സിനിമയിലെ അതിശയിപ്പിക്കുന്ന വേഷവിധാനങ്ങളും അമാനുഷിക ശക്തികളുമുള്ള സൂപ്പർഹീറോകളെ നാം എപ്പോഴും ആരാധിക്കാറുണ്ട്. എന്നാൽ നമ്മുടെ തിരക്കേറിയ തെരുവുകളിൽ ഇരുചക്രവാഹനങ്ങളിൽ ഭക്ഷണപ്പൊതികളും പലചരക്ക് സാധനങ്ങളുമായി പായുന്ന ഒരു പുതിയ സംഘമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഒരു വീഡിയോയിലൂടെയാണ് ഈ ഡെലിവറി റൈഡർമാർ ഇന്‍റർനെറ്റിലെ താരങ്ങളായി മാറിയത്. നമ്മുടെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട പവർ റേഞ്ചേഴ്സ് പരമ്പരയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വളരെ ലളിതവും എന്നാൽ അങ്ങേയറ്റം ക്രിയാത്മകവുമായ ഒരു ആദരമാണ് ഈ യുവാക്കൾ ഒരുക്കിയത്.
രാത്രിയുടെ നിശബ്ദതയിൽ തങ്ങളുടെ വാഹനങ്ങൾക്കൊപ്പം അണിനിരന്ന അഞ്ച് റൈഡർമാർ ഓരോരുത്തരും വ്യത്യസ്ത ബ്രാൻഡുകളെയാണ് പ്രതിനിധീകരിച്ചത്. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ബ്ലിങ്കിറ്റ്, മിൽക്ക്ബാസ്കറ്റ് എന്നീ പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ യൂണിഫോം ധരിച്ച ഇവർ തങ്ങളുടെ രാത്രി ഷിഫ്റ്റിനിടയിൽ പവർ റേഞ്ചേഴ്സിന്‍റെ ഐക്കണിക് പോസുകൾ അനുകരിക്കുകയായിരുന്നു.
'റൈഡർ റേഞ്ചേഴ്സ്' എന്ന പേരിൽ പുറത്തിറങ്ങിയ ഈ വീഡിയോയിൽ തനതായ വിഷ്വൽ ഇഫക്റ്റുകൾ കൂടി ചേർത്തതോടെ കാഴ്ചക്കാർക്ക് അതൊരു വലിയ നൊസ്റ്റാൾജിക് അനുഭവമായി മാറി. വെറുമൊരു വിനോദത്തിനപ്പുറം ഈ വീഡിയോ സമൂഹത്തിൽ വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നത്. ഓരോ ദിവസവും ട്രാഫിക്കിനോടും കാലാവസ്ഥയോടും മല്ലിട്ട് നമ്മുടെ പടിവാതിൽക്കൽ സേവനങ്ങൾ എത്തിക്കുന്ന ഇവരുടെ പ്രയത്നത്തെ ആളുകൾ ആദരവോടെയാണ് നോക്കിക്കാണുന്നത്.
വിശക്കുന്ന സമയത്ത് ഭക്ഷണം എത്തിക്കുന്ന ഇവർ പലർക്കും യഥാർഥ ജീവിതത്തിലെ സൂപ്പർഹീറോകൾ തന്നെയാണെന്ന സത്യം കമന്‍റ് ബോക്സുകളിൽ നിറഞ്ഞു. സ്വിഗി പോലുള്ള വൻകിട കമ്പനികൾ പോലും ഈ വീഡിയോയ്ക്ക് താഴെ ഇവരെ യഥാർഥ പവർ റേഞ്ചേഴ്സ് എന്ന് വിളിച്ച് അഭിനന്ദിച്ചത് ഈ നീക്കത്തിന്‍റെ സ്വാധീനം വ്യക്തമാക്കുന്നു.
ഓർഡർ ചെയ്താൽ പവർ റേഞ്ചേഴ്സിനെ വരെ വീട്ടിലെത്തിക്കുന്ന കാലമായല്ലോ എന്ന് ചിലർ തമാശരൂപേണ കുറിച്ചപ്പോൾ മറ്റു ചിലർ ഈ കൂട്ടായ്മയിൽ മറ്റു ബ്രാൻഡുകളുടെ കുറവ് കൂടി ചൂണ്ടിക്കാട്ടി. എങ്കിലും പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ തങ്ങളുടെ തൊഴിലിനെ ഇത്രത്തോളം അഭിമാനത്തോടെയും സന്തോഷത്തോടെയും അവതരിപ്പിച്ച ഈ റൈഡർമാർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
വെള്ളിത്തിരയിലെ നായകന്മാരെക്കാൾ പലപ്പോഴും നമ്മെ സഹായിക്കുന്നത് ചുറ്റുമുള്ള ഇത്തരം സാധാരണക്കാരായ പോരാളികളാണെന്ന് ഈ കൊച്ചു വീഡിയോ വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇവരോട് മാന്യമായി പെരുമാറേണ്ടതിന്‍റെയും ഇവരുടെ അധ്വാനത്തെ വിലമതിക്കേണ്ടതിന്‍റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഈ വൈറൽ വീഡിയോയ്ക്ക് സാധിച്ചു.
Tags : RiderRangers LocalBoyz ViralVideo TrendingNow InstagramReels