രുചികരമായ ബർഗർ കണ്ടാൽ വായയിൽ വെള്ളമൂറാത്ത ഭക്ഷണപ്രിയർ ചുരുക്കമാണ്. എന്നാൽ കണ്ടാൽത്തന്നെ കണ്ണുതള്ളിപ്പോകുന്ന തരത്തിലുള്ള ഒരു കൂറ്റൻ ബർഗറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദുബായിലെ ബോസ്മാൻസ് ബർഗർ ഫാക്ടറിയാണ് ഭക്ഷണപ്രേമികളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് അഞ്ച് കിലോ ഭാരമുള്ള ഭീമൻ ബർഗർ ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് ലോകമെമ്പാടുമുള്ള കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒരു റെസ്റ്റോറന്റ് ജീവനക്കാരി വളരെ പ്രയാസപ്പെട്ട് മേശപ്പുറത്തേക്ക് എത്തിക്കുന്ന ബർഗറിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കട്ടിയുള്ള ബണ്ണുകൾക്കും മസാല നിറഞ്ഞ പാറ്റിക്കുമൊപ്പം നടുവിലായി വച്ചിരിക്കുന്ന ക്രിസ്പി ഫ്രൈസും രണ്ട് കത്തികളും ബർഗറിന് വേറിട്ട ലുക്ക് നൽകുന്നു.
മേശപ്പുറത്ത് വച്ച ശേഷം ഉരുകിയ ചീസ് ഇതിന് മുകളിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അതിനുശേഷവും ഒരു വലിയ കഷ്ണം ചീസ് എടുത്ത് ബർഗറിന് മുകളിലേക്ക് സമൃദ്ധമായി ഗ്രേറ്റ് ചെയ്തു വീഴ്ത്തുന്നുണ്ട്.
പൂർണമായും ചീസിൽ മുങ്ങിയ ബർഗറിനെ പിന്നീട് വലിയൊരു കട്ടർ ഉപയോഗിച്ച് നാല് കഷ്ണങ്ങളായി മുറിക്കുകയും, അതിൽ നിന്നൊരു ഭാഗം എടുത്ത് കഴിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വീഡിയോ അവസാനിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി ആളുകളാണ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇതിൽ എത്ര കലോറി ഉണ്ടാകുമെന്നും, കഴിച്ചാൽ ഹൃദയാഘാതം ഉറപ്പാണെന്നും ചിലർ തമാശരൂപേണ കുറിച്ചു.
വർക്കൗട്ടിന് തൊട്ടുമുമ്പ് കഴിക്കാൻ പറ്റിയ ഭക്ഷണമാണിതെന്നും, ഇതിനൊപ്പം ഒരു ഡയറ്റ് കോക്ക് കൂടി ഓർഡർ ചെയ്യണമെന്നും കമന്റുകളിൽ കാണാം.
ബർഗറിന്റെ നടുവിലെത്താൻ ദിവസങ്ങളോളം ബണ്ണ് തിന്നുതീർക്കേണ്ടി വരുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ദുബായിൽ എത്തുമ്പോൾ തീർച്ചയായും ഇത് പരീക്ഷിക്കുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും നിലപാട്.
ഒറ്റയ്ക്ക് കഴിച്ച് തീർക്കാൻ പ്രയാസമുള്ള ഈ ഭീമൻ ബർഗർ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണോ എന്നാണ് വീഡിയോ കണ്ട പലരും സുഹൃത്തുക്കളോട് ചോദിക്കുന്നത്.
Tags : DubaiFoodie MegaBurger CheeseLovers ViralFood FoodChallenge