അമേരിക്കയിലെ ഒറിഗോണിൽ ശക്തമായ വേലിയേറ്റത്തിനിടെയുണ്ടായ ഭീമൻ തിരമാലകളിൽപ്പെട്ട് യുവാവും വളർത്തുനായയും കടലിലേക്ക് ഒലിച്ചുപോയി. കാനൺ ബീച്ചിലെ ഇക്കോള ക്രീക്കിന് സമീപമുണ്ടായ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പൊലിസ് പുറത്തുവിട്ടതോടെ തീരദേശ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്. തിരമാലകളുടെ ശക്തിയിൽ കടലിലേക്ക് വലിച്ചെറിയപ്പെട്ടെങ്കിലും, ഇരുവരും പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി നീന്തി കരയ്ക്ക് കയറി.
അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, രാവിലെ 8:50-ഓടെ ടൊളോവാന വേസൈഡിന് തെക്ക് ഭാഗത്തുള്ള ബീച്ചിലൂടെ ഇയാൾ വാഹനമോടിക്കുന്നത് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വേലിയേറ്റം അടുത്തുനിന്ന് കാണാനാണ് എത്തിയതെന്നാണ് ചോദ്യം ചെയ്തപ്പോൾ ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കടൽ പ്രക്ഷുബ്ധമാണെന്നും അപകടസാധ്യതയുണ്ടെന്നും പൊലിസ് മുന്നറിയിപ്പ് നൽകുകയും, അനധികൃതമായി തീരത്തിലൂടെ വാഹനമോടിച്ചതിന് പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ഇയാൾ വീണ്ടും ബീച്ചിൽ തുടർന്നതാണ് അപകടത്തിന് കാരണമായത്. മണിക്കൂറുകൾക്ക് ശേഷം യുവാവും നായയും തിരമാലയിൽപ്പെട്ടെന്ന വിവരത്തെത്തുടർന്ന് പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു.
യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോയിൽ, നായയുടെ തുടലിൽ പിടിച്ച് തീരത്ത് നിൽക്കുന്ന യുവാവിനെയാണ് കാണുന്നത്. പെട്ടെന്ന് ആഞ്ഞടിച്ച ശക്തമായ തിരമാലയിൽ നായ കടലിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. തിരമാല തനിക്ക് നേരെ വരുന്നത് കണ്ട് യുവാവ് തുടൽ വിടുകയും അടുത്തുള്ള പടിക്കെട്ടിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ തിരയുടെ ശക്തിയിൽ ഇയാളും കടലിലേക്ക് വീഴുകയായിരുന്നു. ഭാഗ്യവശാൽ, ഇരുവർക്കും മറ്റൊരു പടിക്കെട്ടിന് സമീപത്തേക്ക് നീന്തിയെത്താനും കരയിലേക്ക് കയറാനും സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തിന് പിന്നാലെ, വേലിയേറ്റ സമയങ്ങളിൽ സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് മാത്രമേ കടൽ കാണാവൂ എന്നും കാനൺ ബീച്ച് പൊലിസ് കർശന നിർദ്ദേശം നൽകി. ബീച്ചിലേക്കുള്ള പടിക്കെട്ടുകളിൽ നിൽക്കുന്നത് പോലും സുരക്ഷിതമല്ലെന്നും, ഒരിക്കലും കടലിന് പുറംതിരിഞ്ഞു നിൽക്കരുതെന്നും പൊലിസ് ഓർമ്മിപ്പിക്കുന്നു. വളർത്തുമൃഗങ്ങളെ വെള്ളത്തിന് അടുത്തേക്ക് വിടരുതെന്നും, ശക്തമായ തിരയിൽ ഒഴുകി വന്ന് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ തീരത്തടിഞ്ഞുകൂടിയ മരത്തടികൾക്ക് സമീപം നിൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി. വേലിയേറ്റം പ്രകൃതിയുടെ മനോഹരമായ പ്രതിഭാസമാണെങ്കിലും ഒരു ഫോട്ടോയ്ക്കോ വീഡിയോയ്ക്കോ വേണ്ടി സ്വന്തം ജീവനോ, വളർത്തുമൃഗങ്ങളുടെ ജീവനോ, രക്ഷാപ്രവർത്തനത്തിന് എത്തുന്നവരുടെ ജീവനോ അപകടത്തിലാക്കരുതെന്ന് പൊലിസ് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
A video shared by the Cannon Beach Police Department shows a man and his dog being swept into the surf by a powerful wave while watching king tides near Cannon Beach, Oregon. Police said luckily both managed to escape without injury. #LiveonKVAL #LocalNews #OregonCoast https://t.co/Rl7YUkdZFy
— KVAL News (@KVALnews) November 24, 2026
Tags : OceanSafety KingTide CannonBeach OregonCoast BeachWarning CoastalHazards