അമേരിക്കയിലെ ഷിക്കാഗോയിലുള്ള ഫുൾട്ടൺ മാർക്കറ്റിൽ പട്ടാപ്പകൽ നടന്ന ഭീതിജനകമായ ഒരു കവർച്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിക്കുകയാണ്.
തിരക്കേറിയ നഗരമധ്യത്തിൽ, സായുധരായ രണ്ട് അക്രമികൾ ചേർന്ന് 49 വയസുകാരനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നോർത്ത് പിയോറിയ സ്ട്രീറ്റിലെ 200 ബ്ലോക്കിലാണ് സംഭവം നടന്നത്.
മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ ഇരയെ നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുകയും ഒരാൾ ഇരയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുമ്പോൾ മറ്റേയാൾ വിലപ്പെട്ട വസ്തുക്കൾ തട്ടിയെടുക്കുകയുമായിരുന്നു.
ഈ സംഭവത്തിൽ ആളുകളെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് അക്രമികൾ എത്തിയ രീതിയാണ്. സാധാരണ കവർച്ചക്കാരിൽ നിന്ന് വ്യത്യസ്തമായി, അതിസമ്പന്നർ ഉപയോഗിക്കുന്ന റേഞ്ച് റോവർ കാറിലെത്തിയ പ്രതികൾ ഒരേപോലെയുള്ള ഗ്രേ ട്രാക്ക് സ്യൂട്ടുകളാണ് ധരിച്ചിരുന്നത്.
ഇത്രയും തിരക്കുള്ള ഒരിടത്ത്, പകൽ വെളിച്ചത്തിൽ ഇത്രയും ആത്മവിശ്വാസത്തോടെ കവർച്ച നടത്താൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.
ഇത് സിനിമകളിലെ 'ഗോതം സിറ്റി'ക്ക് സമാനമായ അവസ്ഥയാണെന്ന് പലരും പരിഹസിക്കുമ്പോൾ, റേഞ്ച് റോവർ കാറുള്ളവർ എന്തിനാണ് മറ്റൊരാളെ കൊള്ളയടിക്കുന്നത് എന്ന അത്ഭുതവും ചിലർ പങ്കുവെക്കുന്നുണ്ട്.
ആഡംബര മേഖലയായി അറിയപ്പെടുന്ന ഫുൾട്ടൺ മാർക്കറ്റിൽ സുരക്ഷാ വീഴ്ചകൾ പതിവാകുന്നത് പ്രദേശവാസികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പ്രദേശത്ത് പോലീസ് സാന്നിധ്യം വർധിപ്പിക്കണമെന്നും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയിട്ടുണ്ട്.
ഈ സംഭവത്തെ ഒരു ഒറ്റപ്പെട്ട അക്രമമായിട്ടാണ് അധികൃതർ കാണുന്നതെങ്കിലും, വർധിച്ചു വരുന്ന ഇത്തരം കുറ്റകൃത്യങ്ങൾ നഗരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ ചോദ്യം ചെയ്യുന്നു.
27-ാം വാർഡ് ആൽഡർമാൻ വാൾട്ടർ ബർണറ്റ് വിഷയത്തിൽ ഇടപെടുകയും മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. പ്രതികൾക്കായി ഷിക്കാഗോ പോലീസ് ഊർജിതമായ തിരച്ചിൽ തുടരുകയാണ്.
Fulton Market (West Loop) today. Broad daylight
— Landon (@landon20s) February 13, 2026
This area needs more police presence pic.twitter.com/LQWla1J3hJ
Tags : BreakingNews CrimeUpdate ChicagoCrime FultonMarket ArmedRobbery