എഐ ചിത്രം
വിവാഹം, വിനോദയാത്രകൾ, പുതിയ വീട് വാങ്ങൽ തുടങ്ങി ജീവിതത്തിലെ സുപ്രധാനമായ എല്ലാ കാര്യങ്ങളും മാസങ്ങൾക്ക് മുൻപേ കൃത്യമായി ആസൂത്രണം ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, സ്വന്തം മരണാനന്തര ചടങ്ങുകളെക്കുറിച്ച് മുൻകൂട്ടി ചിന്തിക്കുന്നവരും അതിനായി തയ്യാറെടുപ്പുകൾ നടത്തുന്നവരും വളരെ വിരളമായിരിക്കും. കാലങ്ങളായി തുടരുന്ന ഈ പതിവ് രീതികൾക്ക് മാറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മോക്ഷ് വോയേജ്' എന്ന സ്റ്റാർട്ടപ്പ്. ഒരാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം അന്ത്യകർമ്മങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ക്രമീകരിക്കാനുമുള്ള വ്യത്യസ്തമായ സൗകര്യമാണ് 'നമോ ഗംഗ വെൽനെസ് പ്രൈവറ്റ് ലിമിറ്റഡിന്' കീഴിലുള്ള ഈ സംരംഭം ഒരുക്കുന്നത്. ഉറ്റവരുടെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബാംഗങ്ങൾക്ക്, ആ ദുഃഖസമയത്ത് ചടങ്ങുകൾക്കായുള്ള ഓട്ടപ്പാച്ചിലുകളും മാനസിക സമ്മർദ്ദവും ഒഴിവാക്കി നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹൈന്ദവ ആചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾക്ക് ആവശ്യമായ സകല കാര്യങ്ങളും ഇവരുടെ വിവിധ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം വഹിക്കാനുള്ള ആളുകൾ, ശ്മശാനത്തിലേക്കുള്ള പ്രത്യേക വാഹനം, ചടങ്ങുകൾക്ക് ആവശ്യമായ പൂക്കൾ, വിറക്, മറ്റ് പൂജാ സാധനങ്ങൾ, കർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ പുരോഹിതൻ എന്നിവയെല്ലാം കമ്പനി തന്നെ നേരിട്ട് ഏർപ്പാടാക്കും. ഇതിനുപുറമെ, ചിതാഭസ്മം ശേഖരിക്കുന്നതിനും അസ്ഥി നിമജ്ജനം ചെയ്യുന്നതിനുമായി പ്രത്യേക കടവുകളും ബോട്ടുകളും സജ്ജീകരിച്ചു നൽകാനും ശ്രാദ്ധം ഉൾപ്പെടെയുള്ള മരണാനന്തര ചടങ്ങുകൾ നടത്താനും ഇവർ സഹായിക്കുന്നു. തിരഞ്ഞെടുക്കുന്ന സേവനങ്ങൾക്കും ചടങ്ങുകൾക്കും അനുസരിച്ച് ഏകദേശം 6000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് വിവിധ പാക്കേജുകളുടെ നിരക്ക്. അവസാന നിമിഷം ബന്ധുക്കൾക്ക് തീരുമാനങ്ങളെടുക്കാനുള്ള ബുദ്ധിമുട്ടും ആശയക്കുഴപ്പവും ഒഴിവാക്കാൻ ഈ മുൻകൂർ ആസൂത്രണം സഹായിക്കുന്നു.
നിലവിൽ ഡൽഹി-എൻസിആർ മേഖലയിലും മറ്റ് ചില പ്രധാന ഇന്ത്യൻ നഗരങ്ങളിലുമാണ് മോക്ഷ് വോയേജിന്റെ സേവനം ലഭ്യമായിട്ടുള്ളത്. ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിലും ഇവർ തങ്ങളുടെ ഈ വേറിട്ട ആശയം അവതരിപ്പിച്ചിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വിയോഗവേളയിൽ കുടുംബങ്ങൾക്ക് താങ്ങാകുന്ന ഈ സംരംഭത്തിലേക്ക് കടന്നതെന്ന് സ്റ്റാർട്ടപ്പ് വ്യക്തമാക്കുന്നു. അതേസമയം, ഈ പുതിയ ആശയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ താമസിക്കുന്നവർക്കും ദുഃഖസമയത്ത് കാര്യങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത കുടുംബങ്ങൾക്കും ഇത് വലിയൊരു ആശ്വാസമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇനി മരിക്കുന്നതിനെക്കുറിച്ച് തനിക്ക് പേടിയില്ലെന്നും, ചുമലിലേറ്റാൻ നാല് ആളുകളെ ഉറപ്പായും കിട്ടുമല്ലോ എന്നുമുള്ള രസകരമായ പ്രതികരണങ്ങളും സൈബർ ലോകത്ത് നിറയുന്നുണ്ട്.
A STARTUP THAT PLANS YOUR FINAL GOODBYE ? Imagine booking your own funeral while you are still alive. Sounds like a joke, but a Delhi startup is actually offering this service. From making arrangements to handling the final rituals, they take care of almost everything. And wait till you hear the package price.?...1/2
— btc_misthi (@misthid3x) November 26, 2026
Tags : StartupIndia MokshVoyage DelhiStartup FuneralPlanning EndOfLifePlanning IndianStartups