Editorial
മുണ്ടക്കൈയിലും ചൂരൽമലയിലും വിലങ്ങാട്ടും മൃതദേഹങ്ങൾ കുന്നുകൂടുന്നതു കണ്ടിട്ടും നയാപൈസ നൽകാതെ പൂഴ്ത്തിവച്ച ‘പിഎം കെയേഴ്സ് ഫണ്ട്’ മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൂടെ ഒരു വാൾപോലെ കടന്നുപോകുന്നു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ ആയിരക്കണക്കിനു കോടി രൂപ കെട്ടിക്കിടക്കുന്നെന്ന റിപ്പോർട്ട് സമ്മർദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് പുറത്തുവിട്ടത്.
വയനാടിന്റെ നിലവിളി കേട്ട് സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും പാവപ്പെട്ട മനുഷ്യരുമൊക്കെ തങ്ങളാലാവുംവിധം സഹായിച്ചപ്പോഴും കേന്ദ്രസർക്കാർ പൊട്ടിക്കാതെ ഒളിപ്പിച്ച ഈ കുടുക്ക ഇനിയാർക്കു കൊടുത്താലും മലയാളിക്കു സന്തോഷമേയുള്ളൂ. നമുക്ക് മനുഷ്യരാണ് മുഖ്യം. പക്ഷേ, ആ ഫണ്ടിലെ ഓരോ ചില്ലിക്കാശിലും കേരളത്തിനു നിഷേധിച്ച ‘ചാവുപണം’ എന്നെഴുതിയിട്ടുണ്ട്.
2024-25 സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ 8,452 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടിൽനിന്ന് ആ വർഷം ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ. ഒരു ശതമാനം പോലുമില്ല. 2024 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെത്തിയിരുന്നു. ആകാശത്തുനിന്ന് അദ്ദേഹം മുണ്ടക്കൈയും ചൂരൽമലയുമൊക്കെ കണ്ടു. ഭൂമിയിലിറങ്ങി ദുരിതബാധിത മേഖലയിലെ മനുഷ്യരെ കണ്ടു.
മേപ്പാടിയിലെ ആശുപത്രിയിൽ പിതാവും സഹോദരങ്ങളുമൊക്കെ നഷ്ടപ്പെട്ട നൈസ എന്ന കുഞ്ഞിനെ ലാളിച്ചു. ദുരിതമേഖലയിൽനിന്നുള്ള ഫോട്ടോ എല്ലായിടത്തുമെത്തി. പക്ഷേ, സഹായം ദുരിതമേഖലയിലെത്തിയില്ല. കോടതികൾക്കുപോലും കേരളത്തെ സഹായിക്കാൻ ആവശ്യപ്പെടേണ്ടിവന്നു. മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ എക്സ് ഒഫീഷ്യോ അംഗങ്ങളും പ്രധാനമന്ത്രി നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങളുമുള്ള സംവിധാനമാണ് കേരളത്തെ ചവിട്ടിത്തേച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ, മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സഹായിക്കുന്നതിനാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാൽ, 2020 മാർച്ച് മുതൽ 2025 മാർച്ച് 31 വരെയുള്ള അഞ്ചുവർഷത്തിനിടെ ഫണ്ടിന്റെ അഞ്ചിലൊന്നു (18.7 ശതമാനം) മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾപോലും അനുവദിക്കേണ്ടെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം. ഇതു പൊതുജനങ്ങളിൽനിന്നു സമാഹരിക്കുന്നതിനാൽ സർക്കാരിനു കണക്കു പറയാൻ ഉത്തരവാദിത്വമില്ലെന്നായിരുന്നു മറുപടി. പക്ഷേ, വിദ്യാർഥികളുടെ കൂട്ടായ്മയായ സിജെപി സർക്കാരിനെ വെട്ടിലാക്കി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വിദേശത്ത് പഠിക്കാനായുള്ള പണം എവിടെനിന്നാണെന്ന് ബിജെപി സമൂഹമാധ്യമക്കാർ വലിയവായിൽ ചോദ്യമുന്നയിച്ചു. ഇതിന്റെ വിവരം ആവശ്യപ്പെട്ട് സൂററ്റിലെ ഒരു ബിജെപിക്കാരൻ ആർടിഐ ഫയൽ ചെയ്തിട്ടുമുണ്ട്. വടി കൊടുത്ത് അടി വാങ്ങി. ഒരു ചാനൽ ചർച്ചയിൽ ഈ ചോദ്യമുയർന്നപ്പോൾ, “സിജെപിക്ക് ഫണ്ടിങ് പിഎം കെയേഴ്സിൽനിന്നാണ് ലഭിക്കുന്നത്” എന്ന മറുപടിയാണ് വക്താവ് അശുതോഷ് രംഗ നൽകിയത്. പിന്നാലെ പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യമുയർന്നു. ഇതിനൊടുവിലാണ് ക്രൂരവും ദുരൂഹവുമായ പൂഴ്ത്തിവയ്പ് പുറത്തായത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം മുടങ്ങിയിരിക്കേ, ദേശീയ ദുരന്തപ്രതികരണനിധിയിൽ (എൻഡിആർഎഫ്) സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ടും വന്നിട്ടുണ്ട്. 2024-25ൽ 11,474 കോടി വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടി മാത്രം. കേന്ദ്ര ദുരന്തലഘൂകരണ ഫണ്ടി (എൻഡിഎംഎഫ്)ൽനിന്നു സംസ്ഥാനങ്ങൾക്ക് അനുവദിച്ച 2,868 കോടിയിൽ 719.72 കോടി മാത്രമാണ് നൽകിയത്; നാലിലൊന്ന്. മനുഷ്യർ നരകിക്കുന്പോൾ ദുരിതാശ്വാസമാകേണ്ട നിധിക്കു മുകളിൽ കേന്ദ്രസർക്കാർ ഭൂതത്തെപ്പോലെ കയറിയിരിക്കുകയാണ്. എന്തൊരു ദുരന്തമാണിത്; പ്രകൃതിയെത്ര ഭേദം!
Kerala
മാനന്തവാടി: ജോലിക്കിടെ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു.
മാനന്തവാടി ഒണ്ടയങ്ങാടി സ്രാമ്പിക്കല്‍ ബാപ്പു-നബീസ ദമ്പതികളുടെ മകന് സെയ്തലവിയാണ്(44)കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞയാഴ്ച പീച്ചംകോടിന് സമീപം ജോലിക്കിടെയാണ് സെയ്തലവി അപകടത്തില്‍പ്പെട്ടത്. ഭാര്യ: ഖൗലത്ത്. സഹോദരങ്ങള്‍: ഷറഫുദീന്‍, ഉമ്മു ഖുല്‍സു, ഹസീന, സുലൈഖ,ആരിഫ.
Kerala
കല്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. ഇത് നാലാംതവണയാണ് വിജയന്റെ വീട്ടിൽ പുലി എത്തുന്നത്.
പുലിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥിരമായി പുലിയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നത്.
Kerala
കൽപറ്റ: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും, നിലവിൽ ജില്ലയിലുള്ള യാത്രികർ സുരക്ഷിത ഇടങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു.
മഴയുടെ ശക്തി കുറയുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും അനാവശ്യമായി പുറത്തിറങ്ങുന്നതും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും അപകടകരമായതിനാൽ ആരും ഇതിന് തുനിയരുത്. ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു
കനത്ത മഴയെത്തുടർന്ന് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്.
ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണു മഴയ്ക്കു കാരണം. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. ഓഗസ്റ്റ് നാല് വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനം പാടില്ല.
ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളുകൾക്കും, റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
Kerala
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശിനയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളജുകൾക്കും അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കാം.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി ഈ തീരുമാനം.
അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
Kerala
വയനാട്: ജില്ലയിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനമേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ പുതിയ സോളാർ ഫെൻസിംഗ് നടപ്പാക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം അറിയിച്ചത്. കേടായ 25 കിലോമീറ്റർ ഫെൻസിംഗ് കൂടി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും.
വനപ്രദേശങ്ങളുടെ ആവാസവ്യവസ്ഥയും വാഹകശേഷിയും ശാസ്ത്രീയമായി പഠിക്കാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവ, ആന എന്നിവയുടെ കൃത്യമായ കണക്കെടുപ്പ് ഇതിന്റെ ഭാഗമായി നടക്കും. പിടികൂടുന്ന കടുവകളെ ഇതര ടൈഗർ റിസർവുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഓഗസ്റ്റ് ആറിന് പാലക്കാട് ഇത് സംബന്ധിച്ച് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വയനാട്ടിൽ നാല് പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകളെക്കൂടി നിയമിക്കും. വനമേഖലയിലെ 100 കിലോമീറ്റർ റോഡുകൾ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കും. വനപാലകർക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങളും നൽകും.
കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും ജനജാഗ്രത സമിതികളുടെയും കൂട്ടായ്മ ഉറപ്പാക്കും. കർഷകരുടെ ഭൂമി പൂർണ്ണമായും അവർക്ക് ലഭിക്കുമെന്നും വനഭൂമി സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാന വ്യാപകമായി വനം വകുപ്പ് അദാലത്തുകൾ സംഘടിപ്പിക്കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം, കേസുകളുടെ തീർപ്പാക്കൽ, ഭൂമിയുടെ എൻഒസി സംബന്ധമായ തടസങ്ങൾ എന്നിവ ഈ അദാലത്തുകളിലൂടെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ മത പഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
റസിഡന്‍ഷ്യൽ സ്കൂള്‍, റസിഡന്‍ഷ്യൽ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
കല്‍പ്പറ്റ: വടകര ലഹരി കേസില്‍ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. വയനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ മറ്റൊരു യുവതി കൂടി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ഇവർ നിലവിൽ ബംഗളൂരുവിലാണെന്നാണ് റിപ്പോർട്ടുകൾ.
റിമാന്‍ഡില്‍ കഴിയുന്ന കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൂടാതെ കഴിഞ്ഞ ദിവസം പിടിയിലായ നീഷ്മയെയും ജിജിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും.
Kerala
കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടി സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തഭൂമി സന്ദർശിക്കുന്നതിനൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും എംപി നേരിൽ കാണും.
ദുരന്തം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപിയും സിപിഎമ്മും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്നവരാണ് ഇവരെന്നും ദുരിതബാധിതരെ പൂർണമായി അവഗണിച്ചെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് എംപിയുടെ സന്ദർശനം.
കഴിഞ്ഞ എട്ടിനാണ് കള്ളാടി തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചിരുന്നു
Kerala
കല്‍പ്പറ്റ: വയനാട് പൊഴുതന വലിയപാറ സേട്ടുകുന്നില്‍ ഭീതി പരത്തിയ പുലി കൂട്ടിലായി. സ്വകാര്യ സ്ഥലത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ഇന്നു രാവിലെയാണ് പുലി കൂട്ടിലായത് വനസേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ദിവസങ്ങളായി സേട്ടുകുന്നിലും പരിസരങ്ങളിലും പുലി സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം ആടിനെ ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്.
കൂട് സഹിതം സമീപത്തെ വനം ഓഫീസ് വളപ്പിലേക്കു മാറ്റിയ പുലി നിരീക്ഷണത്തിലാണ്. ഇതിനെ ഉള്‍വനത്തില്‍ തുറന്നുവിടണോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കും. സൗത്ത് വയനാട് വനം ഡിവിഷന് പരിധിയിലാണ് സേട്ടുകുന്ന്. പുലി കൂട്ടിലായതോടെ പ്രദേശവാസികള്‍ക്ക് ആശ്വാസത്തിലാണ്.
Kerala
കൊച്ചി: കള്ളാടി ദുരന്തത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മരണനിരക്ക് കുറച്ചത് സര്‍ക്കാറിന്റെ സംയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില്‍ നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ്‍ നാലിനും നിര്‍ദേശം നല്കി. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുത് എന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ്‍ അഞ്ചിന് തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില്‍ രണ്ടു സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.
തുരങ്ക നിര്‍മാണ പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ്.
Kerala
കല്‍പ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിംഗ്, ജാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് അവസാനം ലഭിച്ചതെന്നാണ് അനുമാനം. എന്നാൽ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Kerala
കല്‍പ്പറ്റ: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
സമീപപ്രദേശങ്ങളിലെ 33 കുടുംബങ്ങളിൽ നിന്നായി 93 പേരെ മേപ്പാടി പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ക്യാമ്പിലുണ്ട്.
Kerala
തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചില്‍ വിദഗ്ധസമിതി അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കും. വലിയ അശാസ്ത്രീയത നടന്നിട്ടുണ്ട്. പദ്ധതി പൂര്‍ണമായി നിര്‍ത്തണമെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട്ടില്‍ മണ്ണിടിച്ചില്‍ അപകടമുണ്ടായ സ്ഥലം മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് സന്ദര്‍ശിക്കും. രാവിലെ പതിനൊന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഹെലികോപ്ടറില്‍ അദ്ദേഹം വയനാട്ടിലേക്ക് യാത്ര തിരിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം മന്ത്രിമാരായ ടി. സിദ്ധിഖും എ.പി. അനില്‍കുമാറും വയനാട്ടില്‍ തുടരുന്നുണ്ട്. വിവിധ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നടത്തുന്ന കമ്പനിയിലെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്), എന്‍ജനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് കണ്ടെത്താനുള്ളത്.
വിനോദസഞ്ചാരികളും തദ്ദേശവാസികളും അടക്കം മറ്റാരെയും കാണാതായിട്ടില്ലെന്ന അനുമാനത്തിലാണ് ജില്ലാ ഭരണകൂടം. ദുരന്തത്തില്‍ തുരങ്കപാത നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഓപ്പറേറ്റര്‍ ചന്ദ്രബാന്‍ (മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), തൊഴിലാളി അന് ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവര്‍ മരണപ്പെട്ടിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി എംബാമിംഗിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൂന്നു മൃതദേഹങ്ങളും സ്വദേശങ്ങളിലേക്ക് അയയ്ക്കുന്നതിന് നീക്കം നടന്നുവരികയാണ്.
മീനാക്ഷി പാലത്ത് കുന്നില്‍നിന്നു ഇടിഞ്ഞതടക്കം മണ്ണ് കുമിഞ്ഞു കിടക്കുന്ന പ്രദേശത്തെ നാല് മേഖലകളായി തിരിച്ചാണ് കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
മണ്ണിടിച്ചിലിനു പിന്നാലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അര്‍ധരാത്രിയോടെ നിര്‍ത്തിവച്ചത് ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് പുനരാരംഭിച്ചത്. മീനാക്ഷി പാലത്തില്‍ മണ്ണ് വന്‍തോതില്‍ കുമിഞ്ഞതുമൂലം മേപ്പാടി-ചൂരല്‍മല റോഡിലുണ്ടായ സഞ്ചാരതടസം മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും ഉപയോഗപ്പെടുത്തി ചൊവ്വാഴ്ച രാത്രി വൈകി ഭാഗികമായി നീക്കിയിരുന്നു.
തുരങ്കപാതാ നിര്‍മാണ സ്ഥലത്തിന് 200 മീറ്റര്‍ ചുറ്റളവിലാണ് മണ്ണിടിഞ്ഞത്. ഏഴ് മുതല്‍ പത്ത് വരെ അടി വരെ ഉയരത്തിലാണ് മണ്ണ് കുമിഞ്ഞത്. പ്രദേശത്തുനിന്നും നീക്കം ചെയ്യുന്ന മണ്ണ് യോജ്യമായ സ്ഥലം കണ്ടെത്തി നിക്ഷേപിക്കും.
മീനാക്ഷി റോഡിന്റെയും പാലത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥക്ക് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന റവന്യു മന്ത്രി എ.പി. അനില്‍കുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന് ഉച്ചയോടെ ദുരന്തസ്ഥലം സന്ദര്‍ശിക്കും.
Kerala
കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്ന് വിപുലമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെഡാവർ നായ്ക്കളെ എത്തിച്ച് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തും.
മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് അവരവരുടെ നാട്ടിലെത്തിക്കും.
മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ 24 മണിക്കൂറിൽ പെയ്തത് 12 സെന്റിമീറ്റർ മഴയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വയനാട് ജില്ലയിലെ വൈത്തിരിയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത്, 12 സെന്റിമീറ്റർ. കോഴിക്കോട് ഉറുമിയിൽ 11 ഉം നിലന്പൂർ, അയ്യൻകുന്ന്, ചെന്പേരി എന്നിവിടങ്ങളിൽ എട്ട് സെന്റിമീറ്ററും മഴ പെയ്തു.
വയനാട് ജില്ലയിലെതന്നെ മാനന്തവാടി, കൽപ്പറ്റയിൽ ആറ് സെന്റിമീറ്ററും അന്പലവയൽ, കാരാപ്പുഴ എന്നിവിടങ്ങളിൽ നാലും കുപ്പാടിയിൽ മൂന്നു സെന്റിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദിവസങ്ങളായി മഴ തുടരുന്ന മേഖലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനായി പോകരുതെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിലാണ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി ബുധനാഴ്ച ദുരന്ത സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു.
മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിലവിൽ ഒമ്പതു പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡിഐജി കെ. കാർത്തിക്കിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം നേതാക്കൾ ആശുപത്രിയിലെ വാർഡുകളിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കാണാതായവർക്കായുള്ള തെരച്ചിലിനായി കൂടുതൽ സന്നാഹങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്.
കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു. അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പ്രഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മണ്ണിടിച്ചിലിന്റെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർത്ഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ ലോറി പാലത്തിൽ നിന്ന് മീറ്ററുകളോളമാണ് ഒഴുകിപ്പോയത്.
മണ്ണിൽ നിരവധി വാഹനങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസ് മണ്ണിടിഞ്ഞു വീണ് പൂർണമായും തകരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ ഒരു വീട് പൂർണമായും മണ്ണിനടിയിലാണ്. പ്രകൃതിക്ഷോഭത്തിന്റെ അതിഭീകരമായ തീവ്രത വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പരിഭ്രാന്തിയിലാണ് ജനങ്ങൾ.
നിലവിൽ അപകടസ്ഥലത്ത് സൈന്യവും സന്നദ്ധപ്രവർത്തകരും അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് പതിനെട്ട് പേരെയാണെന്ന് പുതിയ വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥാലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. രണ്ട് ബസുകൾ മണ്ണിനടിയിൽപ്പെട്ടുവെന്നും വിവരമുണ്ട്.
നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും അപകടസ്ഥലത്തേയ്ക്ക് തിരിക്കും.
മണ്ണ് വലിയതോതിൽ ഇടിഞ്ഞ് മീനാക്ഷി പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി.
Kerala
മാനന്തവാടി: വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷിച്ചതായാണ് വിവരം.
വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി. അപകടത്തിന് പിന്നാലെ മന്ത്രി ടി. സിദ്ദിഖ് മുഖ്യമന്ത്രിയുമായി രക്ഷപ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തി.
രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. മേപ്പാടിയിൽ തിങ്കളാഴ്ച അതിതീവ്ര മഴയാണ് പെയ്തത്.
Kerala
കല്‍പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്‍ക്കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില്‍ ഒരു മാസത്തിനിടെ 135 കേസുകളില്‍ അറസ്റ്റിലായത് 148 പേര്. ജൂണ്‍ ഒന്ന് മുതല്‍ 30 വരെ ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിലാണ് ഇത്രയും അറസ്റ്റ് നടന്നത്.
നിരോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ചതിനും വില്പന നടത്തിയതിനും 66 പേരെ പിടികൂടി. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. 110.267 ഗ്രാം എംഡിഎംഎ, എട്ട് കിലോ ഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 101 സിഗരറ്റ് എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തു.
ലഹരിക്കടത്ത്, വില്പന, ഉപയോഗം എന്നിവ തടയുന്നതിന് സ്റ്റേഷന് പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കില്ലെന്ന് ബസുടമകള്‍. എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്ന ഉറപ്പിലാണ് പണിമുടക്ക് പിൻവലിച്ചത്. മൂന്നാം തിയതി ജില്ലാ കളക്ടർ വിളിച്ച ഉന്നതതല യോഗത്തിനു ശേഷം തുടർ നടപടികൾ തീരുമാനിക്കും.
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് ഉടമകള്‍ പറഞ്ഞിരുന്നു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.
വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഗൗരവം അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.
Kerala
വയനാട്: വാളൂക്ക് വനത്തില്‍ യുവാക്കള്‍ കുടുങ്ങിയതായി സൂചന. വനത്തില്‍നിന്നും വെളിച്ചവും ശബ്ദവും കേട്ടു. ഇതോടെ വനംവകുപ്പും നാട്ടുകാരും തെരച്ചില്‍ നടത്തിവരികയാണ്.
എത്ര പേര് വനത്തില്‍ കുടുങ്ങിയെന്ന് വക്തമല്ല. വയനാട് മലനിരയോട് ചേര്‍ന്ന് നില്ക്കുന്ന പ്രദേശമാണിത്.
Kerala
കല്‍പ്പറ്റ: മൈക്രോ ഫിനാന്‍സ് ഇടപാടില്‍ എസ്എന്‍ഡിപി യോഗം പുല്‍പ്പള്ളി യൂണിയനുമായി ബന്ധപ്പെട്ട് നടത്തിയത് 10 ലക്ഷം രൂപയുടെ തട്ടിപ്പ്. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് പുല്‍പ്പള്ളി യൂണിയന് 20 ലക്ഷം രൂപ നല്‍കിയെന്നാണ് മൈക്രോ ഫിനാന്‍സ് ഇടപാടിന് ചുക്കാന്‍ പിടിച്ചവരുടെ കണക്കില്‍.
എന്നാല്‍ 10 ലക്ഷം രൂപ മാത്രമാണ് യൂണിയന് പ്രസിഡന്റിന് ലഭിച്ചത്. ഈ തുകയില്‍നിന്ന് 25,000 രൂപ വീതം ഏഴ് സംഘങ്ങള്‍ക്കാണ് വായ്പ ലഭിച്ചതെന്നും ബാക്കി തുകയുടെ വിനിയോഗത്തില്‍ വ്യക്തതയില്ലെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുകയാണ്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലന്‍സ് കേസ്. സംസ്ഥാന വ്യാപകമായി 124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആദ്യം അന്വേഷണം പൂര്‍ത്തിയായത് പുല്‍പ്പള്ളി യൂണിയുമായി ബന്ധപ്പെട്ട കേസിലാണ്. ഈ കേസില്‍ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, യൂണിയന് പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെ ആറ് പ്രതികളുണ്ട്. ഇവരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു.
2013-15 കാലയളവിലാണ് കേസുകള്‍ക്ക് ആധാരമായ തട്ടിപ്പു നടന്നത്. സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്നതിന് പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പയാണ് ഉയര്‍ന്ന പലിശയ്ക്ക് വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയത്. ഇതിനു പുറമേയായിരുന്നു കണക്കില്‍ കാണിച്ചതിലും കുറഞ്ഞ തുക യൂണിയനുകള്‍ക്ക് നല്‍കിയുള്ള തട്ടിപ്പ്.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാർ ആണ് പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ.
കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തിയത്.
ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Kerala
സുൽത്താൻ ബത്തേരി: കോളിയാടി എൽപി സ്കൂളിലെ വിദ്യാർഥികളിൽ നടത്തിയ ആരോഗ്യപരിശോധനയിൽ ഒരു വിദ്യാർഥിക്കുകൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കോളിയാടി മേഖലയിലെ ഷിഗെല്ല ബാധിത വിദ്യാർഥികളുടെ എണ്ണം 17 ആയി ഉയർന്നു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടികളുടെ സാന്പിളുകൾ പരിശോധനയ്ക്കയച്ചതിന്റെ അടിസ്ഥാനത്തിലാണു പുതിയ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായ കുട്ടികൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സ്കൂൾ പരിസരത്തും സമീപ പ്രദേശങ്ങളിലുമായി ശുചീകരണ പ്രവർത്തനങ്ങളും കുടിവെള്ള സ്രോതസുകളുടെ പരിശോധനയും തുടരുകയാണ്.
ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോളിയാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആരോഗ്യ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വടകരയിലും ഷിഗെല്ല
വടകര: വടകര നഗരസഭയിലും ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. കുറുമ്പയില്‍ പതിനേഴാം വാര്‍ഡില്‍ നാലു വയസുകാരിക്കാണു രോഗബാധ.
Kerala
കൽപറ്റ: വയനാട് വൈപ്പടിയിലെ വയോധികയുടെ കൊലപാതകത്തിൽ ഒരാൾ പിടിയിൽ. 17 കാരനാണ് പിടിയിലായത്. മേയ് 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമയാണ് കൊല്ലപ്പെട്ടത്.
പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കി.
Kerala
കൽപ്പറ്റ: വയനാട്ടിൽ ഏഴുപേരിൽക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല ബാധിതരുടെ എണ്ണം പതിനാറായി.
പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.കെ.ടി. രേഖ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അവർ പറഞ്ഞു.
രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായുള്ള സന്പർക്കം പരമാവധി കുറയ്ക്കണം. രോഗം പകരുന്നത് തടയാൻ മുൻകരുതലുകളും പ്രതിരോധമാർഗങ്ങളും സ്വീകരിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ചികിത്സ നേടുകയും വേണം.
ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും കർശനമായി പാലിക്കണം. വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ വീഴ്ച വരുത്തരുത്. സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ പറഞ്ഞു.
Todays Story
2022 ഓഗസ്റ്റ് മാസത്തിലെ ആ പെയ്തൊഴിയാത്ത മഴക്കാലത്താണ് ഞങ്ങൾ ആ വയനാട് ട്രിപ്പ് പ്ലാൻ ചെയ്തത്. വൈത്തിരിയിലുള്ള ഒരു റിസോർട്ട് ആറുപേർക്കായി നേരത്തെ തന്നെ ബുക്ക് ചെയ്ത് അഡ്വാൻസും കൊടുത്തിരുന്നു. എന്നാൽ യാത്ര പുറപ്പെടാൻ രണ്ട് ദിവസം ഉള്ളപ്പോൾ മുതൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഒരേ സ്വരത്തിൽ വിലക്കുകൾ വരാൻ തുടങ്ങി.
"ഈ പെരുമഴയത്ത് വയനാട്ടിലേക്ക് ഒരൊറ്റയാള്‍ പോകണ്ട, അവിടെ ഉരുൾപൊട്ടലും മണ്ണൊലിപ്പുമാണ്, ടിവിയിലൊക്കെ വാർത്ത കാണുന്നില്ലേ' എന്ന് പറഞ്ഞ് എല്ലാവരുടെയും വീട്ടുകാർ പരമാവധി തടസം നിന്നു.
പക്ഷേ, ഞങ്ങൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അഡ്വാൻസ് കൊടുത്ത കാശ് പോകും എന്നതിനേക്കാൾ, ഈ മഴക്കാലത്ത് വയനാട്ടിൽ പോയി ചിൽ ചെയ്യുന്നതിന്റെ ആ ഒരു വൈബ് കളയാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. പ്രകൃതി തരുന്ന സൂചനകളെ വകവെക്കാതെ ഇറങ്ങിപ്പുറപ്പെടാൻ നേരം അടുത്ത പണി വന്നു. വരാമെന്ന് ഉറപ്പിച്ചു. വരാമെന്ന് പറഞ്ഞ് രണ്ടുപേർ പകരം ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങൾ അഞ്ചു പേർ.
ഞങ്ങളുടെ വണ്ടി റെഡിയായി. ഹരിലാലിന്റെ ചുവന്ന മഹീന്ദ്ര TUV300 കാറിലാണ് യാത്ര. കാറിൽ ആവശ്യത്തിന് സ്പേസ് ഉണ്ടായിരുന്നു. പുറകിലെ സീറ്റിൽ ദിപീഷും ലാലുവും ഷിനുവേട്ടനും ഇരുപ്പുറപ്പിച്ചു. ഞങ്ങൾ വണ്ടിയിലെടുത്ത് ഇറങ്ങിയപ്പോഴേക്കും ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിരുന്നു. ആ സമയം ആകാശം വല്ലാതെ കറുത്തിരുണ്ടിരുന്നു. ഞങ്ങൾ പോകുന്ന വഴിയിലെങ്ങോ ഒരു വലിയ അപകടം ഒളിച്ചിരിപ്പുണ്ട് എന്ന മട്ടിൽ കാറ്റ് വല്ലാതെ വീശുന്നുണ്ടായിരുന്നു.
"മഴ കൂടുന്നുണ്ട് മോനേ... അടിവാരത്ത് എത്തുമ്പോഴേക്കും നേരം വൈകും. ചുരത്തിൽ മഞ്ഞുണ്ടെങ്കിൽ വണ്ടിയോടിക്കാൻ പാടാണ്,' വൈപ്പർ പരമാവധി സ്പീഡിലിട്ട് വണ്ടി മെയിൻ റോഡിലേക്ക് ഇറക്കുന്നതിനിടയിൽ ഹരി പറഞ്ഞു. യാത്ര മുന്നോട്ട് പോകുന്തോറും ഞങ്ങളുടെ ആവേശം കൂടി വന്നു.
സ്പീക്കറുകളിലൂടെ പഴയ നല്ല മലയാളം പാട്ടുകൾ ഒഴുകാൻ തുടങ്ങിയതോടെ വണ്ടിക്കുള്ളിൽ വിശേഷങ്ങളും തമാശകളുമൊക്കെയായി കട്ട വൈബും ബഹളവുമായിരുന്നു. വഴിയിൽ നല്ല ഭംഗിയുള്ള ചില സ്ഥലങ്ങൾ കണ്ടപ്പോൾ ഫോട്ടോ എടുക്കാനും ചൂടുചായ കുടിക്കാനുമായി പലതവണ ഞങ്ങൾ വണ്ടി നിർത്തി നിർത്തിയാണ് പോയത്.
ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല. അതുകൊണ്ടുതന്നെ, താമരശേരി ചുരത്തിന്റെ അടിവാരത്ത് എത്തിയപ്പോഴേക്കും അന്തരീക്ഷം വിചാരിച്ചതിലും ഒരുപാട് ഇരുണ്ടിരുന്നു. സമയം അഞ്ചര കഴിഞ്ഞിട്ടുണ്ടാകും, പക്ഷേ കണ്ടാൽ രാത്രി എട്ടുമണി ആയതുപോലെ തോന്നും.
അടിവാരത്തെ ആ ചെറിയ വെളിച്ചത്തിലേക്ക് ഞങ്ങളുടെ ചുവന്ന കാർ വന്നു നിൽക്കുമ്പോൾ, ബ്ലൂടൂത്തിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ടിൽ പെട്ടെന്ന് ഒരു ചെറിയ ഡിസ്റ്റർബൻസ് വന്ന് തടസപ്പെടുന്നത് പോലെ തോന്നി. മുകളിൽ ചുരത്തിന്റെ വശങ്ങളിൽ നിന്നും കറുത്ത മഞ്ഞ് അടിവാരത്തേക്ക് ഇറങ്ങി വരുന്നത് വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഞങ്ങൾക്ക് കാണാമായിരുന്നു.
ആ മഞ്ഞ് ഞങ്ങളുടെ വണ്ടിയെ മുഴുവനായി വിഴുങ്ങാൻ കാത്തുനിൽക്കുന്നത് പോലെ തോന്നിപ്പിച്ചു. ശരിക്കുമുള്ള ആ അടിയന്തിര യാത്ര അവിടെ തുടങ്ങുകയായിരുന്നു. ഞങ്ങൾ അഞ്ചുപേരും ആ ഒമ്പത് വളവുകളുള്ള ചുരത്തിന്റെ ആദ്യത്തെ വളവിലേക്ക് വണ്ടി തിരിച്ചു കയറ്റി. മുന്നോട്ട് പോകുന്നത് അത്ര നല്ലൊരു അനുഭവത്തിലേക്കല്ല എന്നൊരു തോന്നൽ ആദ്യമായി എന്റെ മനസിൽ മിന്നിമറഞ്ഞു.
ചുരത്തിന്റെ ഒന്നാമത്തെ വളവ് തിരിഞ്ഞ് വണ്ടി മുകളിലേക്ക് കയറിയതോടെ പുറത്തെ കാഴ്ചകൾ പതുക്കെ മങ്ങിത്തുടങ്ങി. എങ്കിലും വണ്ടിക്കുള്ളിലെ മൂഡ് അപ്പോഴും കട്ട ഫണ്ണായിരുന്നു. ഹരിലാൽ ഫോണിലെ പേഴ്സണൽ പ്ലേലിസ്റ്റ് ഓപ്പൺ ചെയ്ത് ബ്ലൂടൂത്തിൽ റീ-കണക്ട് ചെയ്തു. വണ്ടിയുടെ സ്പീക്കറുകളിലൂടെ പാട്ട് വീണ്ടും തെളിഞ്ഞു ഒഴുകിത്തുടങ്ങി..."പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു സോപാന സംഗീതം പോലെ...’
ആ പഴയ വരികൾ ആ ചുവന്ന വണ്ടിക്കുള്ളിൽ പടർന്നപ്പോൾ യാത്രയ്ക്ക് വല്ലാത്തൊരു വിന്റേജ് ഭംഗി കൈവന്നു. നാലാമത്തെ വളവ് കഴിഞ്ഞപ്പോൾ പുറത്തെ തണുപ്പ് വണ്ടിയുടെ ഗ്ലാസുകൾ തുളച്ച് അകത്തേക്ക് അരിച്ചുകയറാൻ തുടങ്ങി.
അതോടെ ലാലു വണ്ടിക്കുള്ളിലെ ലൈറ്റിട്ടു. ഡിക്കിയിൽ നിന്നും ഒരു ബിയർ കാൻ എടുത്ത് 'ക്ലിക്ക്...' എന്ന ആ സുഖമുള്ള ശബ്ദത്തോടെ പൊട്ടിച്ചു. ബിയറിൽ നിന്നും നുരഞ്ഞുപൊന്തിയ ആ തണുത്ത സുഗന്ധം പാട്ടിന്റെ ഈണത്തിനൊപ്പം വണ്ടിക്കുള്ളിൽ ഡ്രൈവറൊഴികെ എല്ലാവരിലും പടർന്നു.
പുറത്തെ അന്തരീക്ഷം വളരെ പെട്ടെന്നാണ് മാറിയത്. അഞ്ചാമത്തെ വളവ് കഴിഞ്ഞതോടെ മഞ്ഞിന്റെ കട്ടി വല്ലാതെ കൂടി. മഴ പേമാരിയായി .കാറിന് തൊട്ടുമുന്നിൽ പോകുന്ന വണ്ടിയുടെ ബാക്ക് ലൈറ്റ് പോലും കാണാൻ പറ്റാത്ത അത്രയും കട്ടിയുള്ള വെളുത്ത പുക പടലം പോലെ മഞ്ഞ് വണ്ടിയെ മൂടി. വൈപ്പർ പരമാവധി സ്പീഡിൽ അടിച്ചിട്ടും വിൻഡ്ഷീൽഡിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങി. വണ്ടിക്കുള്ളിലെ ചിരികൾ പതുക്കെ കുറഞ്ഞു വന്നു. പാട്ടിന്റെ വോളിയം ഒന്ന് കുറച്ചു.
ആറാമത്തെ വളവ് കഴിഞ്ഞ് ഏഴാമത്തെ വലിയ കയറ്റത്തിലേക്ക് ചുവന്ന കാർ കയറാൻ തുടങ്ങിയതും വണ്ടിയുടെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ മാറ്റം ഞങ്ങൾ അറിഞ്ഞു. സ്പീക്കറിലെ പാട്ടിനെപ്പോലും മുക്കിക്കൊണ്ട് വണ്ടിയുടെ എൻജിന്റെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ കരകര ശബ്ദം ഉയർന്നു കേട്ടു.
ആക്സിലറേറ്റർ ഹരി പരമാവധി കൊടുക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി, പക്ഷേ വണ്ടി മുന്നോട്ട് കയറാൻ മടിച്ച് വല്ലാതെ വിറയ്ക്കാൻ തുടങ്ങി. വണ്ടിയുടെ ബോഡി ആകെ ഒരു അസ്വസ്ഥതയോടെ കുലുങ്ങി.
"എന്താടാ ഹരീ?' ഞാൻ സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്ന് ചോദിച്ചു. "എന്തോ വലിയ മിസ്സിംഗ് വരുന്നുണ്ട് വൈശാഖെ... വണ്ടി ഒട്ടും കയറുന്നില്ല. ഗിയർ ഡൗൺ ചെയ്തിട്ടും ആർപിഎം താഴോട്ട് പോവുകയാണ്.
ഈ വലിയ കയറ്റത്തിൽ വണ്ടി ഇങ്ങനെ നിന്നാൽ പണിയാകും,' ഹരിയുടെ മുഖത്തെ ആ കൂൾ ഭാവം പൂർണമായി മാറി അവിടെ കടുത്ത ടെൻഷൻ നിറഞ്ഞു. അവൻ പരമാവധി സ്റ്റിയറിംഗിൽ മുറുക്കെപ്പിടിച്ചു.
വലിയ കയറ്റമാണ്, പുറകിൽ മൂന്ന് പേരുടെ ലഗേജിന്റേയും നല്ല വെയിറ്റുമുണ്ട്. എൻജിൻ പാതിവഴിയിൽ ഓഫ് ആയിപ്പോയാൽ ബ്രേക്കും സ്റ്റിയറിംഗു ലോക്കായി വണ്ടി പുറകോട്ട് ഉരുളുമെന്ന ഭയത്താൽ ഹരിയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.
വണ്ടിയുടെ ബാക്കി കിടന്ന പവർ വച്ച് അവൻ അതിനെ റോഡിന്റെ ഇടതുവശത്തെ കൊക്കയോട് ചേർന്ന് കിടക്കുന്ന ക്രാഷ് ബാരിയറിന് തൊട്ടടുത്ത് ഒതുക്കി നിർത്തി. വണ്ടി ഓഫ് ആക്കാതെ പുള്ളി ഐഡ്ലിംഗിൽ തന്നെ ഇട്ടു.
എൻജിന്റെ ആ വിചിത്രമായ മിസിംഗ് വിറയൽ വണ്ടിക്കുള്ളിൽ കൃത്യമായി അറിയാമായിരുന്നു. വണ്ടിക്കകത്തെ ബിയറിന്റെ ലഹരിയും പാട്ടിന്റെ മൂഡും ആ ഒരൊറ്റ സെക്കൻഡ് കൊണ്ട് എങ്ങോ ഒലിച്ചുപോയി. പുറത്ത് പേമാരിയാണ്. കനത്ത മഞ്ഞ് കാരണം വണ്ടിക്ക് പുറത്ത് ഒരു മീറ്റർ അപ്പുറമുള്ളത് പോലും കാണാൻ കഴിയില്ല.
ഒരു വശത്ത് ആഴമേറിയ കൊക്ക, മറുവശത്ത് കരിമ്പാറക്കൂട്ടങ്ങൾ. അതിനിടയിൽ ഒരു വലിയ കയറ്റത്തിന്റെ ഓരത്ത് പവർ നഷ്ടപ്പെട്ട് മിസിംഗായി നിൽക്കുന്ന ഞങ്ങളുടെ വണ്ടി. ആ പൂർണ്ണമായ ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ, വരാനിരിക്കുന്ന ഒരു വലിയ അപകടത്തിന്റെ സൂചന എന്നോണം ഞങ്ങളുടെ നെഞ്ചിടിപ്പ് പതുക്കെ കൂടാൻ തുടങ്ങി. ഭീകരത അതിന്റെ വഴിക്ക് ഞങ്ങളെ തേടി വരികയായിരുന്നു.
"എന്താ പ്രശ്നമെന്ന് നോക്കാടാ... ഡിക്കിയിൽ ഒരു കുടയുണ്ട്. ഞാനും ദിപീഷും കൂടി പുറത്തിറങ്ങി ബോണറ്റ് ഒന്ന് പൊക്കി നോക്കാം,' പുറകിൽ നിന്നും ലാലു പറഞ്ഞു. അങ്ങനെ വണ്ടിയിലുണ്ടായിരുന്ന ആകെ ഒരു കുടയും നിവർത്തിപ്പിടിച്ച് ലാലുവും ദിപീഷും കൂടി കാറിന്റെ പുറത്തേക്ക് ഇറങ്ങി.
അവർ രണ്ടുപേരും കൂടി ബോണറ്റിന് മുന്നിലേക്ക് നടന്നുപോയതും ആ കട്ടിമഞ്ഞിൽ അവരുടെ രൂപങ്ങൾ പെട്ടെന്ന് അദൃശ്യമായി. വണ്ടിക്കുള്ളിൽ ഞാനും ഹരിയും ഷിനുവേട്ടനും ശ്വാസമടക്കിപ്പിടിച്ചിരുന്നു. പെട്ടെന്നാണ് ആ ഇരുട്ടിലേക്ക് വന്യമായ ഒരു ഇരമ്പൽ കേട്ടത്.
ചുരത്തിന്റെ മുകളിൽ നിന്നും താഴേക്ക് വലിയ വണ്ടികൾ ചീറിപ്പാഞ്ഞു വരാൻ തുടങ്ങി. കനത്ത മണ്ണുമാന്തി വണ്ടികളും വലിയ തടി ലോറികളും ഒന്നിന് പുറകെ ഒെന്നായി ആ കട്ടിമഞ്ഞിനെ കീറിമുറിച്ചു കൊണ്ട് ഞങ്ങളുടെ വണ്ടിയുടെ തൊട്ടരികിലൂടെ ഭയപ്പെടുത്തുന്ന ശബ്ദത്തോടെ പാഞ്ഞുപോയി.
റോഡിൽ ഒട്ടും സ്ഥലമില്ല, ഞങ്ങളുടെ വണ്ടി സൈഡിൽ കിടക്കുകയാണ്. വലിയ വണ്ടികൾ കടന്നുപോകുമ്പോഴുള്ള ആ കാറ്റിലും വലിയ ശബ്ദത്തിലും ഞങ്ങളുടെ ചുവന്ന കാർ ആകെ ഉലയുന്നുണ്ടായിരുന്നു.
ആ വലിയ വണ്ടികളുടെ ഹെഡ്ലൈറ്റ് മഞ്ഞിൽ തട്ടി ചിതറുമ്പോൾ, മുന്നിൽ ബോണറ്റിനടുത്ത് നിൽക്കുന്ന ലാലുവും ദിപീഷും ആകെ പേടുത്തുവിറച്ച് വണ്ടിയുടെ ബോഡിയിലേക്ക് ഒട്ടി നിൽക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.
ഒരു ചെറിയ അശ്രദ്ധ ഉണ്ടായാൽ മതി, ചീറിപ്പായുന്ന ഏതെങ്കിലും ഒരു ലോറി വന്ന് ഞങ്ങളുടെ വണ്ടിയിലോ അല്ലെങ്കിൽ പുറത്തുനിൽക്കുന്ന അവരുടെ ദേഹത്തോ ഇടിക്കും. കനത്ത മഴ കാരണം അവർ പിടിച്ചിരിക്കുന്ന കുട കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.
ലാലു വേഗം വണ്ടിയുടെ ഗ്ലാസിൽ വന്ന് ആഞ്ഞു തട്ടി: "എടാ... ഡോർ തുറക്ക്, ഡോർ തുറക്ക്!' ഞാൻ വേഗം ലോക്ക് മാറ്റി വാതിൽ തുറന്നതും അവരിരുവരും ഒരൊറ്റ ചാട്ടത്തിന് വണ്ടിക്കുള്ളിലേക്ക് കയറി വാതിൽ വലിച്ചടച്ചു.
പുറത്തെ ആ നരക തുല്യമായ അന്തരീക്ഷം വണ്ടിക്കുള്ളിലേക്കും ഇരച്ചുകയറി. രണ്ടുപേരും തലമുടി മുതൽ കാൽ വരെ നനഞ്ഞു കുതിർന്നിരുന്നു. തണുപ്പ് കൊണ്ടും പേടികൊണ്ടും അവരുടെ താടിയെല്ലുകൾ കൂട്ടിയടിക്കുന്നുണ്ടായിരുന്നു.
കാറിനുള്ളിലെ ഡാഷ്ബോർഡിന്റെ വെളിച്ചത്തിൽ ഞാൻ ദിപീഷിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം വിളറി വെളുത്തിരുന്നു, നെഞ്ചിൽ കൈവെച്ച് അവൻ ശ്വാസമെടുക്കാൻ പാടുപെടുകയാണ്.
"ഒരു രക്ഷയുമില്ലടാ ...' ലാലുവിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "പുറത്ത് കണ്ണ് കാണാൻ പറ്റില്ല. ഈ മഞ്ഞിൽ ലോറിക്കാർ വണ്ടി വശത്തേക്ക് ഒതുക്കിയിട്ടിരിക്കുന്നത് കാണുന്നുപോലുമില്ല. ബോണറ്റ് തുറന്ന് നോക്കാൻ നിന്നാൽ, ചീറിവരുന്ന ഏതെങ്കിലും ഒരെണ്ണം നമ്മളെ തട്ടിയേക്കും. വണ്ടി ഇവിടുന്ന് എടുക്കാൻ നോക്ക്!'
"ഹരീ... വണ്ടി വിടെടാ. ഇവിടെ ഇങ്ങനെ കിടന്നാൽ ഏതെങ്കിലും വലിയ വണ്ടി വന്ന് നമ്മുടെ പുറകിലിടിക്കും. അത് വലിയ ദുരന്തമാകും,' ഷിനുവേട്ടൻ സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്ന് ഹരിയുടെ തോളിൽ പിടിച്ച് ആക്രോശിച്ചു.
പക്ഷേ ഹരി ഒന്നും മിണ്ടിയില്ല. അവൻ നെറ്റിയിലെ വിയർപ്പും മഞ്ഞും കലർന്ന തുള്ളികൾ കൈകൊണ്ട് തുടച്ച്, സ്റ്റിയറിംഗിൽ ജീവൻ കൈയിലെടുത്തു പിടിച്ചുകൊണ്ട് മരണം പോലെ മുറുകെപ്പിടിച്ചു. അവൻ വണ്ടി ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് പതിയെ ക്ലച്ച് വിട്ടു. പക്ഷേ, വണ്ടി മുന്നോട്ട് നീങ്ങാൻ മടിച്ച് വല്ലാതെ വിറച്ചു.
എൻജിനിൽ നിന്ന് 'ഖട്.. ഖട്..' എന്ന മാരകമായ മിസിംഗ് ശബ്ദം ഉയർന്നു. വണ്ടിക്ക് ഒട്ടും പവർ കിട്ടുന്നില്ല. ആ വലിയ കയറ്റത്തിൽ, കാറ് എപ്പോൾ വേണമെങ്കിലും ഓഫ് ആയി പുറകോട്ട് ഉരുളാം എന്ന അവസ്ഥ! ആ നിമിഷമാണ് ശരിക്കുമുള്ള ഭീകരത പുറത്തുനിന്നും വന്നത്.
Kerala
കൽപ്പറ്റ: വയനാട്ടിൽ അഞ്ചുപേരിൽക്കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. പനിയും വയറിളക്കവും ഛർദിയും ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ച കോളിയാടി എയുപി സ്കൂളിലെ കുട്ടികളിൽനിന്നു ശേഖരിച്ച് കഴിഞ്ഞ ഏഴിന പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള പെണ്‍കുട്ടികളിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദര്‍ശിച്ചു. രോഗവ്യാപനം തടയാനുമുള്ള നിർദേശങ്ങള്‍ സംഘം നല്കി.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് ഊർജിതമായി നടന്നുവരികയാണ്. കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷന് ഡ്രൈവ് നടത്തുന്നുണ്ട്.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനം കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നേടണം.
അതിനിടെ, ആളുകൾ കൂട്ടം കൂടുന്നതിന് നെൻമേനി പഞ്ചായത്തിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവായി.
Kerala
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിലെ രാജു (65) വിനാണ് പരിക്കറ്റത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് കാര്യമായ പരിക്ക്. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവാസകേന്ദ്രത്തില്‍നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
Kerala
പുല്‍പ്പള്ളി: വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തിലുള്ള മരക്കടവ് മൂന്നുപാലത്ത് വീണ്ടും പുലിയുടെ ആക്രമണം. കഴിഞ്ഞരാത്രി ജനവാസകേന്ദ്രത്തിലെത്തിയ പുലി ഉറുമ്പിന്‍കരോട്ട് ബിജുവിന്റെ ഗര്‍ഭിണിയായ ആടിനെ കൊന്നു.
കൂട്ടില്‍ കയറിയാണ് ആടിനെ പിടിച്ചത്. ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പുലി ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു ജഡം. പരിസരത്ത് പുലിയുടെ കാല്പാടുകള് ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, അംഗങ്ങളായ ജിഷ സെബാസ്റ്റ്യന്‍, സണ്ണി ജോസഫ്, വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞദിവസം പുലി പ്രദേശത്തെ പുളിമൂട്ടില്‍ ബെന്നിയുടെ ഒരാടിനെ കൊല്ലുകയും രണ്ട് ആടുകളെ പരിക്കേല്പിക്കുകയും ചെയ്തിരുന്നു. പുലിയെ കൂടുവച്ച് പിടിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ ചീരാല്‍ പുളിഞ്ചാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുള്‍ അസീസിന്റെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്.
തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. തൊഴുത്തില്‍ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളില്‍ മറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് പുളിഞ്ചാല്‍.
പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. കടുവ ഇറങ്ങിയതിന് തൊട്ടടുത്ത് വനമില്ല. പ്രദേശത്തെ കാടുപിടിച്ച തോട്ടത്തില്‍നിന്നാണ് കടുവ എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
Kerala
തിരുവനന്തപുരം: വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കോളയാടി യുപി സ്കൂളിലെ വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള കുട്ടികൾ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജൂൺ ആറ്, ഏഴ് തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Kerala
കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി പ്രപ്യാപിച്ചത്.
കാസർഗോഡും, കോഴിക്കോടും അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
രണ്ട് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം, വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക മിഷന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. കളക്ടറേറ്റില്‍ മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മിഷന് നിര്‍വഹണത്തിന് ദുരന്തനിവാരണ ഫണ്ട്, സിഎസ്ആര്‍ ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയില്‍ എത്ര ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മുമ്പ് വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ രോഗികളുടെ ജീവിത സാഹചര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരം ആളുകളുടെ വിവരം ശേഖരിക്കും. വനം മന്ത്രിയുമായി സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന സാധാരണക്കാരായ മനുഷ്യരുടെ ചികിത്സച്ചെലവ് ഏറ്റെടുക്കണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും.
വന്യജീവി ആക്രമണത്തില്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് സമാശ്വാസധനമായി 10 ലക്ഷം രൂപ നല്‍കുന്നത് വര്‍ഷങ്ങളായുള്ള രീതിയാണ്. നിലവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 10 ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍നിന്നുള്ള തുക അഡ്വാന്‍സ് സ്കീമില്‍ വാങ്ങി നല്കുന്നതിനാല് ആകെ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുകകള്‍ ഒന്നിച്ച് ചേര്‍ത്ത് സമാശ്വാസധനം 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കേണ്ടതുണ്ട്. തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ പുരോഗതി വിലയിരുത്താന്‍ റിവ്യൂ മീറ്റിംഗ് നടത്തും. അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ലെയ്സണ്‍ ഓഫീസറായി ചുമതലപ്പെടുത്തുന്നത് പരിഗണിക്കും.
വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് താത്കാലിക ജോലി അടിയന്തരമായി നല്കാന് സംവിധാനം ഉണ്ടാകണം. കൃഷിനാശവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര അപേക്ഷകള്‍ ബാക്കിയുണ്ടെന്ന വിവരം കൈമാറണം. വിവിധ സ്കീമുകളില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ ടെന്‍ഡര്‍ വിളിക്കാതെയും ഇംപ്ലിമെന്റ് ചെയ്യാതെയും കിടക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് കണ്ടെത്തണം.നകളുടെ യഥാര്‍ത്ഥ സഞ്ചാരപഥം തിരിച്ചറിയാന്‍ സംവിധാനം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
വനത്തോടു ചേര്‍ന്നുള്ള റോഡുകളുടെ അരികുകളിലെ കാട് സമയബന്ധിതമായി വെട്ടിമാറ്റാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാട് വെട്ടുന്നതിന് നിര്‍ദേശം നല്‍കണമെന്ന് റവന്യു അധികാരികളോട് ആവശ്യപ്പെട്ടു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് കൃഷ്ണന്, സിസിഎഫ് ബി.എന്‍. അന്ജന്കുമാര്, ടി. ഉമ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
Kerala
മാനന്തവാടി: വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനി വീട്ടിൽ ഫാത്തിമ (85) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.
വൈപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് കമ്പളക്കാട് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
NRI
വയനാട്: ജിബ്രാള്‍ട്ടറിന്റെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് വയനാട് സ്വദേശി. ബത്തേരി പാട്ടുകുടിയില് കുടുംബാംഗം മുഹമ്മദ് റോഷനാണ് (26) ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് താരമായി മാറിയത്.
ജിബ്രാള്‍ട്ടറില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് റോഷന്. ഫാസ്റ്റ് ബൗളിംഗ് മികവാണ് റോഷന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഡെന്മാര്ക്കിൽ നടക്കുന്ന ട്വന്റി - 20 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ടീമിനുവേണ്ടി പന്തെറിയാന്‍ ഒരുങ്ങുകയാണ് റോഷന്.
ഡല്‍ഹിയില്‍ അദാനി കമ്പനിയില്‍ മാനേജരായ പി.കെ. ഇസ്മയില്‍ - ഷംല ദമ്പതികളുടെ മകനാണ് റോഷന്. ദുബായിയിലുള്ള ഡാനിഷ് ഇസ്മയില്‍ സഹോദരനാണ്.
Kerala
കല്‍പ്പറ്റ: വയനാട് പഴയവൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ മൂന്നു പേര് മരിച്ചു. ഓട്ടോ ഡ്രൈവര്‍ ബത്തേരി ചീരാല്‍ മൂച്ചിയില്‍ നാരായണന്(44), ഭാര്യ ഷിജി(40), മകന് അമന്(16) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ ഏഴോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്നു മാനന്തവാടിക്കുള്ള ബസും കോഴിക്കോടിന് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. നാരായണന് സംഭവസ്ഥലത്ത് മരിച്ചു. മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഷിജി, അമന് എന്നിവരുടെ മരണം സ്ഥിരീകരിച്ചത്.
ആശുപത്രി ആവശ്യത്തിനു യാത്രയിലായിരുന്നു നാരായണനും കുടുംബാംഗങ്ങളും. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍ ഭാഗം തകര്‍ന്നു. പ്രദേശവാസികളും ബസ് യാത്രക്കാരില്‍ ചിലരും ഉള്‍പ്പെടെ പങ്കെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കു സമീപം എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷപ്പില്‍ ആദ്യകുടുംബം താമസം തുടങ്ങി. ചൂരല്‍മല സ്കൂള്‍ റോഡ് വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പില്‍ ഒന്നാം സോണിലെ ഡി ക്ലസ്റ്ററില്‍ 38-ാം നമ്പര്‍ വീട്ടില്‍ താമസമാരംഭിച്ചത്. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു ഗൃഹപ്രവേശം.
ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുകുടുംബങ്ങളും ടൗണ്‍ഷിപ്പില്‍ സമീപ ദിവസങ്ങളില്‍ താമസം ആരംഭിക്കും. 178 ഗുണഭോക്താക്കളാണ് ആദ്യഘട്ടം പട്ടികയിലുള്ളത്. ചൂരല്‍മല ഹൈസ്കൂള്‍ റോഡിലുണ്ടായിരുന്ന വിജയന്റെ വീട് ഉരുള്‍ ദുരന്തത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
ടൗണ്‍ഷിപ്പില്‍ കുടുംബത്തിന് ഇനി പുതിയ ജീവിതം. വിജയന്, ഭാര്യ ലാലു, മകന് സ്മിജിത്ത്, ഭാര്യ സജിത എന്നിവരും മൂന്നു കുട്ടികളുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ഗൃഹപ്രവേശച്ചടങ്ങില്‍ വിജയന്റെ ബന്ധുമിത്രാദികള്‍ക്കു പുറമേ മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന്,
മുന്‍ മന്ത്രി ഒ.ആര്. കേളു, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.ആര് ജിതിന്, സെക്രട്ടറി കെ.എം. ഫ്രാന്‍സിസ്, സിപിഎം കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗൃഹനാഥനെ വീഡിയോ കാള്‍ ചെയ്ത് ആശംസ നേര്‍ന്നു. വയനാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ കുടുംബത്തെ സന്ദര്‍ശിച്ചു. ലാലുവാണ് പുതിയ വീട്ടില്‍ അടുപ്പുകത്തിച്ച് പാല് കാച്ചിയത്. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് കേക്ക് മുറിച്ചു.
ടൗണ്‍ഷിപ്പില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി 159 വീടുകളുടെ കൈമാറ്റം ഇതിനകം നടത്തിയിട്ടുണ്ട്. ബാക്കി വീടുകള്‍ വൈകാതെ കൈമാറും. ടൗണ്‍ഷിപ്പില്‍ ഒന്നിച്ചുതാമസം തുടങ്ങണമെന്ന നിലപാടിലായിരുന്നു പ്രഥമഘട്ടം പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍. ഇതിനിടെയാണ് ഒരു കുടുംബം താമസം ആരംഭിച്ചത്.
2025 മാര്‍ച്ച് 27നായിരുന്നു ടൗണ്‍ഷിപ് ശിലാസ്ഥാപനം. ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പുനരധിവാസ പദ്ധതിക്ക് 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ര് ഭൂമി ഏറ്റെടുത്തത്. ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്നത്.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ കോട്ടത്തറ വാളലില്‍ കുടുംബാംഗങ്ങൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം.
ലീഗല്‍ മെട്രോളജി വയനാട് അസിസ്റ്റന്റ് കണ്ട്രോളര് പി. ഫിറോസാണ്(43) മരിച്ചത്. ഭാര്യ ജസ്ന, മക്കളായ അന്‍സിയ, അഷിന്‍ റെയ്ഹാന് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കൽപ്പറ്റ: ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെനിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
Kerala
സുൽത്താൻ ബത്തേരി: കാടിറങ്ങിയ കാട്ടാനകളെ തുരത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. നായ്ക്കെട്ടി, മൂലവയൽ, വെളുതൊണ്ടി തുടങ്ങിയ ഭാഗങ്ങളിൽ സോളാർ വേലികൾ തകർത്ത് കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താനാണ് നീക്കം.
ഇതിന്റെ ഭാഗമായി മുത്തങ്ങ ആനപ്പന്തിയിലെ ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാനയെ സ്ഥലത്തെത്തിച്ചു. ജനവാസ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള ആനക്കൂട്ടത്തെ കുങ്കിയാനകളുടെ സഹായത്തോടെ ഉൾവനത്തിലേക്ക് തുരത്താനാണ് വനംവകുപ്പിന്റെ പദ്ധതി.
മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ ടി.ടി.നസ്ന, നായ്ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പ്രദീപ് കുമാർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് വനപാലകരുടെ തീരുമാനം.
Kerala
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്കു മുന്‍ഗണന നല്കുമെന്നു കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി.
ഇരിക്കൂറിലോ?
കെസി സംസ്ഥാന ഭരണത്തിന്റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍, ഇരിക്കൂറില്‍ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്ലിം ലീഗിനും വേരോട്ടമുണ്ട്.
ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്.
മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്‍ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര് സംഘടിതമായി തിരിഞ്ഞു കുത്തുമോയെന്ന ആശങ്ക ചില കേന്ദ്രങ്ങൾക്കുണ്ട്. ഈ സാഹചര്യമാണ് അദ്ദേഹം കുറെക്കൂടി സുരക്ഷിതമായ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്.
കൽപ്പറ്റ സുരക്ഷിതം
കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ മണ്ഡലം നിയുക്ത എംഎല്‍എ.
തെരഞ്ഞെടുപ്പില്‍ 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്റെ മേല്‍ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്സഭയില്‍ പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കല്‍പ്പറ്റ.
സംസ്ഥാനത്തു കെസിയുടെ വിശ്വസ്തരില്‍ ഒരാളാണ് സിദ്ദിഖ് എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തു കെസി നിര്‍ദേശിച്ചാല്‍ മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ കുറവല്ല.
മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള്‍ ജില്ലയില്‍ വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള്‍ നടന്നില്ല എന്നതും ശ്രദ്ധേയം. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കുകയും ചെയ്യുന്നത് വയനാടിനു പൊതുവെ ഗുണമാകുമെന്നു ചിന്തിക്കുന്നവരും നിരവധിയാണ്.
Kerala
കൽപ്പറ്റ: ആദ്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് തേരോട്ടം. യുഡിഎഫ് അനുകൂല ജില്ലയെന്ന് പേരുകേട്ട വയനാട്ടിൽ മുൻതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഷ്ടപ്പെട്ട മാനന്തവാടിയും തിരിച്ചുപിടിച്ചാണ് യുഡിഎഫ് മുന്നേറ്റം.
മാനന്തവാടിയിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ വിജയിച്ചത്. 10,543 വോട്ടിന്റെ ലീഡ് നേടിയാണ് ഉഷ വിജയൻ കന്നിയങ്കത്തിൽ വിജയം നേടിയത്.
സിറ്റിംഗ് എഎംൽഎ ആയിരുന്ന ടി. സിദ്ദിഖ് കൽപ്പറ്റയിൽ നേടിയത് മികച്ച വിജയം.
45,031 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് പ്രതിസന്ധികളെയും കളിയാക്കലുകളെയും അതിജീവിച്ച് സിദ്ദിഖ് നേടിയത്. എൽഡിഎഫിലെ ആർജെഡി സ്ഥാനാർഥി എ.പി. അനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്.
സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണനായിരുന്നു ഇത്തവണയും സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി. 16,597 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്. മുൻ കോണ്‍ഗ്രസ് നേതാവായിരുന്ന സിപിഎമ്മിലെ എം.എസ്. വിശ്വനാഥനെയാണ് ഐ.സി. ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്.
കൽപ്പറ്റയിൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും വിജയത്തിൽ യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ നേതൃത്വം കരുതിയതിലും വലിയ വിജയമാണ് വയനാട് യുഡിഎഫിന് നൽകിയത്.
District News
മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ വയനാട്ടുകാർ
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് സാകൂതം കാതോർക്കുന്നതിൽ വേങ്ങര, കൂത്തുപറന്പ് മണ്ഡലങ്ങളിലെ ഫലവും. വയനാട്ടുകാരാണ് ഈ മണ്ഡലങ്ങളിൽ ജനവിധി തേടിയ യുഡിഎഫ് സ്ഥാനാർഥികൾ. വേങ്ങരയിൽ മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച കെ.എം. ഷാജി കണിയാന്പറ്റ സ്വദേശിയാണ്. കളത്തൊടി പരേതനായ ബീരാൻകുട്ടി-ആയിഷ ദന്പതികളുടെ മകനാണ് 55കാരനായ ഇദ്ദേഹം. പുൽപ്പള്ളി ഇരുളം ഇരുളത്ത് രാജന്റെ ഭാര്യയാണ് കൂത്തുപറന്പിൽ മത്സരിക്കാൻ മുസ്ലിംലീഗ് നിയോഗിച്ച ജയന്തി രാജൻ. പുൽപ്പള്ളി ചീയന്പം തുളസിത്തറയിൽ പരേതരായ രാഘവൻ-തങ്കമ്മ ദന്പതികളുടെ മകളാണ് ഇവർ. നിലവിൽ മുസ്ലിംലീഗ് ദേശീയ അസി.സെക്രട്ടറിയാണ്.
യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഷാജി ഇപ്പോൾ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. അഞ്ചാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2006ൽ കൊല്ലം ജില്ലയിലെ ഇരവിപുരത്തായിരുന്നു കന്നി അങ്കം. തെരഞ്ഞെടുപ്പിൽ ആർഎസ്പിയിലെ എ.എ. അസീസിനോട് 20,045 വോട്ടിന് തോറ്റു. 2011ൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച ഷാജി 493 വോട്ടിന് സിപിഎമ്മിലെ എം. പ്രകാശൻ മാസ്റ്ററെ വീഴ്ത്തി. 2016ൽ ഇതേ മണ്ഡലത്തിൽ സിപിഎമ്മിലെ എം.വി. നികേഷ്കുമാറിനെ 2,287 വോട്ടിന് പരാജയപ്പെടുത്തി. 2021ൽ അഴിക്കോട് മത്സരിച്ച ഷാജി 6,141 വോട്ടിന് സിപിഎമ്മിലെ കെ.വി. സുമേഷിനോട് പരാജയപ്പെട്ടു.
ഇക്കുറി ഷുവർ സീറ്റായി മുസ്ലിം ലീഗും യുഡിഎഫും എണ്ണുന്നതാണ് വേങ്ങര മണ്ഡലം. ഷാജിയെ കാസർഗോഡ് മത്സരിപ്പിക്കാനായിരുന്നു തുടക്കത്തിൽ മുസ്ലിംലീഗ് തീരുമാനം. ഷാജി ആവശ്യപ്പെട്ടതും ഇതേ മണ്ഡലമാണ്. എന്നാൽ പിന്നീട് വേങ്ങരയിൽ ടിക്കറ്റ് നൽകുകയായിരുന്നു. മണ്ഡലത്തിൽ ജയിക്കുകയും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ മന്ത്രിസഭയിൽ ഷാജിക്ക് ഇടം ഉണ്ടാകുമെന്നാണ് മുസ്ലിംലീഗ് വൃത്തങ്ങൾ നൽകുന്ന സൂചന. സബാഹ് കുണ്ടുപുഴയ്ക്കലാണ് വേങ്ങരയിൽ ഷാജിയെ നേരിടുന്നതിൽ പ്രധാനി.
കോണ്‍ഗ്രസ് കുടുംബാംഗമായിരുന്ന ജയന്തി രാജൻ 2010ലെ തദ്ദേശ തെരഞ്ഞടുപ്പുകാലത്താണ് മുസ്ലിം ലീഗിലെത്തിയത്. പൂതാടി പഞ്ചായത്തിലെ ഇരുളം വാർഡിൽ കോണി ചിഹ്നത്തിൽ വിജയിച്ച ജയന്തി പിന്നീട് ദളിത് ലീഗ്, വനിതാലീഗ്, മുസ്ലിംലീഗ് എന്നിവയിൽ സജീവമാകുകയായിരുന്നു. വനിതാലീഗ് ദേശീയ സെക്രട്ടറിയായിരുന്നു. 47കാരിയായ ജയന്തി ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചത്. കൂത്തുപറന്പിൽ ആർജെഡിയിലെ പി.കെ. പ്രവീണാണ് ജയന്തിയുടെ മുഖ്യ എതിരാളി. ഇടതു മുന്നണിയും ആർജെഡിയും അവരുടേതെന്ന് ഉറപ്പിച്ച മണ്ഡലമാണ് കൂത്തുപറന്പ്. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് എക്സിറ്റ് പോൾ പ്രവചനങ്ങളും.
എന്നാൽ മണ്ഡലത്തിൽ ജയന്തി രാജന് സാധ്യത കൽപ്പിക്കുന്നവർ മുസ്ലിംലീഗിലും കോണ്‍ഗ്രസിലുമുണ്ട്. ഇതിൽ കാന്പുണ്ടോയെന്നതിൽ ഇന്ന് വോട്ടെണ്ണുന്നതോടെ വ്യക്തതയാകും.
Kerala
തിരുവനന്തപുരം: വയനാടിനെ വിറപ്പിച്ച പെൺകടുവ തിരുവനന്തപുരം മൃഗശാലയിൽ ചത്തു.
ജനവാസ മേഖലയിൽ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയിൽനിന്ന് പിടികൂടിയ പെൺ കടുവയാണ് ഇന്നലെ രാവിലെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത്.
ഏകദേശം പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്ടപെട്ട അവസ്ഥയിൽ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു.
ന്യുമോണിയ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കരൾരോഗബാധ നേരത്തെത്തന്നെ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നില്ലായിരുന്നു.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുഫലം തിങ്കളാഴ്ച അറിയാനിരിക്കേ തീപിടിച്ച് വയനാട്ടിലെ എല്‍ഡിഎഫ്, യുഡിഎഫ് പാളയങ്ങള്‍. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കാറ്റ് ഏത് മുന്നണിക്ക് അനുകൂലമായി വീശിയെന്ന് അറിയാനുള്ള ഉത്കണ്ഠ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും നിര്‍ത്തുന്നത് മുള്‍മുനയില്‍. സംസ്ഥാനത്ത് തുടര്‍ഭരണമോ ഭരണമാറ്റമോ എന്ന ചിന്തയും അവരില്‍ തിളച്ചുമറിയുകയാണ്.
എന്നാല്‍ ബിജെപി ക്യാമ്പില്‍ കൂളാണ് അന്തരീക്ഷം. ജില്ലയിലെ ഒരു മണ്ഡലത്തിലും ജയിച്ചുകയറില്ലെന്ന് ഉറപ്പുള്ള എന്‍ഡിഎ നേതാക്കളിലും പ്രവര്ത്തകരിലുമുള്ളത് എത്ര വോട്ട് നേടാനായി എന്നറിയാനുള്ള കൗതുകം. സംസ്ഥാനത്ത് ഏതാനും മണ്ഡലങ്ങളെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമോ എന്ന ജിജ്ഞാസയും അവരിലുണ്ട്.
മാനന്തവാടി, ബത്തേരി(രണ്ടും പട്ടികവര്‍ഗ സംവരണം)കല്‍പ്പറ്റ എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. വാശിയേറിയ മത്സരത്തിനാണ് മൂന്നു മണ്ഡലങ്ങളും വേദിയായത്. മൂന്നിടങ്ങളിലും വിജയദേവത കനിയുമെന്നു കരുതുന്നവര്‍ യുഡിഎഫ് നേതൃ-പ്രവര്‍ത്തക നിരയില്‍ നിരവധി. കല്‍പ്പറ്റയില്‍ മികച്ച ഭൂരിപക്ഷവും അവര്‍ കണക്കുകൂട്ടുന്നുണ്ട്. അതേസമയം മാനന്തവാടി, ബത്തേരി മണ്ഡലങ്ങളെ ശങ്കയോടെ നോക്കിക്കാണുന്നവരും യുഡിഎഫ് ക്യാമ്പിലുണ്ട്. എക്സിറ്റ് പോളുകളില്‍ പലതിലും ജില്ലയില്‍ ഒരു സീറ്റ് എല്‍ഡിഎഫിന് എന്ന മട്ടിലാണ് പ്രവചനം.
കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ്, ആര്‍ജെഡി സംസ്ഥാന സമിതിയംഗം പി.കെ. അനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ എന്നിവരാണ് അങ്കത്തിനിറങ്ങിയ പ്രമുഖര്‍. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്, സിപിഎമ്മിലെ എം.എസ്. വിശ്വനാഥന്, ബിജെപിയിലെ എ.എസ്. കവിത എന്നിവരുടേതാണ് മത്സരരംഗത്ത് തെളിഞ്ഞുനിന്ന മുഖങ്ങള്‍. മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എയും പട്ടികാജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയുമായ സിപിഎമ്മിലെ ഒ.ആര്. കേളു, കോണ്‍ഗ്രസിലെ ഉഷ വിജയന്, ബിജെപിയിലെ പി. ശ്യാംരാജ് എന്നിവരാണ് ഏറ്റുമുട്ടിയത്.
80.35 ശതമാനം പോളിംഗ് നടന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയമാണ് യുഡിഎഫ് സ്വപ്നം കാണുന്നത്. 5,470 വോട്ടായിരുന്നു 2021ലെ തെരഞ്ഞെടുപ്പില്‍ ടി. സിദിഖിന്റെ ഭൂരിപക്ഷം. ഇക്കുറി ഇത് കുറഞ്ഞത് 15,000 വോട്ടായി വര്‍ധിക്കുമെന്നാണ് യുഡിഎഫ് അനുമാനം. തദ്ദേശ തരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 10,682 വോട്ടാണ് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. മണ്ഡലത്തില്‍ സിപിഎം ജില്ലാ നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. അനില്‍കുമാര്‍ ഏകദേശം 2,000 വോട്ടിന് പിന്നിലാകുമെന്നാണ് സിപിഎം കണക്ക്. എന്നാല്‍ അനില്‍കുമാര്‍ ഈ രീതിയിലല്ല ചിന്തിക്കുന്നത്. എല്‍ഡിഎഫ് വോട്ടിനു പുറമേ എസ്ഡിപിഐ വോട്ടില്‍ നല്ലൊരു പങ്കും കാന്തപുരം എപി വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കോണ്‍ഗ്രസ്, ബിജെപി അനുഭാവികളില്‍ ചിലരുടെ സഹായം ലഭിച്ചതായും കരുതുന്ന അദ്ദേഹം തെരഞ്ഞെടുപ്പുഫലം യുഡിഎഫ് വിചാരിക്കുന്ന വിധത്തിലാകില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി മുന്‍ നേതാവാണ് അനില്‍കുമാര്‍.
വോട്ടെണ്ണല്‍ നടക്കാനിരിക്കേ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് മാനന്തവാടിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും. മന്ത്രി കേളുവിനെ വീണ്ടും സഭയിലെത്തിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കേളു തുടര്‍ച്ചായി മൂന്നാം തവണയും മണ്ഡലത്തില്‍ ജയിച്ചുകയറുമെന്നാണ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. എന്നാല്‍ ഇക്കുറി മണ്ഡലം എല്‍ഡിഎഫിന് നഷ്ടമാകുമെന്നതില്‍ യുഡിഎഫില്‍ പൊതുവേ സന്ദേഹമില്ല.
ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലി പഞ്ചായത്തില്‍പോലും കേളുവിന് വോട്ട് കുറയുമെന്ന് അവര്‍ പറയുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിലേതില്നിന്നു വ്യത്യസ്തമായി ഇക്കുറി ഒറ്റക്കെട്ടായാണ് യുഡിഎഫ് മത്സര രംഗത്ത് നിലയുറപ്പിച്ചത്.
2016ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കേളു അന്നത്തെ പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി കോണ്‍ഗ്രസിലെ പി.കെ. ജയലക്ഷ്മിയെയാണ് നേരിട്ടത്. 1,307 വോട്ടിനായിരുന്നു കേളുവിന്റെ വിജയം. 2021ലും കേളു, ജയലക്ഷ്മി മത്സരമാണ് നടന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വിജയഹാസം പൊഴിച്ചത് കേളുവും കൂട്ടരും. 9,282 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇടതുമുന്നണി നേരിയ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് ബത്തേരി. ബിജെപി സ്ഥാനാര്‍ഥി 25,000ല്‍ പരം വോട്ട് നേടിയാല്‍ വിജയം എല്ഡിഎഫിനൊപ്പമാകുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പറയുന്നു. മണ്ഡലം തെരഞ്ഞെുപ്പ് കമ്മിറ്റി ചെയര്‍മാനാണ് ദേവസ്യ. എന്നാല്‍ ഐ.സി. ബാലകൃഷ്ണന് തുടര്‍ച്ചയായായി നാലാംതവണയും നിയമസഭയില്‍ ണ്ഡലത്തെ പ്രതിനിധാനം ചെയ്യുമെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിന്റെ പക്ഷം.
കടുത്ത മത്സരമാണ് ബത്തേരിയില്‍ നടന്നത്. സിപിഎം ടിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടിയ എം.എസ്. വിശ്വനാഥന് കെപിസിസി മുന്‍ സെക്രട്ടറിയാണ്. പാര്‍ട്ടി പദവി രാജിവച്ചാണ് അദ്ദേഹം 2021ല്‍ മണ്ഡലത്തില്‍ ബാലകൃഷ്ണനെ നേരിട്ടത്. 2021ല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 81,077 വോട്ട് നേടിയാണ് ബാലകൃഷ്ണന് സഭയിലെത്തിയത്.
വിശ്വനാഥന് 69,255 ഉം എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനുവിന് 15,198 ഉം വോട്ടാണ് ലഭിച്ചത്. ഇക്കുറി ബാലകൃഷ്ണന് സുഖകരമല്ലാത്ത ചില സാഹചര്യങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. പ്രചാരണവേളയില്‍ അദ്ദേഹം അതെല്ലാം പരിഹരിച്ചുവെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മാര്‍ജിന്‍ കുറഞ്ഞാലും ബാലകൃഷ്ണന് കരകയറുമെന്നാണ് അവരുടെ അനുമാനം.
Kerala
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്.
എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞദിവസം ഏഴ് വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു.
അതേസമയം ടൗൺഷിപ്പിലെ 178 വീടും ഇന്ന് കിഫ് കോണിന് പരിശോധനയ്ക്കായി ഊരാളുങ്കൽ കൈമാറി. എല്ലാ സജീകരണങ്ങളും ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് നൽകുന്നതെന്നാണ് ഊരാളുങ്കലിന്റെ വിശദീകരണം.
Kerala
വയനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അധ്യാപകൻ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസൽ(34) ആണ് പിടിയിലായത്.
താത്കാലിക അധ്യാപകനാണ് പിടിയിലായ ഫൈസൽ. തൊണ്ടര്‍നാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. 2026 ഏപ്രിലിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
സംഭവം പുറത്തുപറഞ്ഞാൽ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.
Kerala
കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നടന്ന എട്ടോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ. ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാർ (38), താമരശേരി അമ്പായത്തോട് സ്വദേശി ജയിംസ്(57) എന്നിവരാണ് പിടിയിലായത്.
50ൽ അധികം മോഷണ കേസുകളിലെ പ്രതിയായ ഡോളർ അനിയുടെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്. കോഴിക്കോട് അഴകൊടിയിൽ സൈബർ ഫോറൻസിക് വിദഗ്ധന്റെ വീട്ടിൽ നടത്തിയ മോഷണത്തിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.
മാർച്ച് 24ന് ആയിരുന്നു ഡോളർ അനി സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടിൽനിന്ന് 20 പവനോളം സ്വർണം കവർന്നത്. വീട്ടുകാർ യാത്രപോയ സമയം നോക്കി വീടിന്റെ മുൻവാതിൽ പൊളിച്ചായിരുന്നു മോഷണം.
മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് ജയിംസ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും സഹായത്തോടെ പ്രതി ഡോളർ അനിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇയാൾക്കായി കർണാടകയിലും തമിഴ്നാട്ടിലും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തമിഴ്നാട്ടിലെ കമ്പത്ത് ഒളിവിലുണ്ടെന്ന് മനസിലാക്കി പോലീസ് അവിടെ എത്തിയപ്പോഴേക്കും തമിഴ്നാട് പോലീസ് മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയതോടെ ഇയാൾ അവിടെ നിന്നും മുങ്ങി. തുടർന്ന് തേനിയിൽ നിന്നാണ് പ്രതിയെ കേരള പോലീസ് പിടികൂടിയത്.
Kerala
തിരുവനന്തപുരം: വയനാട്ടിൽ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള വീട് നിർമിച്ച് നൽകിയതിൽ മുസ്ലിം ലീഗിന് അഭിനന്ദനങ്ങളുമായി ബിനീഷ് കോടിയേരി. മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമത്തോടുമുള്ള ഐക്യദാർഢ്യം കമ്യുണിസ്റ്റുകാരന്റെ ശൈലിയാണെന്ന് ബിനീഷ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ ആയിരുന്നു ബിനീഷ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. ദുരന്തം അതിജീവിച്ചവർക്ക് വീട് നിർമിച്ച് നൽകിയതിലാണ് ബിനീഷ് കോടിയേരി അഭിനന്ദനം അറിച്ചത്. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ കാണിച്ച വലിയ മനസിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ എന്നായിരുന്നു ബിനീഷ് കുറിച്ചത്.
ദുരന്തബാധിതര്‍ക്ക് വീട് നിർമിച്ച് നൽകിയ മുസ്ലിം ലീഗിനെ അഭിനന്ദിച്ച ബിനീഷ് കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു. വീടെവിടെ കോൺഗ്രസേ എന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസിനെ വിമർശിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമ്മത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നതാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശൈലി. വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി മുസ്ലിം ലീഗ് ഏറ്റെടുത്ത ഈ ഉദ്യമം പൂർണ്ണ വിജയത്തിൽ എത്തിയതിൽ ഏറെ സന്തോഷം.
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം, കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ നിങ്ങൾ കാണിച്ച ഈ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നിൽക്കുന്നു വീടെവിടെ കോൺഗ്രെസ്സെ.