടത്താനാണു മെത്രാന്മാര് തീരുമാനമെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ ഇടവകകള്‍ക്കും നിർദേശം നൽകിയിട്ടുണ്ട്.
വിശേഷദിനങ്ങളുടെ സാഹചര്യത്തിൽ രാജ്യത്തെ ക്രൈസ്തവർ ആശങ്കയിലാണ്. പ്ലേറ്റോ സംസ്ഥാനത്തെ ജോസ് സിറ്റിക്കടുത്ത ആംഗ്വാൻ റുകുബയിൽ ഓശാനഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.
ക്രൈസ്തവരുടെ വിശേഷദിനങ്ങളായ ക്രിസ്മസ്, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ദിനങ്ങളില്‍ ഭീകരാക്രമണങ്ങൾ പതിവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു സുരക്ഷ മുൻനിർത്തി പുലർച്ചെയുള്ള തിരുക്കർമ്മങ്ങൾ നേരത്തേയാക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
Tags : Security threat Nigeria Easter holy mass postponed