വഡോദരയിലെ ഛാനിയിലുള്ള റെഡ് റോസ് ഹോട്ടലിൽ തങ്ങിയ വനിതാ അതിഥിയുടെ അനുവാദമില്ലാതെ ജീവനക്കാർ പൂട്ടിയിട്ടിരുന്ന മുറിയിൽ പ്രവേശിച്ചതായി പരാതി.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പുറത്തുപോയ സമയത്ത് മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നതിനെ തുടർന്ന് തനിക്കുണ്ടായ ദുരനുഭവം യുവതി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
മുറിയിൽ തിരിച്ചെത്തിയപ്പോൾ അസാധാരണമായ ദുർഗന്ധവും വ്യത്യാസങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആരോ അകത്തുകയറിയതായി സംശയം തോന്നിയതും തുടർന്ന് ഹോട്ടൽ അധികൃതരെ ചോദ്യം ചെയ്തതും.
മഴവെള്ളം ഉള്ളിലേക്ക് കയറി വസ്തുവകകൾ നശിക്കാതിരിക്കാനാണ് അടിയന്തരമായി മുറി തുറന്നതെന്നും, അതിഥിയെ മുൻകൂട്ടി വിവരമറിയിക്കാത്തത് വീഴ്ചയാണെന്നും ഹോട്ടൽ മാനേജ്മെന്റ് സമ്മതിച്ചെങ്കിലും ഈ വിശദീകരണം യുവതി തള്ളി.
അടിയന്തര സാഹചര്യത്തിൽപോലും ഫോണിൽ വിളിച്ച് അനുവാദം ചോദിക്കാതിരുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അവർ വ്യക്തമാക്കി.
സംഭവം ചർച്ചയായതോടെ, മുൻകൂട്ടി അറിയിക്കാതെ ഹോട്ടൽ മുറികളിൽ പ്രവേശിക്കുന്നതിനെതിരെയും അതിഥികളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Tags : VadodaraNews HotelRedRoss HotelPrivacy GuestSafety MasterKeyControversy